ഭുവനേശ്വര്‍: 187 ഹോം ഗാര്‍ഡ് ഒഴിവില്‍ പരീക്ഷയ്ക്ക് എത്തിയത് 8,000-ത്തിലധികം ഉദ്യോഗാര്‍ഥികള്‍. ഒടുവില്‍ ഇത്രയേറെപ്പേരെ പരീക്ഷയെഴുതിക്കാന്‍ തെരഞ്ഞെടുത്തത് ഉപയോഗശൂന്യമായ ഒരു എയര്‍സ്ട്രിപ്പ്. പരീക്ഷയെഴുതിയത് നിലത്തിരുന്നും!
സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോകളാണ് ഈ ദയനീയ സ്ഥിതി പുറത്തുകൊണ്ടുവന്നത്. ഡിസംബര്‍ 16-ന് സാംബല്‍പൂരിലെ എയര്‍സ്ട്രിപ്പാണ് പരീക്ഷയ്ക്കു വേദിയായത്. പരീക്ഷ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവച്ചു. സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് ആഞ്ഞടിച്ചു. ‘ഇത് ഒരു സിനിമാ രംഗമല്ല, ബി.ജെ.പി ഭരിക്കുന്ന ഒഡീഷയാണ്’ എന്ന കുറിപ്പോടെയായിരുന്നു എക്‌സില്‍ തൃണമൂലിന്റെ കടന്നാക്രമണം.
187 ഹോം ഗാര്‍ഡ് തസ്തികകളിലേക്ക് മത്സരിച്ച ചില ഉദ്യോഗാര്‍ഥികളില്‍ എം.ബി.എ, എം.സി.എ ബിരുദധാരികളുമുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഒഡീഷയിലെ ഹോം ഗാര്‍ഡുകള്‍ക്ക് 639 രൂപ ദിനബത്ത ലഭിക്കുന്നുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ഉദ്യോഗാര്‍ഥികളുടെ എണ്ണം കൂടുതലായതിനാല്‍, സാംബല്‍പൂര്‍ ജില്ലാ പോലീസ് അധികം ഉപയോഗിക്കാത്ത എയര്‍സ്ട്രിപ് എഴുത്തുപരീക്ഷയ്ക്കായി തെരഞ്ഞെടുക്കുകയായിരുന്നു.
രാവിലെ 6 മണിക്ക് റിപ്പോർട്ട് ചെയ്ത ഉദ്യോഗാർത്ഥികളെ 9 മണിയോടെയാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്. ഫലം ഡിസംബർ അവസാന വാരം പ്രതീക്ഷിക്കുന്നു.
പരീക്ഷയ്ക്കായി ജമദർപാലി എയർസ്ട്രിപ്പിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. സംഭൽപൂർ എസ്.പി മുകേഷ് ഭാമുവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരീക്ഷ. 3 അഡീഷണൽ എസ്.പിമാർ, 24 ഇൻസ്പെക്ടർമാർ, 86 സബ് ഇൻസ്പെക്ടർ/അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർ, നൂറിലധികം ഹോം ഗാർഡുകൾ, ട്രാഫിക് ഉദ്യോഗസ്ഥർ എന്നിവരെ വിന്യസിച്ചു. ഡ്രോണുകൾ ഉപയോഗിച്ച് ആകാശ നിരീക്ഷണം ഏർപ്പെടുത്തി.
“പതിനായിരത്തോളം പേർ ഓൺലൈനായി അപേക്ഷിച്ചിരുന്നു, ഏകദേശം എണ്ണായിരത്തോളം പേർ പരീക്ഷയ്ക്ക് ഹാജരായി. ഇവിടുത്തെ തൊഴിലില്ലായ്മയുടെ ആഴമാണ് ഇത് സൂചിപ്പിക്കുന്നത്,” ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
ഒഡീഷയിലെ മറ്റ് റിക്രൂട്ട്‌മെന്റുകളിലും സമാനമായ തിരക്ക് അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ഭുവനേശ്വറിൽ 100 തസ്തികകളിലേക്ക് 15,000 പേരാണ് മത്സരിച്ചത്. ഹോം ഗാർഡ് തസ്തികകളിലേക്ക് പോലും എം.ബി.എ (MBA) ബിരുദധാരികളും എഞ്ചിനീയർമാരും മത്സരിക്കുന്നത് ഒഡീഷയിലെ രൂക്ഷമായ തൊഴിലില്ലായ്മയെയാണ് കാണിക്കുന്നത്. ഖനനത്തെയും കൃഷിയെയും ആശ്രയിച്ചു കഴിയുന്ന സംഭൽപൂരിലെ യുവാക്കൾക്ക് ഇത്തരം തസ്തികകൾ വലിയൊരു പിടിവള്ളിയായി മാറി.




