Crime

‘എന്നെ വിവാഹം കഴിച്ചില്ലെങ്കിൽ ബലാത്സംഗക്കേസ് കൊടുക്കും’ – കാമുകിയെ കൊലപ്പെടുത്തി കാമുകന്‍

പൂന: വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ച കാമുകിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവം പിംപ്രി-ചിഞ്ച്‌വാഡിൽ പുറത്തുവന്നു. ഇവരും വിവാഹിതരും വേറെ കുടുംബമുള്ളവരുമാണ്. കൊല്ലപ്പെട്ട യുവതിയെ ബുധനാഴ്ച കാണാതായിരുന്നു, ശനിയാഴ്ച രാത്രിയാണ് സംഭവം വെളിച്ചത്തുവന്നത്. യുവതിയെ കൊലപ്പെടുത്തിയതിനു പിന്നാലെ തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിക്കാൻ ശ്രമിച്ചെങ്കിലും പ്രതി പിടിയിലായി.

റാണി വിശാൽ ഗെയ്‌ക്‌വാദ് (26) ആണ് കൊല്ലപ്പെട്ടത്. കേസില്‍ അനികേത് മഹാദേവ് കാംബ്ലെയെ (33 ) വാകഡ് പോലീസ് കസ്റ്റഡിയിലെടുത്തു. വാകഡ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തു.

റാണി ഗെയ്‌ക്‌വാദിനെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പോലീസ് വിവരങ്ങൾ ശേഖരിച്ച് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. അവരുടെ മൊബൈൽ ഫോൺ ട്രാക്ക് ചെയ്ത് പരിശോധിച്ചതിൽ, അവർ പ്രതിയായ അനികേത് കാംബ്ലെയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നും കാണാതാകുന്നതിന് മുമ്പ് അയാളെ വിളിച്ചിരുന്നു എന്നും കണ്ടെത്തി.

പ്രതി പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു, പക്ഷേ പോലീസ് ആ നീക്കം തകര്‍ത്തു

അവിഹിത ബന്ധത്തെക്കുറിച്ച് ഏകദേശം അറിയാമായിരുന്ന കുടുംബം, അനികേത് കാംബ്ലെയും റാണിയും ഒരുമിച്ച് ഒളിച്ചോടിയിരിക്കാമെന്ന സംശയം പോലീസിനെ അറിയിച്ചു. പോലീസ് വ്യാഴാഴ്ച ഇയാളെ വിളിച്ചു വരുത്തുകയും അനികേത് കാംബ്ലെ പോലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തുവെങ്കിലും കൊലപാതകം നിഷേധിച്ചു. മരിച്ചയാളെ കണ്ടിട്ട് ഏറെ നാളായെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.

പിടിയിലാകില്ലെന്ന ആത്മവിശ്വാസം പ്രതിക്കുണ്ടായിരുന്നു. എന്നാൽ വാകഡ് പോലീസ് ഇയാളുടെ നീക്കങ്ങൾ വിശകലനം ചെയ്തു, സിസിടിവി ദൃശ്യങ്ങളിൽ കൊല്ലപ്പെട്ട റാണി ഗെയ്‌ക്‌വാദ് വാകഡിലെ ഖിവൻസാര സ്‌കൂളിന് മുന്നിൽ വെച്ച് പ്രതിയുടെ കാറിൽ കയറുന്നത് കണ്ടെത്തി. പോലീസ് വെള്ളിയാഴ്ച പ്രതിയെ വീണ്ടും വിളിപ്പിക്കുകയും അവർ ശേഖരിച്ച തെളിവുകൾ നിരത്തുകയും ചെയ്തു. ഇതോടെ പ്രതി കുറ്റം സമ്മതിച്ചു.

‘അവൾക്ക് എന്നെ വിവാഹം കഴിക്കണം, എന്നെ ഭീഷണിപ്പെടുത്തി’

പ്രതിയും കൊല്ലപ്പെട്ട യുവതിയും ഏകദേശം ഏഴ് വർഷം മുമ്പ് അവരവരുടെ പങ്കാളികളെ വിവാഹം കഴിച്ചവരാണ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരുവരും തമ്മിൽ അവിഹിത ബന്ധം ഉണ്ടായിരുന്നു. ഇത് മരിച്ച യുവതിയുടെ വീട്ടുകാർ അറിഞ്ഞതോടെ, അവർ പ്രതിയെ വിവാഹം കഴിക്കാൻ നിർബന്ധിക്കാൻ തുടങ്ങി. ഇതിനെത്തുടർന്ന് അവൾ പ്രതിക്കൊപ്പം മഹാരാഷ്ട്രയിലെ മറാത്ത്‌വാഡയിലുള്ള ധാരാശിവ് ജില്ലയിലേക്ക് വീട്ടുകാരുടെ സമ്മതത്തോടെ പോയി. അവിടെവെച്ച് അവർ തമ്മിൽ വീണ്ടും വഴക്കുണ്ടായി.

” ഒന്നുകിൽ നിങ്ങളുടെ കുടുംബത്തെ ഉപേക്ഷിച്ച് എന്നെ വിവാഹം കഴിക്കുക, അല്ലെങ്കിൽ ബലാത്സംഗം ചെയ്തുവെന്ന് പറഞ്ഞ് നിങ്ങൾക്ക് എതിരെ കേസ് ഞാൻ കൊടുക്കും” എന്ന് യുവതി പറഞ്ഞു. ഇത് കേട്ട് പ്രകോപിതനായ പ്രതി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ഒരു ഇരുമ്പ്ദണ്ഡ് ഉപയോഗിച്ച് തലക്കടിക്കുകയും ചെയ്തു.

ഇതിനിടെ ധാരാശിവ് സ്റ്റേഷന്‍ പരിധിയിൽ മൃതദേഹം കണ്ടെത്തിയിരുന്നു. ബോഡി തിരിച്ചറിയാനുള്ള ശ്രമത്തിലായിരുന്നു അവര്‍. പ്രതി പെട്രോളൊഴിച്ച് മൃതദേഹം കത്തിക്കാൻ ശ്രമിക്കുകയും അതിനുശേഷം തിരിച്ചുപോവുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസിനെ കബളിപ്പിക്കാനുള്ള ശ്രമം മതിയായ തെളിവുകളോടെ പോലീസ് പൊളിച്ചു. പ്രതിക്ക് ഭാര്യയും മകളും ഉണ്ട്, കൊല്ലപ്പെട്ട യുവതിക്ക് ഭർത്താവും ഒരു മകനുമുണ്ട്.