Featured Oddly News

’35 ദിവസത്തിനിടെ തിന്നത് 50 എലികളെ’; അതിജീവന മത്സരത്തിനിടെ 14 കിലോ കുറച്ചെന്ന് മൂന്നാം സ്ഥാനക്കാരി

കാലം മാറിയപ്പോള്‍ ചൈനയില്‍ ഇപ്പോൾ ട്രെന്‍റുകളുടെ കാലമാണ്. ഇപ്പോഴത്തെ ഏറ്റവും ജനപ്രിയ ട്രെന്‍റുകളിലൊന്നാണ് വന്യജീവി അതിജിവന മത്സരം. ഏറ്റവും കൂടുതല്‍ കാലം വനത്തില്‍, പുറത്ത് നിന്നുള്ള സഹായങ്ങളൊന്നുമില്ലാതെ അതിജീവിക്കുക. മത്സരം ഇപ്പോഴും തുടരുകയാണ്. ഇനി രണ്ട് പേരാണ് മത്സരരംഗത്തുള്ളത്. മത്സരാര്‍ത്ഥികളില്‍ ഏറ്റവും അവസാനം പുറത്തിറങ്ങിയ, മൂന്നാം സ്ഥാനം നേടിയ യുവതിയുടെ അതിജീവന അനുഭവങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ഒക്ടോബർ 1 ന് കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഒരു ദ്വീപിലാണ് വനം അതിജീവന മത്സരം ആരംഭിച്ചത്. മറ്റുള്ളവരെല്ലാം മത്സരത്തില്‍ നിന്ന് പിന്മാറിയപ്പോഴും മൂന്ന് പേര്‍ മത്സരം തുടർന്നു. അതില്‍ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ നവംബര്‍ 4 ന് ദ്വീപിൽ ഒരു ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിന് പിന്നാലെ ഷാവോ തീജു എന്ന യുവതി മത്സരത്തില്‍ നിന്നും പിന്മാറി. ഇവര്‍ക്ക് മൂന്നാം സ്ഥാനം ലഭിച്ചു. 7,500 യുവാനാണ് (ഏകദേശം 93,576 ഇന്ത്യന്‍ രൂപ) ഷാവോയ്ക്ക് ലഭിച്ച സമ്മാനം.

40 ഡിഗ്രി ചൂട് വരെ ദ്വീപില്‍ കഴിഞ്ഞ കാലത്ത് ഷാവോയ്ക്ക് സഹിക്കേണ്ടിവന്നു. അവരുടെ കൈകളിലും കാലുകളിലും പ്രാണികളുടെ കടിയേറ്റ് പാടുകെട്ടി. വിശന്നപ്പോൾ ഞണ്ടുകൾ, കടൽച്ചക്കകൾ, അബലോൺസ് തുടങ്ങിയ ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിച്ചു. അത് കാരണം തന്റെ ഭാരം 85 കിലോയിൽ നിന്ന് 71 കിലോയായി കുറഞ്ഞെന്ന് 25 കാരിയായ ഷാവോ പറയുന്നു.

35 ദിവസങ്ങളിലായി താൻ 50 -ഓളം എലികളെ വേട്ടയാടി, തൊലിയുരിച്ചു, വറുത്ത് തിന്നു, മത്സരത്തിൽ നിന്ന് പിന്മാറിയതിനു ശേഷവും കഴിക്കാനായി ദ്വീപില്‍ നിന്നും കുറച്ച് എലിയെ അവൾ കൊണ്ട് വരികയും ചെയ്തെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. “എലികൾ വളരെ രുചികരമാണ്,” എന്നാണ് ഷാവോ ഇതേക്കുറിച്ച് പറഞ്ഞത്. ഇനി തനിക്ക് നല്ലൊരു ഉറക്കമാണ് വേണ്ടതെന്ന് അവര്‍ പറയുന്നു.

6,23,864 ഇന്ത്യൻ രൂപ വിലമതിക്കുന്ന ഒന്നാം സമ്മാനം നേടാനുള്ള ശ്രമത്തിൽ രണ്ട് പുരുഷന്മാർ ഇപ്പോഴും ദ്വീപിൽ തുടരുകയാണെന്ന് മത്സരത്തിന്‍റെ മാനേജർ, ഗെങ് പറയുന്നു. സമീപകാലത്ത് വന്യജീവി അതിജീവന ഗെയിമുകളിൽ ചൈനയിൽ താൽപര്യം വർദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകളും പറയുന്നു. മത്സരങ്ങൾ കാട്ടില്‍ വച്ചിരിക്കുന്ന കാമറകൾ വഴി തത്സമയം ഓണ്‍ലൈനായി കാണാനും നിരവധി പേരാണ് ഉളളതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.