Crime

“മമ്മി എന്നോട്‌ ക്ഷമിക്കണം, എന്റെ അവയവങ്ങൾ ദാനം ചെയ്യണം’: മെട്രോ സ്‌റ്റേഷനിൽ നിന്ന് ചാടി ജീവനൊടുക്കി വിദ്യാർഥി

ന്യൂഡല്‍ഹി: സ്വകാര്യ സ്‌കൂളിലെ 10-ാം ക്ലാസുകാരന്‍ സെന്‍ട്രല്‍ ഡല്‍ഹിയിലെ രാജേന്ദ്ര പ്ലേസ്‌ മെട്രോ സ്‌റ്റേഷന്റെ രണ്ടാം പ്ലാറ്റ്‌ഫോമില്‍നിന്നു ചാടി ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന്‌ അധ്യാപകര്‍ക്കും പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ കുട്ടിയുടെ കുടുംബം രംഗത്തുവന്നിരുന്നു. കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ സെന്റ്‌ കൊളമ്പസ്‌ സ്‌കൂളിലെ 10-ാം ക്ലാസ്‌ വിദ്യാര്‍ഥിയായ ശൗര്യ പാട്ടീല്‍ (16) ജീവനൊടുക്കിയത്‌. കുട്ടി കഴിഞ്ഞ കാലങ്ങളിലായി അധ്യാപകരുടെ പീഡനം മൂലം ആത്മഹത്യ പ്രവണത കാണിച്ചിരുന്നതായി സഹപാഠികളും കൗണ്‍സിലറും പറഞ്ഞു.
കുട്ടിയെ അധ്യാപകര്‍ ഒരു വര്‍ഷത്തോളമായി പരിഹസിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തതായി മാതാപിതാക്കള്‍ ആരോപിച്ചു. അധ്യാപകരുടെ പെരുമാറ്റത്തെ മാതാപിതാക്കള്‍ എതിര്‍ത്തപ്പോള്‍ സ്‌കൂളില്‍നിന്നു പുറത്താക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിക്കുന്നു. സ്‌കൂള്‍ ബാഗില്‍നിന്നു കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ മൂന്ന്‌ അധ്യാപകരുടെ പേര്‍ പ്രതിപാദിക്കുന്നുണ്ട്‌.
സ്‌കൂളില്‍ നൃത്തപരിശീലനത്തിനിടെ കുട്ടി വേദിയില്‍ വീണതിനെ തുടര്‍ന്ന്‌, അധ്യാപകര്‍ കുട്ടിയെ ശാസിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്‌തതായി പിതാവ്‌ പ്രദീപ്‌ പാട്ടീല്‍ പറയുന്നു. പൊട്ടിക്കരഞ്ഞപ്പോള്‍ “എത്ര വേണമെങ്കിലും കരഞ്ഞോ, പക്ഷേ എനിക്ക്‌ അത്‌ പ്രശ്‌നമല്ല” എന്നായിരുന്നു അധ്യാപകരില്‍ ഒരാളുടെ പ്രതികരണം. മനഃപ്പൂര്‍വം വീണതാണെന്ന്‌ പറഞ്ഞ്‌ അധ്യാപകര്‍ അവനെ നൃത്തത്തില്‍നിന്നു മാറ്റിയതായും നാടകം കളിക്കുകയാണെന്ന്‌ പറഞ്ഞതായും ശൗര്യയുടെ കൂട്ടുകാര്‍ പറഞ്ഞതായി പ്രദീപ്‌ പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പലും സ്‌ഥലത്തുണ്ടായിരുന്നു, പക്ഷേ ഇടപെട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
തന്റെ മകന്‍ നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തെക്കുറിച്ച്‌ പരാതിപ്പെട്ടിരുന്നുവെന്നും പ്രദീപ്‌ പറയുന്നു. സ്‌കൂള്‍ അധികൃതരോട്‌ ഈ വിഷയം പറഞ്ഞപ്പോളെല്ലാം മകനോട്‌ ക്ലാസില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു പറഞ്ഞ്‌ അവര്‍ അത്‌ തള്ളിക്കളയുമായിരുന്നു. കണക്കില്‍ മാര്‍ക്ക്‌ മോശമാണെന്നും പഠനത്തില്‍ ശ്രദ്ധിക്കില്ലെന്നും അവര്‍ പറയും പ്രദീപ്‌ പറഞ്ഞു. മറ്റൊരിക്കല്‍ ഒരു അധ്യാപിക എന്റെ മകനെ തള്ളിയിട്ടിട്ടുമുണ്ട്‌. അവന്‍ ആത്മഹത്യ ചെയ്‌തതിനു ശേഷം, പ്രിന്‍സിപ്പല്‍ എന്നെ വിളിച്ചിരുന്നു. എന്ത്‌ സഹായം വേണമെങ്കിലും ചോദിക്കാന്‍ പറഞ്ഞു. എന്റെ മകനെ എനിക്ക്‌ തിരികെ തരണമെന്ന്‌ ഞാന്‍ അവരോട്‌ ആവശ്യപ്പെട്ടു പ്രദീപ്‌ പറയുന്നു.
ബാഗില്‍ കണ്ടെത്തിയ ആത്മഹത്യാകുറിപ്പില്‍ അധ്യാപകരുടെ ആവര്‍ത്തിച്ചുള്ള പീഡനം മൂലമാണ്‌ താന്‍ ജീവനൊടുക്കുന്നതെന്ന്‌ ശൗര്യ പറയുന്നു. “മമ്മി എന്നോട്‌ ക്ഷമിക്കണം, ഞാന്‍ പലതവണ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ട്‌. അവസാനമായി ഒരിക്കല്‍ കൂടി ഞാന്‍ വേദനിപ്പിക്കുകയാണ്‌. എന്റെ അധ്യാപകര്‍ ഇങ്ങനെയാണ്‌. ഞാന്‍ എന്ത്‌ ചെയ്യും? എന്റെ അവസാന ആഗ്രഹം അവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാണ്‌. മറ്റൊരു കുട്ടിക്കും ഈ ഗതി വരരുത്‌. പപ്പ എന്നോട്‌ ക്ഷമിക്കണം. എനിക്ക്‌ നിങ്ങളെപ്പോലെ ഒരു നല്ല മനുഷ്യനാകാന്‍ കഴിഞ്ഞില്ല”- കുറിപ്പില്‍ പറയുന്നു. തന്റെ അവയവങ്ങള്‍ പറ്റുമെങ്കില്‍ ദാനം ചെയ്യണമെന്നും ശൗര്യ ആവശ്യപ്പെട്ടിട്ടുണ്ട്‌.
സ്‌കൂള്‍ യൂണിഫോമില്‍ തന്നെയാണ്‌ കുട്ടി ജീവനൊടുക്കിയത്‌. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുന്‍പേ മരണം സംഭവിച്ചിരുന്നു. ശൗര്യയെ സാധാരണയായി സ്‌കൂളിലേക്ക്‌ കൊണ്ടുപോകുകയും തിരികെ വീട്ടിലേക്ക്‌ കൊണ്ടുപോകുകയും ചെയ്‌തിരുന്നത്‌ പിതാവാണ്‌. എന്നാല്‍ മരിക്കുന്ന ദിവസം സ്‌കൂളിന്റെ പിന്‍ഭാഗത്തെ ഗേറ്റിലൂടെ ഇറങ്ങിയാണ്‌ കുട്ടി മെട്രോ സ്‌റ്റേഷനിലെത്തിയത്‌.