Crime

ക്ലാസിലെത്താന്‍ 10 മിനിറ്റ് വൈകി, ബാഗുമായി 100 സിറ്റപ്പ് ശിക്ഷ, ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

മുംബൈ: സ്‌കൂളില്‍ വൈകിവന്നതിനു 100 ‘സിറ്റ്‌ അപ്പി’നു ശിക്ഷിക്കപ്പെട്ട വിദ്യാര്‍ഥിനി ദിവസങ്ങള്‍ക്കുശേഷം മരിച്ചു. മഹാരാഷ്‌ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ സ്വകാര്യ സ്‌കൂളിലെ ആറാം ക്ലാസുകാരിക്കാണു ദാരുണാന്ത്യം.

കഴിഞ്ഞ എട്ടിനാണ്‌ വൈകിയെത്തിയതിന്‌ അഞ്ചു വിദ്യാര്‍ഥികള്‍ക്ക്‌ അധ്യാപിക ശിക്ഷ വിധിച്ചത്‌. സ്‌കൂള്‍ ബാഗ്‌ പിന്നിലിട്ട്‌ 100 സിറ്റ്‌ അപ്‌ ആയിരുന്നു ശിക്ഷ. വൈകിട്ട്‌ വീട്ടിലെത്തിയ കുട്ടി ശാരീരിക അസ്വസ്‌ഥത പ്രകടിപ്പിച്ചതായി മാതാവ്‌ പറഞ്ഞു. കഴുത്തിനും പുറത്തിനും കഠിനവേദനയായിരുന്നു. കാരണം തിരക്കിയപ്പോഴാണ്‌ ശിക്ഷയെക്കുറിച്ച്‌ വെളിപ്പെടുത്തിയത്‌.

പിറ്റേന്ന്‌ സ്‌കൂളിലെത്തി അധ്യാപികയോട്‌ ഇക്കാര്യം ആരാഞ്ഞപ്പോള്‍ ശിക്ഷയെ ന്യായീകരിക്കുകയാണ്‌ അവര്‍ ചെയ്‌തതെന്നും പെണ്‍കുട്ടിയുടെ മാതാവ്‌ പറഞ്ഞു. ശരീരവേദന കലശലായതോടെ കഴിഞ്ഞദിവസം കുട്ടിയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 14 ന്‌ കുട്ടി ജീവന്‍വെടിഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്തതായി പോലീസ്‌ അറിയിച്ചു.