ടോക്കിയോ: ജപ്പാനിലെ ‘കൊച്ചി’യില്‍ സുന്ദരനാകാന്‍ യുവാവ് നടത്തിയത് 200 ശസ്‌ത്രക്രിയകള്‍. ചെലവ് 10 കോടി യെന്‍(ഏകദേശം 5.7 കോടി രൂപ). അദ്ദേഹം സുന്ദരനായോയെന്നു വായനക്കാര്‍ക്ക് തീരുമാനിക്കാം.
തെക്കന്‍ ജപ്പാനിലെ ഷികോക്കു ദ്വീപിലെ നഗരമാണു കൊച്ചി. അവിടെനിന്നുള്ള അലന്‍(33) ആണു ശസ്‌ത്രക്രിയകള്‍ നടത്തിയത്. രൂപത്തിന്റെ പേരില്‍ ചെറുപ്പത്തില്‍ നേരിട്ട അവഹേളനങ്ങളാണു അലനെ സ്വാധീനിച്ചത്.
ലോകത്തിലെ ഏറ്റവും സുന്ദരനാകുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. തന്നെക്കുറിച്ചു സഹപാഠികള്‍ ക്രൂരമായ കുറിപ്പുകള്‍ എഴുതിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ശുചീകരണ സമയത്ത് തന്റെ മേശ ഒഴിവാക്കി. പ്രതികരിച്ചപ്പോള്‍ കോമ്പസ് കൊണ്ടുള്ള കുത്തുമേറ്റു.
സംരക്ഷണം കിട്ടാന്‍ അലന്‍ കുറ്റവാളികളുമായി കൂട്ടുകൂടിയത്രേ. സൈക്കിളുകളും മോട്ടോര്‍ബൈക്കുകളും മോഷ്‌ടിക്കുന്നത് പതിവായി. ഒടുവില്‍ ജുവനൈല്‍ ഹോമിലായി. 18ാം വയസില്‍ പുറത്തിറങ്ങിയ ശേഷം അലന്‍ ആകെമാറി. ‘ഞാന്‍ ലോകത്തിലെ ഏറ്റവും സുന്ദരനായാല്‍… ലോകം എന്നെ ബഹുമാനിക്കും. കളിയാക്കിയ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വാര്‍ദ്ധക്യത്തിലേക്ക് പോകും’ – അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മൂക്ക്, വായ, കണ്ണ് എന്നിവയുടെ ശസ്‌ത്രക്രിയകള്‍ക്ക് 86 ലക്ഷം രൂപ ചെലവഴിച്ചു.
അതിനുശേഷം ടോക്കിയോയിലെ ഒരു വെറൈറ്റി ഷോയില്‍ അരങ്ങേറ്റം നടത്തി. 2015 ആയപ്പോള്‍ അദ്ദേഹം 200ല്‍ അധികം ശസ്‌ത്രക്രിയകള്‍ക്ക് വിധേയനായി.
ഇടുപ്പ്, കാലുകള്‍, പുറം എന്നിവിടങ്ങളില്‍ ലിപോസക്ഷനും ലേസര്‍ തെറാപ്പിയും ഉപയോഗിച്ചു മാറ്റം വരുത്തി.
‘പാവക്കുട്ടി പോലുള്ള സൗന്ദര്യം’ തനിക്കു ലഭിച്ചെന്നാണു അലന്‍ അവകാശപ്പെടുന്നത്. ജീവിതകാലം മുഴുവന്‍ ശസ്‌ത്രക്രിയ തുടരുമെന്നും അദ്ദേഹം പറയുന്നു. തുടര്‍ച്ചയായ ശസ്‌ത്രക്രിയകള്‍ മൂലം അദ്ദേഹത്തിന് ഉയര്‍ന്ന രക്‌തസമ്മര്‍ദം അടക്കമുള്ള പ്രശ്‌നങ്ങളുണ്ട്. ചില ധനികരുടെ പിന്തുണ തനിക്കുണ്ടെന്ന് അലന്‍ അവകാശപ്പെടുന്നു. തന്റെ യാത്രകള്‍ അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്‌ക്കുന്നു.
ഇന്‍സ്‌റ്റാഗ്രാമില്‍ അദ്ദേഹത്തിന് മൂന്ന് ലക്ഷത്തിലധികം ഫോളോവര്‍മാരുണ്ട്. ടെലിവിഷന്‍ പരിപാടികളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഒരു സ്‌കിന്‍ കെയര്‍ ബ്രാന്‍ഡിന്റെ മോഡലായി. പുസ്‌തകം പ്രസിദ്ധീകരിക്കാനും അദ്ദേഹം പദ്ധതിയിടുന്നു. അദ്ദേഹത്തെ വിമര്‍ശിക്കുന്നവരില്‍ ആരോഗ്യവിദഗ്‌ധരുണ്ട്.
‘കോസ്‌മെറ്റിക് സര്‍ജറിക്ക് പല ആരോഗ്യപരമായ അപകടങ്ങളുണ്ട്. യഥാര്‍ത്ഥ ആത്‌മവിശ്വാസം ജ്‌ഞാനം, ദയ, അറിവ് എന്നിവയിലൂടെയാണു ലഭിക്കുന്നത്. ഉപരിപ്ലവമായ മാറ്റങ്ങളില്‍നിന്ന് വരുന്നതല്ല.’- വിമര്‍ശകരിലൊരാള്‍ കുറിച്ചു.




