ന്യൂഡല്‍ഹി: ബിഹാറില്‍ ഇരട്ട്വോട്ട് ആരോപണം ശക്തമാക്കി കോണ്‍ഗ്രസ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ പുനെയില്‍ വോട്ട് ചെയ്ത യുവതി ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും സമ്മതിദാനാവകാശം വിനിയോഗിച്ചെന്നാണു കോണ്‍ഗ്രസിന്റെ ആരോപണം.
ഉര്‍മി എന്ന യുവതി തന്റെ എക്സ് അക്കൗണ്ടില്‍ പങ്കുവച്ച പോസ്റ്റുകള്‍ ഉള്‍പ്പെടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇരട്ടവോട്ട് ആരോപണമുയര്‍ത്തിയത്.
രണ്ടിടത്തും വോട്ട് ചെയ്തതു സംബന്ധിച്ച് യുവതി എക്സില്‍ പങ്കുവച്ച പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ടുകളും കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്.
‘പോകൂ വോട്ട് ചെയ്യൂ, പുനെ! വികസനത്തിന് വോട്ട് ചെയ്തു, ശുദ്ധമായ ഭരണത്തിന് വോട്ട് ചെയ്തു, മോദിഫൈഡ് ഇന്ത്യയ്ക്ക് വോട്ട് ചെയ്തു!’- ഇതായിരുന്നു 2024 മേയ് 13-ന് ഉര്മിയുടെ എക്സ് പോസ്റ്റ്. ‘മോദിഫൈഡ് ഇന്ത്യയ്ക്ക് വോട്ട് ചെയ്തു! ‘ജായ് കെ വോട്ട് ഡാലി, ബിഹാര്‍!’- 2025 നവംബര്‍ ആറിന് ഉര്മിയുടെ എക്സ് പോസ്റ്റ് ഇതാണ്.
‘ഞാന്‍ ലോക്സഭയില്‍ മഹാരാഷ്ട്രയില്‍ വോട്ട് ചെയ്യും. ഞാന്‍ ബിഹാറില്‍ വിധാന്‍സഭയില്‍ വോട്ട് ചെയ്യും.
ഞാന്‍ മോദിക്ക് വേണ്ടി വോട്ട് മോഷ്ടിക്കും’ – എന്ന അടിക്കുറിപ്പോടെയാണ് ഉര്മിയുടെ പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്‍ഡെ പാട്ടീല്‍ പങ്കുവച്ചത്.
അതേസമയം, ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടില്ലെന്നു വിശദീകരിച്ച് ഉര്‍മി പിന്നീട് രംഗത്തെത്തി.
ബിഹാറില്‍ വോട്ട് ചെയ്തെന്നു താന്‍ പറഞ്ഞിട്ടില്ലെന്നും വോട്ടവകാശം വിനിയോഗിക്കാനുള്ള പ്രചോദനമായാണു തന്റെ പോസ്റ്റെന്നും യുവതി വിശദീകരിച്ചു.
അതിനിടെ, ഡല്‍ഹിയില്‍ വോട്ട് ചെയ്ത ബി.ജെ.പി. നേതാക്കള്‍ ബിഹാറില്‍ വോട്ട് ചെയ്തെന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി.
ബി.ജെ.പിയുടെ രാജ്യസഭാംഗം രാകേഷ് സിന്‍ഹ, ഡല്‍ഹിയില്‍െ ബി.ജെ.പി. പൂര്‍വാഞ്ചല്‍ മോര്‍ച്ച അധ്യക്ഷന്‍ സന്തോഷ് ഓജ, ബി.ജെ.പി. നേതാവ് നാഗേന്ദ്ര കുമാര്‍ എന്നിവര്‍ രണ്ടിടത്തും വോട്ട് ചെയ്തെന്ന് എ.എ.പി. ഡല്‍ഹി അധ്യക്ഷന്‍ സൗരവ് ഭരദ്വാജ് ആരോപിച്ചു. എ.എ.പിയുടെ ആരോപണത്തെക്കുറിച്ച് ബി.ജെ.പി. ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
എന്നാല്‍, തന്റെ വോട്ട് ഡല്‍ഹിയിലെ വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കിയെന്നും ബിഹാറില്‍ മാത്രമാണ് വോട്ടുള്ളതെന്നും രാകേഷ് സിന്‍ഹ പ്രതികരിച്ചു.




