ജോലിഭാരം മൂലമുള്ള സമ്മർദ്ദം കാരണം സ്വന്തം രോഗികളിൽ 10 പേരെ കൊലപ്പെടുത്തുകയും 27 പേരെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത പാലിയേറ്റീവ് കെയർ നഴ്സിന് പടിഞ്ഞാറൻ ജർമ്മനിയിലെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
പേര് പരസ്യപ്പെടുത്തിയിട്ടില്ലാത്ത ഈ വ്യക്തി, രാത്രി ഷിഫ്റ്റുകളിൽ തന്റെ ജോലിഭാരം കുറയ്ക്കുന്നതിനായി പ്രായമായ രോഗികൾക്ക് മോർഫിൻ അല്ലെങ്കിൽ മറ്റ് മയക്കുമരുന്നുകൾ കുത്തിവെച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തി. പടിഞ്ഞാറൻ ജർമ്മനിയിലെ വൂർസെലെൻ (Wuerselen) പട്ടണത്തിലെ ഒരു ആശുപത്രിയിൽ 2023 ഡിസംബറിനും 2024 മെയ് മാസത്തിനും ഇടയിലാണ് കൊലപാതകങ്ങൾ നടന്നത്.
പരിചരണം ആവശ്യമുള്ള രോഗികളോട് നഴ്സ് ‘ദേഷ്യവും’, ‘അനുകമ്പയില്ലായ്മയും’ കാണിച്ചിരുന്നു എന്നും ‘ജീവിതത്തിന്റെയും മരണത്തിന്റെയും യജമാനനെ’ പോലെയാണ് അയാൾ പെരുമാറിയതെന്നും പ്രോസിക്യൂട്ടർമാർ കോടതിയിൽ പറഞ്ഞു.
സ്ഥിരീകരിച്ച ഇരകൾക്ക് പുറമെ ഈ നഴ്സിന്റെ കുറ്റകൃത്യങ്ങൾ കൂടുതൽ പേരിലേക്ക് വ്യാപിച്ചിരിക്കാമെന്ന് പ്രോസിക്യൂട്ടർമാർ വിശ്വസിക്കുന്നതായി എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ ഇരകളെ തിരിച്ചറിയുന്നതിനായി മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധനകൾ നടക്കുന്നുണ്ട്. ഇത് പ്രതിയെ വീണ്ടും വിചാരണ ചെയ്യാൻ ഇടയാക്കിയേക്കാം.
2007-ൽ നഴ്സിംഗ് പരിശീലനം പൂർത്തിയാക്കിയ ശേഷം, 2020-ലാണ് ഇയാൾ വൂർസെലെൻ ആശുപത്രിയിൽ ജോലിക്ക് പ്രവേശിച്ചത്. രാത്രി ഷിഫ്റ്റുകളിൽ, രോഗികളുടെ മരണം വേഗത്തിലാക്കാനും അതുവഴി ജോലിഭാരം ലഘൂകരിക്കാനും വേണ്ടി, ശക്തമായ മയക്കുമരുന്നുകളായ മോർഫിൻ, മിഡാസോളം (Midazolam) എന്നിവയുടെ അമിത അളവ് ഇയാൾ കുത്തിവെച്ചതായി ആരോപിക്കപ്പെടുന്നു.
2024-ലാണ് ഇയാൾ അറസ്റ്റിലായത്. ശിക്ഷ വിധിക്കുമ്പോൾ, പ്രതിയുടെ ഈ പ്രവൃത്തികൾക്ക് ‘കുറ്റകൃത്യത്തിന്റെ പ്രത്യേക ഗൗരവമുണ്ട്’ (particular severity of guilt) എന്ന് കോടതി നിരീക്ഷിച്ചു. ഇത് കാരണം 15 വർഷത്തിന് ശേഷം പ്രതിക്ക് നേരത്തേയുള്ള മോചനം ലഭിക്കില്ല. എന്നിരുന്നാലും, ശിക്ഷയെ അപ്പീൽ ചെയ്യാൻ പ്രതിക്ക് അവകാശമുണ്ട്.
1999 നും 2005 നും ഇടയിൽ വടക്കൻ ജർമ്മനിയിലെ രണ്ട് ആശുപത്രികളിലായി 85 രോഗികളെ മാരകമായ ഹൃദയ മരുന്നുകൾ കുത്തിവെച്ച് കൊലപ്പെടുത്തിയ കേസിൽ 2019-ൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട നീൽസ് ഹോഗലിന്റെ (Niels Hogel) കേസുമായി ഈ സംഭവത്തിന് താരതമ്യമുണ്ട്. ജർമ്മനിയുടെ ആധുനിക ചരിത്രത്തിലെ ഏറ്റവും ക്രൂരരായ സീരിയൽ കൊലയാളികളിൽ ഒരാളായി ഹോഗൽ കണക്കാക്കപ്പെടുന്നു.




