Celebrity

ആ നീല ജായ്ക്കറ്റുകാരി ഞാനാണ്; ഫൊട്ടോ തന്റേതെന്ന് 22തവണ ‘വോട്ട്’ ചെയ്ത ബ്രസീലിയൻ മോഡൽ -വീഡിയോ

വോട്ട്ചോരിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനത്തിൽ ഉദാഹരണമായി കാണിച്ച ബ്രസീലിയൻ മോഡൽ ഇതാ നേരിട്ട് പ്രത്യക്ഷപ്പെടുന്നു. ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങളിൽ ഈ മോഡലിനെ അന്വേഷിച്ച ലാറിസ നെറി (Larissa Nery) എന്ന യുവതി നടത്തിയ പ്രതികരണമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വോട്ടർ പട്ടികയിൽ നിങ്ങള്‍ കണ്ടത് തനിക്ക് 18 വയസായപ്പോൾ എടുത്ത ഫോട്ടോയാണെന്ന് ലാറിസ പറയുന്നു. തനിക്ക് ഇന്ത്യന്‍ രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്നും വിവാദത്തിൽ തന്നെ കരുവാക്കിയതിൽ അദ്ഭുതം പ്രകടിപ്പിച്ചുള്ള വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പോർച്ചുഗീസ് ഭാഷയിൽ ലാറിസ നടത്തിയ പ്രതികരണം വിവർത്തനം ചെയ്താണ് സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ.

‘ചെറുപ്പത്തില്‍ എടുത്ത തന്റെ ഈ ചിത്രം എങ്ങനെയാണ് ഇപ്പോള്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പു വിവാദങ്ങളിൽ ഉപയോഗിക്കപ്പെടുന്നുവെന്നറിയില്ല. ഇൻസ്റ്റഗ്രാമിലൂടെ ഒരു റിപ്പോർട്ടർ ബന്ധപ്പെട്ടപ്പോഴാണ് താൻ ഇത് അറിയുന്നതുപോലും. ഇത് അസംബന്ധമാണ്’- ലാറിസ വിഡിയോയിൽ പറയുന്നു. തന്റെ പഴയ ഫോട്ടോ ഉപയോഗിച്ചിരിക്കുന്ന രീതിയും ഒരാള്‍ അയച്ചുതന്നിട്ടുണ്ടെന്ന് ലാറിസ പറഞ്ഞു. ഹരിയാനയിലെ തിരഞ്ഞെടുപ്പിൽ 22 തവണ വോട്ടു ചെയ്ത ബ്രസീൽകാരി മോഡലാണെന്നു പറഞ്ഞാണ് രാഹുൽ ഗാന്ധി ‘വോട്ട് ചോരി’ പരമ്പരയുടെ ഭാഗമായി ലാറിസയുടെ ചിത്രം കാണിച്ചത്. നാലു ലക്ഷത്തിലേറെ തവണ ഇന്നലെത്തന്നെ ഈ ഫോട്ടോ ഡൗൺലോഡ് ചെയ്യപ്പെട്ടു.

ലാറിസ ഇപ്പോൾ ഒരു മോഡലല്ല, മറിച്ച് ഒരു ഇൻഫ്ലുവൻസർ-ഹെഡ്രെസ്സറും ആണ്. റിപ്പോർട്ടുകൾ പ്രകാരം, ബ്രസീലിലെ രണ്ടാമത്തെ വലിയ സംസ്ഥാനമായ മിനാസ് ഗെറൈസിന്റെ തലസ്ഥാനമായ ബെലോ ഹൊറിസോണ്ടെയിൽ നെറിക്ക് ഒരു സലൂൺ ഉണ്ട്. “എന്റെ ഇന്ത്യൻ ഫോളോവേഴ്‌സേ, എന്റെ ഇൻസ്റ്റാഗ്രാമിലേക്ക് സ്വാഗതം! ഇപ്പോൾ എനിക്ക് നിരവധി ഇന്ത്യൻ ഫോളോവേഴ്‌സ് ലഭിച്ചു. ഞാൻ തിരഞ്ഞെടുക്കപ്പെട്ടതുപോലെയാണ് ആളുകൾ എന്റെ ഫോട്ടോകളിൽ കമന്റ് ചെയ്യുന്നത്! വ്യക്തമായി പറഞ്ഞാൽ, അത് ഞാനല്ല, അത് എന്റെ ഫോട്ടോ മാത്രമായിരുന്നു,” അവർ പറയുന്നു.

വോട്ടർപട്ടികയിൽ 22 സ്ഥലത്താണ് ലാറിസയുടെ ഫൊട്ടോയുണ്ടായിരുന്നത്. സ്വീറ്റി, സരസ്വതി, രശ്മി, വിൽമ എന്നിങ്ങനെയായിരുന്നു ഓരോന്നിലും പേര് ഉപയോഗിച്ചിരുന്നത്.  ലാറിസയുടെ ഫൊട്ടോ വോട്ടർ പട്ടികയിൽ ഉപയോഗിക്കപ്പെട്ടത് മറ്റൊരു വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്. വിദേശി യുവതിയുടെ ഫൊട്ടോ അവരുടെ അനുവാദമില്ലാതെ രാഷ്ട്രീയമായി ഉപയോഗിക്കപ്പെട്ടത് എങ്ങനെയാണെന്ന ചോദ്യമാണ് ഉയരുന്നത്.