വാഷിങ്ടണ്‍: ഹിന്ദുവായ തന്റെ ഭാര്യ ഉഷാ വാന്‍സ് ഒരിക്കല്‍ കത്തോലിക്കാ സഭയാല്‍ സ്വാധീനിക്കപ്പെടുമെന്നും ക്രിസ്ത്യന്‍ മതം സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്. മിസ്സിസ്സിപ്പിയില്‍ ‘ടേണിങ് പോയിന്റ് യു.എസ്.എ’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇപ്പോള്‍ മിക്ക ഞായറാഴ്ചകളിലും ഉഷ എന്നോടൊപ്പം പള്ളിയില്‍ വരാറുണ്ട്. ഞാന്‍ അവളോടും പൊതുവേദികളിലും പറഞ്ഞപോലെ, ഇപ്പോള്‍ എന്റെ ഏറ്റവുമടുത്ത 10,000 സുഹൃത്തുക്കള്‍ക്കു മുന്നിലും പറയട്ടെ, എന്നെ പള്ളി സ്വാധീനിച്ചതുപോലെ അവള്‍ക്കും സംഭവിക്കുമോ? അങ്ങനെ സംഭവിക്കട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ക്രിസ്ത്യന്‍ സുവിശേഷത്തില്‍ വിശ്വസിക്കുന്നു. എന്റെ ഭാര്യയും ആ വഴിയേ വരുമെന്നു പ്രതീക്ഷിക്കുന്നു”- ഉഷ ക്രിസ്തുവിലേക്കു വരുമോയെന്ന ചോദ്യത്തിനു മറുപടിയായി വാന്‍സ് പറഞ്ഞു.
തന്റെ ഭാര്യയുടെ വിശ്വാസം തനിക്കൊരു പ്രശ്നമായിരുന്നില്ലെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു. ഇനി അവര്‍ അങ്ങനെ ചെയ്തില്ലെങ്കിലോ? സ്വതന്ത്രമായ മനസാണ് എല്ലാവര്ക്കും ദൈവം നല്‍കിയിട്ടുള്ളത്. അതുകൊണ്ട് അതെനിക്കൊരു പ്രശ്നമല്ല. നമ്മുടെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും നമ്മള് സ്നേഹിക്കുന്നവര്ക്കുമൊപ്പം മനസിലാക്കേണ്ട കാര്യമാണത്- വാന്‍സ് പറഞ്ഞു. വാന്‍സ് 2019-ലാണ് കത്തോലിക്കാ സഭയില്‍ ചേര്‍ന്നത്. ഉഷയെ കണ്ടുമുട്ടുമ്പോള്‍ താന്‍ നിരീശ്വരവാദിയായിരുന്നെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വാന്‍സ്-ഉഷ ദമ്പതികള്‍ മക്കളെ ക്രിസ്ത്യന്‍ വിശ്വാസപ്രകാരമാണ് വളര്‍ത്തുന്നത്.
അമേരിക്കയുടെ അടിത്തറതന്നെ ക്രിസ്ത്യന്‍ മൂല്യങ്ങളാണെന്നു ചിന്തിക്കുന്നതില്‍ തെറ്റില്ലെന്നാണ് താന്‍ കരുതുന്നതെന്നും വാന്‍സ് പറഞ്ഞു. തങ്ങളുടേത് നിഷ്പക്ഷ കാഴ്ചപ്പാടാണെന്നു പറയുന്നവര്‍ക്ക് ഒരു അജന്‍ഡയുണ്ട്. ഈ രാജ്യത്തിന്റെ അടിത്തറ ക്രിസ്ത്യന്‍ വിശ്വാസമാണെന്നു താന്‍ കരുതുന്നതായും വാന്‍സ് പറഞ്ഞു.എച്ച്-1ബി വിസ വിഷയത്തില്‍ ഇന്ത്യക്കാര്‍ക്കെതിരേ അമേരിക്കയില്‍ വംശീയവിദ്വേഷപ്രചാരണം നടക്കുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ്, ഭാര്യ മതം മാറുമെന്ന പ്രതീക്ഷ പങ്കുവച്ച് ജെ.ഡി. വാന്‍സ് രംഗത്തുവന്നത്.
യു.എസ്. നാഷണല്‍ ഇന്റലിജന്‍സ് മേധാവിയും യു.എസ്. കോണ്‍ഗ്രസിലേക്കു തെരഞ്ഞെടുക്കപ്പെട്ട ആദ്യഹിന്ദുവുമായ തുള്‍സി ഗബ്ബാര്‍ഡ് ‘എക്സി’ല്‍ കുറിച്ച ദീപാവലി ആശംസകള്‍ക്കു നേരേയും കടുത്ത വംശീയപ്രതികരണങ്ങളുണ്ടായിരുന്നു. “ദീപാവലി അമേരിക്കനല്ല, ഇന്ത്യയിലേക്കു പോകൂ” എന്നായിരുന്നു ഒരു കമന്റ്. ദീപാവലി ആശംസ നേര്‍ന്ന എഫ്.ബി.ഐ. ഡയറക്ടര്‍ കാഷ് പട്ടേലിനുനേരെയും കടുത്ത സൈബര്‍ ആക്രമണമുണ്ടായി.




