Crime

റിവ്യൂ എഴുതിയാല്‍ മതി! ‘വര്‍ക്ക്‌ ഫ്രം ഹോം’ തട്ടിപ്പ്‌: കൊച്ചിയില്‍ യുവതിയുടെ 5.75 ലക്ഷം തട്ടി

മട്ടാഞ്ചേരി : വര്‍ക്ക്‌ ഫ്രം ഹോം വഴി വരുമാനം നേടാം എന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിച്ച്‌ വീട്ടമ്മയില്‍ നിന്ന്‌ പണം തട്ടിയെടുത്തതായി പരാതി. ഫോര്‍ട്ട്‌കൊച്ചി സ്വദേശിനിയായ 36 വയസുകാരിക്കാണ്‌ 5.75 ലക്ഷം രൂപയോളം നഷ്‌ടമായത്‌. കഴിഞ്ഞ ഏതാനും മാസങ്ങളിലായാണ്‌ ഈ തട്ടിപ്പ്‌ നടന്നതെന്നാണ്‌ വിവരം.

ഇന്‍സ്‌റ്റാഗ്രാമില്‍ റീലുകള്‍ സ്‌ക്രോള്‍ ചെയ്യുന്നതിനിടയില്‍ പ്രത്യക്ഷപ്പെട്ട പരസ്യത്തിലൂടെയാണ്‌ യുവതി തട്ടിപ്പുകാരുടെ വലയില്‍ വീണത്‌. വര്‍ക്ക്‌ ഫ്രം ഹോം ചെയ്‌താല്‍ ദിവസവരുമാനമോ മാസവരുമാനമോ നല്‍കാമെന്ന്‌ വാഗ്‌ദാനം ചെയ്‌തുകൊണ്ടുള്ള പരസ്യമായിരുന്നു ഇത്‌. കൂടുതല്‍ വിവരങ്ങള്‍ അറിയാനായി പരസ്യത്തില്‍ ക്ലിക്ക്‌ ചെയ്‌തപ്പോള്‍ യുവതി നേരിട്ട്‌ ഒരു വാട്ട്‌സ്‌ആപ്പ്‌ ചാറ്റിലേക്ക്‌ പോവുകയായിരുന്നു.

കടുവഞ്ചേരിയിലുള്ള ഒരു ചെട്ടിനാട്‌ റെസ്‌റ്ററന്റിന്റെ എച്ച്‌.ആര്‍. അസിസ്‌റ്റന്റാണ്‌ താനെന്ന്‌ പരിചയപ്പെടുത്തിയാണ്‌ ഒരാള്‍ യുവതിയുമായി ചാറ്റ്‌ ചെയ്‌തത്‌. ഈ റെസ്‌റ്ററന്റിനെക്കുറിച്ച്‌ റിവ്യൂ എഴുതി നല്‍കിയാല്‍ ദിവസ വരുമാനമായി 5000 രൂപ ലഭിക്കുമെന്നും ഇയാള്‍ യുവതിയെ വിശ്വസിപ്പിച്ചു.

റിവ്യൂ എഴുതി നല്‍കിയ ശേഷം, ആദ്യ ദിവസങ്ങളില്‍ പ്രതിഫലമായി 4130 രൂപ യുവതിയുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ തട്ടിപ്പുകാര്‍ ട്രാന്‍സ്‌ഫര്‍ ചെയ്‌തു കൊടുത്തു. പല ദിവസങ്ങളിലായി ഇത്‌ തുടര്‍ന്നതോടെ യുവതിക്ക്‌ തട്ടിപ്പുകാരെ പൂര്‍ണ്ണമായും വിശ്വാസമായി.പിന്നീട്‌ അഡ്വാന്‍സ്‌ ആയി പണം അടച്ചാല്‍ ഒരു ടാസ്‌ക്‌ നല്‍കാം എന്നും, അതുവഴി വരുമാനം ഇരട്ടിയാക്കാം എന്നും പറഞ്ഞ്‌ യുവതിയെ ഇയാള്‍ കബളിപ്പിച്ചു.
തുടര്‍ന്ന്‌, പല തവണകളായി 5,75,000 രൂപ യുവതി തന്റെ രണ്ട്‌ അക്കൗണ്ടുകളില്‍ നിന്നായി പലരുടെയും അക്കൗണ്ടുകളിലേക്ക്‌ ട്രാന്‍സ്‌ഫര്‍ ചെയ്‌തു. പണം ലഭിച്ചതിനുശേഷം തട്ടിപ്പുകാരുടെ ഭാഗത്തുനിന്ന്‌ യാതൊരു പ്രതികരണവും ഉണ്ടായില്ല. ബ്ലോക്ക്‌ ചെയ്‌തതിനുശേഷം ഇവര്‍ കടന്നുകളഞ്ഞപ്പോഴാണ്‌ താന്‍ പറ്റിക്കപ്പെട്ടു എന്ന്‌ യുവതിക്ക്‌ മനസിലാക്കിയത്‌. യുവതിയുടെ പരാതിയില്‍ ഫോര്‍ട്ട്‌കൊച്ചി പോലീസ്‌ അന്വേഷണം തുടങ്ങി.