കൊല്ലത്തു നടന്ന ഉത്രയുടെ കൊലപാതകത്തിന് സമാനമായി കാണ്‍പൂരിലും കൊലപാതകശ്രമം. സ്ത്രീധനം കുറഞ്ഞുപോയെന്ന പേരിലാണ് രേഷ്മയെന്ന യുവതിയെ ഭര്‍ത്താവ് ഷാനവാസ് മുറിയില്‍ പൂട്ടിയിട്ട് വിഷപ്പാമ്പിനെ തുറന്നുവിട്ടത്. പാമ്പുകടിയേറ്റ യുവതിയുടെ നില ഗുരുതരമാണ്.
പാമ്പുകടിയേറ്റ് യുവതിയുടെ നില വഷളായിട്ടും സഹായിക്കാനോ ആശുപത്രിയില്‍ കൊണ്ടുപോകാനോ ഭര്ത്താവിന്റെകുടുംബം തയ്യാറായില്ല. യുവതിയുടെ സഹോദരി എത്തിയ ശേഷമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സെപ്റ്റംബര്‍ 18നാണ് സംഭവം നടന്നത്. സഹോദരി നിസ്വന പറയുന്നതനുസരിച്ച് രേഷ്മയെ മുറിയില്‍ പൂട്ടിയിട്ട ശേഷം പാമ്പിനെ തുറന്നുവിടുകയും അര്‍ധരാത്രിയോടെ പാമ്പ് രേഷ്മയെ കടിക്കുകയും ചെയ്തു. വേദനകൊണ്ട് പുളഞ്ഞ് നിലവിളിച്ചെങ്കിലും കുടുംബാംഗങ്ങള്‍ പുറത്തിരുന്ന് ചിരിക്കുകയായിരുന്നു. ഒരു വിധത്തില്‍ ഫോണെടുത്ത് രേഷ്മ റിസ്വാനയെ വിളിച്ച് കാര്യം അറിയിച്ചു. റിസ്വാന വന്നപ്പോള്‍ വിഷംതീണ്ടി അവശനിലയിലായ സഹോദരിയെയാണ് കാണാനായത്.
2021ലാണ് ഷാനവാസുമായുള്ള രേഷ്മയുടെ വിവാഹം നടന്നത്. അധികം വൈകാതെ തന്നെ സ്ത്രീധനം ആവശ്യപ്പെട്ടുള്ള പ്രശ്നങ്ങള്‍ ആരംഭിച്ചെന്നാണ് രേഷ്മയുടെ കുടുംബം പറയുന്നത്. വിവാഹത്തിനു ശേഷം ഒന്നര ലക്ഷം ഷാനവാസിന്റെ കുടുംബത്തിനു നല്‍കിയെങ്കിലും അഞ്ച് ലക്ഷം വേണമെന്നതായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ഷാനവാസ്, മാതാപിതാക്കള്‍, സഹോദരന്, സഹോദരി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.




