ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് മൂന്നര പതിറ്റാണ്ടിന് മുമ്പ് വീടുവിട്ടു പോകുകയും മരിച്ചെന്ന് വീട്ടുകാര്‍ വിധിയെഴുതുകയും ചെയ്ത സ്ത്രീ നാട്ടില്‍ തിരിച്ചെത്തി. നാഗ്പൂരില്‍ 1989-ല്‍ ഭര്‍ത്താവിന്റെ മദ്യപാനവും ഭര്‍തൃമാതാവിന്റെ ക്രൂരതയും സഹിക്കാനാവാതെ ഗര്‍ഭിണിയായിരിക്കെ വീട് വിട്ടുപോയ 58 കാരി ജെയ്ത്താലയിലാണ് തിരിച്ചെത്തിയത്.
ഭര്‍ത്താവിനെയും, ഒരു മകനെയും, ഒരു മകളെയും ഉപേക്ഷിച്ചാണ് അവര്‍ പോയത്. യുവതിയുടെ ഭര്‍ത്താവ് ആറ് വര്‍ഷം മുന്‍പും മകന്‍ രണ്ട് വര്‍ഷം മുന്‍പും രോഗം കാരണം മരണപ്പെട്ടു. വീടുവിട്ടുപോകുമ്പോള്‍ ചെറിയ കുട്ടിയായിരുന്ന മകള്‍ക്ക് ഇപ്പോള്‍ 38 വയസ്സുണ്ട്. കുടുംബം മാതാവിനെ കണ്ടെത്താന്‍ ശ്രമം നടത്തിയിരുന്നു.
കഴിഞ്ഞ 36 വര്‍ഷവും യുവതി മരിച്ചെന്ന് കരുതി കുടുംബം ദുഃഖത്തിലായിരുന്നു. 2018-ല്‍ പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസിലെ ഒരു അഭയകേന്ദ്രത്തില്‍ വെച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ അവരെ കണ്ടെത്തുകയായിരുന്നു. ആ കാലയളവില്‍ അവര്‍ ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയിരുന്നു. കുട്ടി അവിടുത്തെ അഭയകേന്ദ്രത്തില്‍ താമസിച്ചുകൊണ്ട് ബംഗാളി സംസാരിച്ചാണ് വളര്‍ന്നത്.
2024-ല്‍ യുവതിയെയും മകളെയും മുംബൈയിലെ കസ്തൂര്‍ബാ വനിതാ ഭവനത്തിലേക്ക് മാറ്റി. അവിടുത്തെ ജീവനക്കാര്‍ക്ക് അവര്‍ നാഗ്പൂരില്‍ നിന്നുള്ള ആളാണെന്ന് സംശയം തോന്നി. 2025-ല്‍ അവര്‍ നാഗ്പൂരിലെ സര്‍ക്കാര്‍ പ്രിയദര്‍ശിനി വനിതാ ഹോമിലെത്തി. മാനസിക പ്രശ്നങ്ങളുള്ളതിനാല്‍ അവരെ റീജിയണല്‍ മെന്റല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
സോഷ്യല്‍ സര്‍വീസസ് സൂപ്രണ്ടായ കുന്ദ ബിദ്കറും സൈക്യാട്രിസ്റ്റായ ഡോ. പങ്കജ് ബാഗ്ദെയും യുവതിയുടെ കാര്യങ്ങള്‍ ഏറ്റെടുത്തു. ഒരു തവണ, അവര്‍ക്ക് തന്റെ പിതാവ് പോസ്റ്റ്മാനായി ജോലി ചെയ്തിരുന്ന ബുട്ടിബോറി എന്ന സ്ഥലം അവ്യക്തമായി ഓര്‍മ്മവന്നു. പോസ്റ്റ് ഓഫീസ് രേഖകളിലൂടെ ബിദ്കര്‍ യുവതിയുടെ പിതാവിനെ കണ്ടെത്താന്‍ ശ്രമിച്ചു.
മൂന്ന് ദിവസത്തിന് ശേഷം, യുവതിയുടെ ഭര്‍തൃവീട്ടുകാര്‍ താമസിച്ചിരുന്ന ജെയ്ത്താലയെക്കുറിച്ചുള്ള രേഖകള്‍ അദ്ദേഹം കണ്ടെത്തി. പോലീസിന്റെ സഹായത്തോടെ അവര്‍ക്ക് യുവതിയുടെ കുടുംബത്തെ കണ്ടെത്താന്‍ സാധിച്ചു.




