ഒഡിഷ സ്വദേശിയായ 80 വയസ്സുകാരൻ അറിയാതെ വിഴുങ്ങിയത് 9 ഇഞ്ച് നീളമുള്ള മിസ്വാക്ക് (മിസ്വാക്ക് സ്റ്റിക്ക് എന്നത് പല്ല് വൃത്തിയാക്കുന്ന പ്രകൃതിദത്തമായ, മരക്കമ്പില്നിന്ന് ഉണ്ടാക്കുന്ന ഒരു പരമ്പരാഗത ടൂത്ത് ബ്രഷാണ്). തുടർന്ന് ഇദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ച ഒരു സംഭവമാണിത്. തുടർന്ന് അസാധാരണമായ ശസ്ത്രക്രിയയ്ക്ക് വിധേയനായി അദ്ദേഹം. ബെർഹാംപൂരിലെ എം.കെ.സി.ജി. മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലാണ് ഈ അതിലോലമായ ശസ്ത്രക്രിയ നടന്നത്.
അടിയന്തര ചികിത്സയിലേക്ക് നയിച്ച സംഭവം
ഗഞ്ചം ജില്ലയിലെ നറ്റംഗ ഗ്രാമവാസിയായ കാമരാജു നായിക് കഴിഞ്ഞ ബുധനാഴ്ച പല്ല് വൃത്തിയാക്കുന്നതിനിടയിൽ അബദ്ധത്തിൽ മിസ് വാക്ക് തൊണ്ടയിലേക്ക് ഇറങ്ങിപ്പോകുകയായിരുന്നു. ഇത് അന്നനാളത്തിൽ കുടുങ്ങിയതിനാൽ കഠിനമായ വേദന അനുഭവപ്പെടുകയും ഭക്ഷണം കഴിക്കാൻ കഴിയാതെ വരുകയും ചെയ്തു. മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച്, കുടുംബാംഗങ്ങൾ ആദ്യം അത് സ്വയം പുറത്തെടുക്കാൻ ശ്രമിച്ചു. ഫലമില്ലാതെ വന്നപ്പോൾ അദ്ദേഹത്തെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല.
ഒരാഴ്ചയോളം ബുദ്ധിമുട്ടുകൾ സഹിച്ചതിന് ശേഷം നായിക്കിനെ തിങ്കളാഴ്ച എം.കെ.സി.ജി. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വസ്തുവിന്റെ വലുപ്പം മാത്രമല്ല, രോഗിയുടെ ആരോഗ്യസ്ഥിതി കൂടി ഈ കേസ് സങ്കീർണ്ണമാക്കി. “മിസ്വാക്ക് അദ്ദേഹത്തിന്റെ അന്നനാളത്തിൽ കുടുങ്ങിയതിനാൽ കഠിനമായ വേദനയുണ്ടായി. ശസ്ത്രക്രിയയിലൂടെ അത് പുറത്തെടുക്കാൻ ഏതാണ്ട് ഒരാഴ്ചയോളം വേണ്ടിവന്നു,” ആശുപത്രി അധികൃതർ എ.ടി.വി. ഭാരതിനോട് പറഞ്ഞു.
എൻ.ടി. വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം, ‘ഈസോഫാഗോസ്കോപ്പ്’ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് വളരെ ശ്രദ്ധയോടെ കുടുങ്ങിക്കിടന്ന മിസ്വാക്ക് പുറത്തെടുത്തു. രോഗിക്ക് ഉയർന്ന രക്തസമ്മർദ്ദം ഉള്ളതിനാൽ അനസ്തേഷ്യ നൽകുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. അത്കൊണ്ട് തന്നെ ശസ്ത്രക്രിയ കൂടുതൽ അപകടകരമാവുകയും ചെയ്തു.
എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ഒരു മണിക്കൂറോളം നീണ്ട ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കി. മറ്റ് സങ്കീർണതകളില്ലാതെ 9 ഇഞ്ച് മിസ്വാക്ക് പുറത്തെടുത്തു. “ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖമായിരിക്കുന്നു,” ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. അദ്ദേഹം നിരീക്ഷണത്തിൽ തുടരുകയാണ്. ഉടൻ തന്നെ പൂർണ്ണമായി സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.




