ഡിജിറ്റല്‍ യുഗത്തില്‍, ലോകമെമ്പാടുമുള്ള സമാന ചിന്താഗതിക്കാരുമായി ബന്ധപ്പെടുന്നത് വളരെ എളുപ്പമാണ്. നൂതനമായ പല കാര്യങ്ങള്‍ക്കും അത് വഴിയൊരുക്കുന്നു. എന്നാല്‍ ആളുകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഉണ്ടാക്കിയ നെറ്റ്വര്ക്കുകള് പുതിയൊരുതരം വേട്ടക്കാരനും ജന്മം നല്കി. അത്തരത്തിലൊരാളായിരുന്നു ജപ്പാനില്‍ നിന്നുള്ള ”ട്വിറ്റര്‍ കൊലയാളി” എന്നറിയപ്പെടുന്ന സീരിയല്‍ കില്ലര്‍, തകഹിരോ ഷിറൈഷി.
2017 ഓഗസ്റ്റിനും ഒക്ടോബറിനും ഇടയില്‍, ഇന്റര്‍നെറ്റില്‍ ആത്മഹത്യാപരമായ ചിന്തകള്‍ പങ്കുവെച്ച എട്ട് സ്ത്രീകളും ഒരു പുരുഷനുമുള്‍പ്പെടെ ഒമ്പത് പേരെ തകഹിരോ ഷിറൈഷി കൊലപ്പെടുത്തി. ആത്മഹത്യാപരമായ ചിന്തകളുള്ള ദുര്‍ബലരായ ആളുകളെ സമൂഹ മാധ്യമങ്ങളിലൂടെ കണ്ടെത്തുകയും അപ്പാര്‍ട്ട്മെന്റിലേക്ക് കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റുകയും ചെയ്തു. ഒക്ടോബര്‍ 31-ന്, തന്റെ ഇരകളിലൊരാളുടെ കുടുംബാംഗം ഷിറൈഷി തന്റെ സഹോദരിക്ക് അയച്ച മെസ്സേജുകള്‍ കണ്ടെത്തിയതോടെയാണ് ഷിറൈഷിയുടെ കൊലപാതക പരമ്പരക്ക് അന്ത്യം വന്നത്.
1990 ഒക്ടോബര്‍ 9-നാണ് തകഹിരോ ഷിറൈഷി ജപ്പാനിലെ സമായില്‍ ജനിച്ചത്. അദ്ദേഹത്തിന്റെ കുട്ടിക്കാലം സാധാരണമായിരുന്നു. സുഹൃത്തുക്കളും പരിചയക്കാരും ഉള്‍പ്പെടെ അയല്‍ക്കാരുമായി ഇടപഴകാന്‍ കഴിവുള്ള, ശാന്തനായ കുട്ടിയായിരുന്നു. അവന് പഠനത്തില്‍ ശരാശരിയായിരുന്നു. കായിക വിനോദങ്ങള്‍, പ്രത്യേകിച്ച് ബേസ്ബോള്‍ ഇഷ്ടപ്പെടുകയും സുഹൃത്തുക്കളുമായി ഇടപഴകുകയും ചെയ്തിരുന്നു. ഷിറൈഷിയുടെ പരുക്കന്‍ കളി മാത്രമാണ് അദ്ദേഹത്തില്‍ അസ്വാഭാവികമായി ഉണ്ടായിരുന്നത്.
2009-ല്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, ഷിറൈഷിക്ക് ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ലഭിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം, ടോക്കിയോയിലെ പ്രശസ്തമായ ലൈംഗിക വ്യവസായത്തില്‍ ജോലി ചെയ്യാന്‍ തുടങ്ങി. നഗരത്തിലെ ഏറ്റവും വലിയ റെഡ്-ലൈറ്റ് ഡിസ്ട്രിക്റ്റായ കബുകിചോയിലെ ലൈംഗിക കേന്ദ്രങ്ങള്‍ക്ക് വേണ്ടി ഒരു സ്കൗട്ടായി ജോലി ചെയ്തു. യുവതികളെ ലൈംഗിക തൊഴിലാളികളാകാന്‍ പ്രേരിപ്പിച്ച് വേശ്യാലയങ്ങളിലേക്കും ബാറുകളിലേക്കും എത്തിക്കുന്നതായിരുന്നു പണി.
2017 ഫെബ്രുവരിയില്‍, ലൈംഗിക തൊഴിലാളിയാകാന്‍ ഒരു യുവതിയെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചതിന് അറസ്റ്റിലായി. പിന്നീട് സമായിലുള്ള ഒരു അപ്പാര്‍ട്ട്മെന്റിലേക്ക് താമസം മാറി. കടുത്ത വിഷാദത്തിലായ ഇയാള്‍ ”ട്വിറ്റര്‍ കൊലയാളി”യായി മാറുന്നതിന്റെ തുടക്കം ഇതാണ്. തകഹിരോ ഷിറൈഷി നിരവധി സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഉണ്ടാക്കി. ആത്മഹത്യയുമായി ബന്ധപ്പെട്ട ചിന്തകളുമായി കഴിയുന്ന ഡസന്‍ കണക്കിന് ആളുകളുമായി ഷിറൈഷി ഓണ്‍ലൈനില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് ഷിറൈഷി അവരുമായി അടുപ്പം സ്ഥാപിച്ചു.
സ്ത്രീകളെ വശീകരിച്ച് പണം തട്ടുക മാത്രമായിരുന്നു ആദ്യലക്ഷ്യമെന്ന് ഷിറൈഷി വിചാരണയില്‍ പറഞ്ഞു. 21 വയസ്സുള്ള മിസുക്കി മിയുറ എന്ന ഒരു സ്ത്രീ ഷിറൈഷിക്ക് പണം നല്‍കിയിരുന്നു. ആ പണം അവര്‍ തിരികെ ചോദിച്ചാല്‍ തന്റെ കയ്യിലില്ലെന്നും അവള് പോലീസില്‍ അറിയിച്ചാല്‍ അറസ്റ്റ് ഉണ്ടാകുമെന്നും അയാള്‍ ഭയന്നു. ഒടുവില്‍ അവരെ കൊല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നെന്നും ഷിറൈഷി പറഞ്ഞു.
2017 ഓഗസ്റ്റില്‍ ഷിറൈഷി മിയുറയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അതിനുമുമ്പ് അവളെ ബലാത്സംഗം ചെയ്തു. ജോലി ചെയ്യാതെ പണം സമ്പാദിക്കാനും ലൈംഗികാഭിലാഷങ്ങള്‍ തൃപ്തിപ്പെടുത്താനും ആത്മഹത്യാപ്രവണതയുള്ള സ്ത്രീകളെ ഓണ്‍ലൈനില്‍ ഇരയാക്കിയാല് മതിയെന്ന് അയാള്‍ക്ക് മനസ്സിലായി. അതോടെയാണ് തകഹിരോ ഷിറൈഷിയുടെ കൊലപാതക പരമ്പരയിലേക്ക് എത്തിയത്. മിയുറയെ അന്വേഷിച്ചെത്തിയ അവളുടെ കാമുകന് ഉള്‍പ്പെടെ എട്ട് പേരെ കൂടി കൊലപ്പെടുത്തി. കുറ്റകൃത്യങ്ങള്‍ മറച്ചുവെക്കാന്‍ ഇരകളുടെ ശരീരഭാഗങ്ങള്‍ മുറിച്ച് പെട്ടികളിലാക്കി അതിനു മുകളില്‍ പൂച്ചയുടെ കാഷ്ഠംകൊണ്ടിട്ട് മൂടി.
2017 ഒക്ടോബറില്‍ അവസാന ഇരയായ ഐക്കോ തമുറയെ ഇല്ലാതാക്കിയ സംഭവമാണ് ഇയാള്‍ക്ക് തിരിച്ചടിയായത്. ഒക്ടോബര്‍ 21-ന് കാണാതായ തമുറയെ തേടി സഹോദരന് അന്വേഷണം നടത്തി. അവളുടെ ട്വിറ്റര്‍ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ അവള് ഷിറൈഷിയുമായി നടത്തിയ അസ്വസ്ഥജനകമായ സന്ദേശങ്ങള്‍ കണ്ടെത്തി. വിവരങ്ങള്‍ അയാള്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന്, 2017 ഒക്ടോബര്‍ 31-ന് പോലീസ് ഷിറൈഷിയെ ചോദ്യം ചെയ്യാന്‍ അയാളുടെ അപ്പാര്‍ട്ട്മെന്റിലേക്ക് എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്.
അവിടെ, എട്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും ശരീരഭാഗങ്ങള്‍ അവര്‍ കണ്ടെത്തി. എല്ലാം ഛേദിക്കപ്പെട്ട് തണുപ്പുള്ള സ്റ്റോറേജ് കണ്ടെയ്നറുകളിലും ടൂള്‍ ബോക്സുകളിലും സൂക്ഷിച്ചിരിക്കുകയായിരുന്നു. കത്തികള്‍, ഒരു വാള്, മരപ്പണിക്കുള്ള ഉപകരണങ്ങള്‍, കയറുകള്‍ എന്നിവയും പോലീസ് കണ്ടെടുത്തു. ഷിറൈഷിയ്ക്ക് കുറ്റകൃത്യങ്ങള്‍ സമ്മതിക്കുകയല്ലാതെ തരമില്ലാതായി. ഇരകളെ കണ്ടുമുട്ടിയ ഉടന്‍ തന്നെ കൊലപ്പെടുത്തിയെന്നും ശരീരങ്ങള്‍ ഛേദിച്ചെന്നും ഷിറൈഷി സമ്മതിച്ചു. 2020 ഒക്ടോബര്‍ 1-ന് ഒമ്പത് കൊലപാതകങ്ങള്‍ക്കും കുറ്റസമ്മതം നടത്തി. രണ്ട് മാസത്തിന് ശേഷം, അയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ശിക്ഷ നടപ്പിലാക്കുകയും ചെയ്തു.




