Featured Lifestyle

പുടിന്റെ കുട്ടിപ്പട്ടാളം? 8 വയസ്സുകാരന്‍ മുതല്‍ ഗ്രനേഡും തോക്കും പരിശീലിക്കുന്നു, റഷ്യയില്‍ കുട്ടികള്‍ക്ക് സൈനിക പരിശീലനം

മോസ്‌കോ: വ്‌ളാഡിമര്‍ പുടിന്‍ റഷ്യയുടെ അടുത്ത തലമുറയിലെ സൈനികരെന്ന് വിശേഷിപ്പിച്ച് കുട്ടികള്‍ക്ക് സൈനിക പരിശീലനം നല്‍കുന്നു. വീഡിയോയില്‍ റഷ്യന്‍ സൈനികര്‍ പരിശീലനം കൊടുക്കുന്ന കുട്ടികളില്‍ എട്ടു വയസുകാര്‍ മുതലുണ്ട് എന്നതും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ടെന്നുള്ളതും ലോകത്തെ ഞെട്ടിക്കുന്നു. അടുത്ത തലമുറയിലെ സൈനികരാവാന്‍ ലക്ഷ്യമിട്ട് ഒരു വേനല്‍ക്കാല ക്യാമ്പില്‍ നടക്കുന്ന പരിശീലനത്തിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

8 വയസ്സു മുതല്‍ 17 വയസ്സു വരെയുള്ള 83 കുട്ടികള്‍ക്ക് ഡോണ്‍ നദിക്ക് കുറുകെയുള്ള ഒരു ‘റൂട്ട് മാര്‍ച്ചില്‍’, ഗ്രനേഡുകള്‍ എറിയാനും, റൈഫിളുകള്‍ കൊണ്ടുപോകാനും, സൈനിക വേഷത്തില്‍ മണ്ണിലൂടെയും വെള്ളത്തിലൂടെയും ഇഴയാനും പരിശീലനം നല്‍കി. ”ഞങ്ങള്‍ ഗ്രനേഡുകള്‍ എറിയുകയും ഡമ്മി വെടിയുതിര്‍ക്കുകയും ചെയ്തു.” 8 വയസ്സുകാരനായ ഇവാന്‍ ഗ്ലുഷെങ്കോ ആവേശത്തോടെ പറഞ്ഞു. ക്യാമ്പ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ തുറന്നുകൊടുത്തതില്‍ സന്തോഷമുണ്ടെന്ന് ഗ്ലുഷെങ്കോ പറഞ്ഞു.

റഷ്യയിലെ റോസ്‌തോവ് മേഖലയില്‍, യുക്രെയ്ന്‍ അതിര്‍ത്തിക്ക് സമീപം നടന്ന ക്യാമ്പില്‍, യുക്രെയ്‌നില്‍ പോരാടിയ സൈനികരുടെ മേല്‍നോട്ടത്തിലാണ് കുട്ടികള്‍ക്ക് സൈനിക പരിശീലനം നല്‍കുന്നത്. ഭാവി സേവനത്തിനായി അവരെ വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള പരിശീലനങ്ങളുടെ ഭാഗമായി കുട്ടികള്‍ക്ക് യഥാര്‍ത്ഥ റൈഫിളുകളോ അല്ലെങ്കില്‍ അവയുടെ പകര്‍പ്പുകളോ നല്‍കി. പുടിന്റെ ഏറ്റവും പുതിയ സംരംഭങ്ങളിലൊന്നായ ഈ പരിപാടി, റഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ തലമുറയില്‍ പോലും രാജ്യസ്‌നേഹം വളര്‍ത്താനും അവരെ സൈന്യത്തിന്റെ ഭാഗമാക്കാനും രൂപകല്‍പ്പന ചെയ്തതാണെന്നാണ് അധികൃതരുടെ ന്യായീകരണം.

ദേശസ്‌നേഹപരമായ പരിശീലനം വളരെ പ്രധാനമാണ്. അവര്‍ക്ക് ഇവിടെ കൂടുതല്‍ സന്തോഷമുണ്ടെന്ന് പരിശീലകന്‍ വ്ളാഡിമിര്‍ യാനെങ്കോ പറഞ്ഞു. ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതും ഡ്രോണ്‍ നിര്‍മ്മിക്കുന്നതും ഉള്‍പ്പെടെയുള്ള ഈ സൈനിക പരിശീലനങ്ങളും ക്ലാസ്‌റൂം പാഠങ്ങളും അടുത്ത തലമുറയെ യുദ്ധത്തിനായി സജ്ജമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഭരണകൂടത്തിന്റെ പ്രചരണം മാത്രമാണെന്ന് വിമര്‍ശകര്‍ പറയുന്നത്.