കാട്ടില്‍ നിന്നും കിട്ടിയ കൂണുകള്‍ വിഷക്കൂണാണോ എന്നറിയാന്‍ കറിവെച്ച് വളര്‍ത്ത് നായയ്ക്ക് നല്കിയ വീട്ടിലെ കുടുംബാംഗങ്ങള്‍ മുഴുവന്‍ വയറിളക്കവും ഛര്‍ദ്ദിയും പിടിപെട്ട് ആശുപത്രിയില്‍. നായയ്ക്കാകട്ടെ ഒരു കുഴപ്പവുമില്ലതാനും. ചൈനയില്‍ നടന്ന സംഭവത്തില്‍ സിചുവാന്‍ പ്രവിശ്യയില്‍ നിന്നുള്ള 74 കാരനാണ് പണി കിട്ടിയത്. ഭക്ഷണം കഴിച്ച നായയ്ക്ക് വിശപ്പില്ലായ്മ മാത്രമായിരുന്നു കണ്ടത്.
ജൂലൈ 13 നായിരുന്നു സംഭവം. തന്റെ ഔഷധ കൃഷിയിടത്തില്‍ നിരവധി കാട്ടു കൂണുകളുടെ കൂട്ടങ്ങള്‍ ഒരാള്‍ കണ്ടെത്തി. പ്രാദേശിക വിപണികളില്‍ കാണപ്പെടുന്ന തരം ചിതല് കൂണുകള്‍ പോലെ അവ വെളുത്തതും വഴുവഴുപ്പുള്ളതുമായി കാണപ്പെട്ടുവെന്നാണ് 74 കാരന്റെ മകന് പറഞ്ഞത്. കാട്ടു കൂണുകള്‍ വിഷമുള്ളതാണെന്ന് അറിയാമായിരുന്നിട്ടും, ജിയാങ് സീനിയര്‍ അവ ഉപേക്ഷിക്കാന്‍ തയ്യാറായില്ല.
പകരം, അവ കഴിക്കാന്‍ സുരക്ഷിതമാണോ എന്ന് പരിശോധിക്കാന്‍ അയാള്‍ അവ പാകം ചെയ്ത് തന്റെ വളര്‍ത്തുനായയ്ക്ക് കൊടുത്തു. രണ്ട് ദിവസം കാത്തിരുന്നെങ്കിലും തന്റെ നായയ്ക്ക് വിശപ്പില്ലായ്മ ഒഴികെ മറ്റൊന്നും സംഭവിച്ചില്ല. കൂണുകള്‍ സുരക്ഷിതമാണെന്ന് അയാള്‍ കരുതി, ഭാര്യയ്ക്കും മകനും പാകം ചെയ്തു കൊടുത്തു. എങ്കിലും പ്രശ്നം തോന്നിയതിനാല്‍ അവര്‍ കുറച്ച് മാത്രമാണ് കഴിച്ചത്.
മൂന്ന് മണിക്കൂറിന് ശേഷം ഓക്കാനവും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് അവരുടെ വയറ് ക്ലീന്‍ ചെയ്തു. ആ കുടുംബത്തിന്റെ ദുരിതകഥയ്ക്ക് ഓണ്‍ലൈനില്‍ നിരവധി കമന്റുകള്‍ ലഭിച്ചു. അര്‍ഹിക്കുന്ന ദുരന്തം എന്നായിരുന്നു കൂടുതല്‍ പേരും പ്രതികരിച്ചത്. ‘മൃഗങ്ങളുടെ ജീവനെ ബഹുമാനിക്കാത്തതിന് അവര്‍ നല്കിയ വിലയാണിത്,’ ഒരാള്‍ പറഞ്ഞു.
ചൈനയില്‍ കൂണ് സീസണ് ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയാണ്. സമീപ വര്‍ഷങ്ങളില്‍ സിചുവാനിലെ യുവാക്കള്‍ക്കിടയില്‍ പാചകത്തിനായി കാട്ടു കൂണുകള്‍ ശേഖരിക്കുന്ന ഒരു പുതിയ പ്രവണത വികസിച്ചിരിക്കുന്നു. ഭക്ഷ്യയോഗ്യമായ കൂണുകളുമായി എളുപ്പത്തില്‍ ആശയക്കുഴപ്പത്തിലാക്കാന്‍ സാധ്യതയുള്ള ഫൂള്‍സ് മഷ്റൂം, നിയോബോളെറ്റസ് വെനിനാറ്റസ് തുടങ്ങിയ വിഷമുള്ള കൂണുകളുടെ ആവാസ കേന്ദ്രമാണ് ഈ പ്രവിശ്യ. കാട്ടു കൂണുകള്‍ കഴിക്കുന്നതിനെതിരെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.




