പാലോട് ‘സുമതി വളവ്’ തട്ടിപ്പില്‍ പണം പോയതു നൂറു കണക്കിനു പേര്‍ക്കെന്നു നിഗമനം. നാണക്കേട് ഭയന്നാണ് പലരും തട്ടിപ്പിനിരയായത് പുറത്തുപറയാത്തത്. ഡേറ്റിങ് ആപ് വഴി ഓണ്‍ലൈന്‍ കെണി ഒരുക്കി യുവാവിനെ തട്ടിക്കൊണ്ടു പോയി സ്വര്‍ണാഭരണം കവര്‍ന്ന കേസിലെ പ്രതികള്‍ സമാനമായ രീതിയില്‍ നിരവധി പേരില്‍ നിന്നും പണം തട്ടിയെടുത്തതായാണു വിവരം. സൈബര്‍ അന്വേഷണ മികവിലാണു നാലു പ്രതികളെ പടികൂടിയത്. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു.
നൂറോളം പേരെ ഇവര്‍ തട്ടിപ്പിന് ഇരയാക്കിയതായാണ് കണ്ടെത്തല്‍. തെളിവുകള്‍ പരമാവധി ഇല്ലാതാക്കിയായിരുന്നു തട്ടിപ്പ്. മൊബൈല്‍ ഫോണ്‍ വഴി സംസാരിക്കുന്നത്‌ഒഴിവാക്കി ആപ് വഴി സംസാരിച്ചതു തെളിവുകള്‍ ഇല്ലാതാക്കാനായിരുന്നു. പരാതിക്കാരന്റെ മൊബൈല്‍ ഫോണ്‍ പ്രതികള്‍ വാങ്ങി അതിലെ വിവരങ്ങള്‍ മുഴുവന്‍ നശിപ്പിച്ചു.
തുടര്‍ന്ന് സൈബര്‍ ഫൊറന്‍സിക് വഴി ഫോണിലെ നഷ്‌ടപ്പെട്ട വിവരങ്ങള്‍ വീണ്ടെടുത്ത ശേഷമാണു പ്രതികളുടെ വിവരങ്ങള്‍ ശേഖരിച്ചത്.
യഥാര്‍ഥ സംഭവം മറച്ചുവച്ച് അജ്‌ഞാത സംഘം തട്ടിക്കൊണ്ടു പോയി സ്വര്‍ണം കവര്‍ന്നു എന്നാണ് ആദ്യം പരാതി നല്‍കിയത്. സംശയം തോന്നിയ പൊലീസ് പരാതിക്കാരനെ കൂടുതല്‍ ചോദ്യം ചെയ്‌തപ്പോഴാണ് ഡേറ്റിങ് ആപ് സംഭവം പുറത്തറിയുന്നത്. മൂന്നു പവന്‍ സ്വര്‍ണമാണ് നഷ്‌ടപ്പെട്ടത്.
ഓണ്‍ലൈന്‍ ഡേറ്റിങ് ആപ് ഉപയോഗിക്കുന്ന യുവാവിനെ വെഞ്ഞാറമൂടിനു സമീപം മുക്കുന്നൂര്‍ ജംഗ്‌ഷനിലേക്കു വിളിച്ചു വരുത്തി. കാറില്‍ യുവാവിനെ കയറ്റി ആളൊഴിഞ്ഞ ഭാഗത്തേക്കു മാറ്റി പാര്‍ക്ക് ചെയ്‌തു. ഈ സമയം കാറില്‍ രണ്ടു പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നാലെ അപരിചിതരെപ്പോലെ സംഘത്തിലെ മറ്റു രണ്ടു പേര്‍ കാറില്‍ വന്നു കയറി പരാതിക്കാരനായ യുവാവിനെ മര്‍ദിക്കുകയും കത്തി കാണിച്ചു ഭീഷണിപ്പെടുത്തി മുഖം മൂടിക്കെട്ടി കാറില്‍ കൊണ്ടുപോകുകയും ചെയ്‌തു.
കാരേറ്റ് പാലോട് റോഡില്‍ പാലോടിനു സമീപം സുമതി വളവില്‍ എത്തിച്ച് കാര്‍ നിര്‍ത്തിയ ശേഷം ആഭരണം ഊരിയെടുക്കുകയും മര്‍ദിച്ച് അവശനാക്കി വിജനമായ സ്‌ഥലത്ത് ഇറക്കി വിടുകയും ചെയ്‌തു. രക്ഷപ്പെട്ട് വെഞ്ഞാറമൂട്ടില്‍ എത്തിയ യുവാവ് പിറ്റേ ദിവസം വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കി. യുവാവില്‍ നിന്നും തട്ടിയെടുത്ത സ്വര്‍ണം ഒന്നാം പ്രതി സുധീര്‍ കൊല്ലം ജില്ലയില്‍ ഒരു ധനകാര്യ സ്‌ഥാപനത്തില്‍ 1.25 ലക്ഷം രൂപയ്‌ക്ക് പണയം വച്ചു. ഒരു മാസത്തിനിടയില്‍ സമാന സംഭവത്തില്‍ ലക്ഷങ്ങള്‍ സംഘം തട്ടിയെടുത്തിട്ടുണ്ട്. തട്ടിയെടുത്ത തുകകള്‍ എല്ലാം സുധീറിന്റെ അക്കൗണ്ടില്‍ ഉണ്ട്. ഇവരുടെ ഫോണില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.




