Crime

റോസമ്മയും സെബാസ്റ്റ്യനും തമ്മിൽ അടുത്തബന്ധം; മൊഴികളില്‍ അസ്വാഭാവികത

മൂന്നു സ്‌ത്രീകളെ കാണാതായ സംഭവങ്ങളില്‍ ചേര്‍ത്തല സ്വദേശി റോസമ്മയെ വിശദമായി ചോദ്യചെയ്യാന്‍ അന്വേഷണസംഘം. സെബാസ്‌റ്റ്യനുമായും കാണാതായ ഐഷയുമായും ഇവര്‍ക്കുണ്ടായിരുന്ന അടുപ്പമാണു സംശയത്തിനു കാരണം. റോസമ്മയുടെ മൊഴികളില്‍ അസ്വാഭാവികതയുണ്ടെന്നാണു പോലീസിന്റെ വിലയിരുത്തല്‍.

കാണാതാകുന്നതിന് മുമ്പ് ഐഷ വിൽപന നടത്തിയ വീടിന് തൊട്ടുചേർന്നാണ് റോസമ്മ താമസിക്കുന്നത്. റോസമ്മയും സെബാസ്റ്റ്യനും ഐഷയും തമ്മിൽ അടുത്ത ബന്ധത്തിലായിരുന്നുവെന്നാണ് പ്രദേശവാസികളും ആക്ഷൻ കൗൺസിൽ അംഗങ്ങളും പറയുന്നത്. റോസമ്മ ഇപ്പോൾ പോലീസ് നിരീക്ഷണത്തിലാണ്.

ഇവര്‍ നടത്തിയിരുന്ന കോഴിഫാമിനെ ചുറ്റിപ്പറ്റിയും ദുരുഹത. നഗരസഭ ഏഴാം വാര്‍ഡ്‌ ഉടുമ്പനാട്‌ റോസമ്മ (70) വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌ കോഴി ഫാം തുടങ്ങിയത്‌. എന്നാല്‍, ഒരു വര്‍ഷം മാത്രം നടത്തിയ ശേഷം നിര്‍ത്തിയതാണു സംശയത്തിനു കാരണം. ഏറെ പണം മുടക്കി സിമന്റില്‍ അടിത്തറയിട്ട്‌ സൈഡ്‌ മറച്ച്‌ മേല്‍ക്കൂരയും പണിതാണ്‌ മൂന്നു ഷെഡുകള്‍ ഒരുക്കിയിട്ടുള്ളത്‌. ലൈസന്‍സ്‌ ഇല്ലാത്തതിനാലാണ്‌ പ്രവര്‍ത്തനം നിര്‍ത്തിയതെന്നാണ്‌ റോസമ്മ പറയുന്നത്‌.

സെബാസ്‌റ്റ്യന്റെ കൃത്യങ്ങള്‍ കേട്ടപ്പോള്‍ ഉദ്യോഗസ്‌ഥരുരുടെ മുന്നില്‍ ഞെട്ടലും അമ്പരപ്പുമാണ്‌ റോസമ്മ പ്രകടിപ്പിച്ചത്‌. താനുമായി സൗഹൃദം ഉണ്ടായിരുന്നുവെങ്കിലും ഇയാള്‍ ഇത്തരക്കാരനായിരുന്നെന്ന്‌ അറിയില്ലായിരുന്നെന്നും വിവാഹാലോചനയുമായി സെബാസ്‌റ്റ്യന്‍ വന്നെങ്കിലും താന്‍ ഒഴിഞ്ഞുമാറിയതായി റോസമ്മ പറഞ്ഞു.സെബാസ്‌റ്റ്യന്‍ സ്‌ഥലം വില്‍പ്പനയുമായി ബന്ധപെട്ടാണ്‌ തന്നെ സമീപിച്ചത്‌. ഇയാള്‍ തന്റെ അനുമതിയില്ലാതെ ഭൂമി കാടുവെട്ടി തെളിച്ചു. വസ്‌തു വില്‍ക്കാന്‍ സഹായിക്കുന്നതിന്‌ വേണ്ടിയാണിതെന്നാണ്‌ പറഞ്ഞത്‌. ഈ ഘട്ടത്തിലാണ്‌ ഐഷയുമായി അടുപ്പത്തിലായത്‌.

ഒരേക്കറോളമുള്ള സ്ഥലത്ത് റോസമ്മ ഒറ്റയ്ക്കാണ് താമസം. വീടിന് മുൻ ഭാഗത്തായാണ് കോഴി ഫാം ഉള്ളത്. ഐഷ ഉള്ളപ്പോഴായിരുന്നു കോഴി ഫാം പണിത സ്ഥലം വാങ്ങിയതെന്ന് റോസമ്മ പറഞ്ഞു. ഐഷയെ കാണാതായതിന് ശേഷമാണ് കോഴി ഫാം പണിതത്

പിന്നീട്‌ ഐഷയെ കാണാതായെങ്കിലും ഇവരുടെ ഫോണില്‍ നിന്ന്‌ പലപ്പോഴും കോള്‍ വന്നിരുന്നതായും റോസമ്മ പറഞ്ഞു. തനിക്ക്‌ ഇതേക്കുറിച്ച്‌ കൂടുതല്‍ ഒന്നും അറിയില്ലെന്നാണ്‌ ഇവര്‍ പറയുന്നത്‌. അന്വേഷണ സംഘം റോസമ്മയില്‍ നിന്ന്‌ വിശദമായി മൊഴിയെടുക്കുമെന്നാണ്‌ സൂചന.