ഹോം ഗാര്‍ഡ് റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ യുവതിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ കൂട്ടബലാത്സംഗത്തിനിരയാക്കി. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം.
ഹോം ഗാര്‍ഡ് റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുത്ത ഇരുപത്തിയാറുകാരി ശാരീരിക പരിശോധനയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ബോധ് ഗയയിലെ ബീഹാര്‍ മിലിട്ടറി പോലീസ് ഗ്രൗണ്ടിലായിരുന്നു ഹോം ഗാര്‍ഡ് റിക്രൂട്ട്മെന്റ് റാലി. കുഴഞ്ഞുവീണ യുവതിയെ അവിടെയുണ്ടായിരുന്ന ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് ഉടന്‍ മാറ്റാന്‍ സംഘാടകര്‍ സൗകര്യമൊരുക്കി. എന്നാല്‍, താന്‍ അബോധാവസ്ഥയിലായിരുന്ന സമയത്ത് ആംബുലന്‍സിനുള്ളില്‍ ഒന്നിലധികംപേര്‍ ചേര്‍ന്നു ബലാത്സംഗത്തിന് ഇരയാക്കിയെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
യുവതിയുടെ മൊഴിയെടുത്ത ബോധ് ഗയ പോലീസ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘ(എസ്.ഐ.ടി.)വും ഫോറന്‍സിക് സംഘവും രൂപീകരിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍, ആംബുലന്‍സ് ഡ്രൈവര്‍ വിനയ് കുമാറിനെയും ടെക്നീഷ്യന് അജിത് കുമാറിനെയും എസ്.ഐ.ടി. അറസ്റ്റ് ചെയ്തു. ഇരുവരും കസ്റ്റഡിയിലാണ്. സമീപത്തുള്ള സി.സി.ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് വാഹനത്തിന്റെ റൂട്ടും സമയക്രമവും സ്ഥിരീകരിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
“ബോധം നഷ്ടപ്പെട്ടതിനാല്‍ ആശുപത്രിയിലേക്കുള്ള യാത്രക്കിടെയുണ്ടായ സംഭവങ്ങളെക്കുറിച്ച് ഭാഗികമായി മാത്രമെ ഓര്ക്കുന്നുള്ളൂവെന്ന് യുവതി പറഞ്ഞു. ആംബുലന്‍സിനുള്ളില്‍ നാലോളം പുരുഷന്മാര് തന്നെ ബലാത്സംഗം ചെയ്തതായി അവര്‍ പിന്നീട് പോലീസിനെയും ആശുപത്രി അധികൃതരെയും അറിയിച്ചു.
സംഭവത്തെത്തുടര്‍ന്ന് ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) എം.പി. ചിരാഗ് പാസ്വാന് ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. ബിഹാറിലെ ക്രമസമാധാന നിലയെ പാസ്വാന് വിമര്‍ശിക്കുകയും സംസ്ഥാന പോലീസിന്റെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്യുകയും ചെയ്തു.




