രാജ്യത്തെ ജനന നിരക്ക് കുത്തനെ ഇടിഞ്ഞത് പരിഹരിക്കാന്‍ കൗമാരക്കാരികളായ അമ്മമാരെ പ്രോല്‍സാഹിപ്പിക്കാന്‍ റഷ്യ. ഏകദേശം ഒരു ലക്ഷത്തിലേറെ രൂപയാണ് പ്രസവിക്കുന്നതിനും കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനുമായി സ്കൂള്‍ വിദ്യാര്‍ഥിനികളായ അമ്മമാര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. തുടക്കത്തില്‍ റഷ്യയിലെ തിരഞ്ഞെടുത്ത പത്ത് പ്രദേശങ്ങളെയാണ് പദ്ധതി നടപ്പിലാക്കുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
2025 മാര്‍ച്ചിലാണ് ഇത് സംബന്ധിച്ച നയം ആദ്യമായി കൊണ്ടുവന്നത്. തുടക്കത്തില്‍ ഇത് പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ 2.05 വേണം ജനന നിരക്ക് എന്നിരിക്കെ 1.41 ആണ് 2023 ലെ കണക്കനുസരിച്ച് റഷ്യയിലെ ജനന നിരക്ക്. ഇത് മറികടക്കുന്നതിനായാണ് കുറച്ചു കൂടി വിശാലമായി റഷ്യ ചിന്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇക്കാര്യത്തില്‍ കടുത്ത ഭിന്നാഭിപ്രായം റഷ്യയില്‍ തന്നെ രൂപപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൗമാരക്കാരായ അമ്മമാരെ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നതില്‍ ധാര്‍മിക പ്രശ്നമുണ്ടെന്ന് എതിര്‍ക്കുന്നവര്‍ വാദിക്കുമ്പോള്‍ രാജ്യത്തെ രക്ഷിക്കാന്‍ മറ്റു വഴിയില്ലെന്നാണ് മറുപക്ഷം പറയുന്നത്. ജനസംഖ്യ കുത്തനെ കുറയുന്നത് ദേശീയ പ്രാധാന്യമുള്ള വിഷയമായി കണ്ട് ജനങ്ങള്‍ സഹകരിക്കണമെന്നാണ് പുട്ടിന്റെ നിലപാട്.
അതേസമയം, ജനസംഖ്യയിലുണ്ടാകുന്ന ഈ ഇടിവ് റഷ്യയുടെ മാത്രം തലവേദനയല്ലെന്നാണ് ആഗോള കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2050 ഓടെ ലോകത്തെ 75 ശതമാനം രാജ്യങ്ങളിലും ജനസംഖ്യ കുറയുമെന്നും ഗര്‍ഭധാരണ നിരക്ക് കുറയുന്നതിനെ തുടര്‍ന്നാണിത് സംഭവിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു




