ഡെലിവറി എക്സിക്യൂട്ടീവായി വേഷംമാറി വന്ന ആള് ബലാത്സംഗം ചെയ്തുവെന്ന ഇരുപത്തിരണ്ടുകാരി ടെക്കിയുടെ ആരോപണം പൊളിച്ചടുക്കി മഹാരാഷ്ട്ര പോലീസ്. പ്രതി ടെക്കിയുടെ സുഹൃത്താണെന്നും പോലീസ്.
യുവതിയുടെ ആരോപണം വന്ന് രണ്ട് ദിവസത്തിനു ശേഷം ഇന്നലെ ഒരാള്‍ അറസ്റ്റിലായി. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് കേസിലെ വഴിത്തിരിവ്.
ഡെലിവറി എക്സിക്യൂട്ടീവിന്റെ വേഷത്തിലെത്തിയ ആള് വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്നായിരുന്നു ടെക്കിയുടെ ആരോപണം. ഒരു ഡെലിവറിയുണ്ടെന്ന് അയാള്‍ പറഞ്ഞു. ഓര്‍ഡര്‍ ഒന്നും നല്‍കിയിട്ടില്ലെന്ന് താന്‍ പറഞ്ഞു. പക്ഷേ, ഒരു ഒപ്പ് ഇടണമെന്ന് അയാള്‍ നിര്‍ബന്ധിച്ചു. തുടര്‍ന്ന് അപ്പാര്‍ട്ട്മെന്റില്‍ ബലമായി കയറി ലൈംഗികമായി പീഡിപ്പിച്ചുവെന്നും ടെക്കി അവകാശപ്പെട്ടിരുന്നു.
പ്രതി കെമിക്കല്‍ സ്പ്രേ ഉപയോഗിച്ച് ബോധരഹിതയാക്കി. അയാള്‍ പോയ ശേഷമാണ് ബോധം തെളിഞ്ഞത്. പോകുന്നതിനു മുമ്പ് അയാള്‍ തന്റെ ഫോണില്‍ ഫോട്ടോ എടുത്തെന്നും സംഭവം പുറത്തുപറഞ്ഞാല്‍ അവ ഓണ്‍ലൈനിലൂടെ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി സന്ദേശം അയച്ചതായും സ്ത്രീ പോലീസിനോട് പറഞ്ഞു.
എന്നാല്‍, പുരുഷനൊപ്പം സെല്‍ഫി എടുത്തത് ടെക്കി തന്നെയാണെന്ന് പോലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ സ്ഥിരീകരിച്ചു. ഇരുവര്‍ക്കും രണ്ട് വര്‍ഷമായി പരസ്പരം അറിയാം. ഒരേ സമുദായത്തില്‍പെട്ടവരാണ്. സ്ത്രീ സ്വയം എടുത്ത സെല്‍ഫിയാണ് പോലീസിനെ കാട്ടിയത്. അതില്‍ യുവാവിന്റെ മുഖം വ്യക്തമായി കാണിച്ചിരുന്നു. പിന്നീട് ടെക്കി അത് എഡിറ്റ് ചെയ്ത് ഭീഷണിസന്ദേശം ഒപ്പം ടൈപ്പ് ചെയ്യുകയായിരുന്നെന്നും പോലീസ് പറഞ്ഞു. ബോധരഹിതയാക്കാന്‍ ഒരു കെമിക്കല്‍ സ്പ്രേയും ഉപയോഗിച്ചിട്ടില്ല. ബലാത്സംഗ ആരോപണം ഉന്നയിച്ചത് എന്തുകൊണ്ടാണെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. പെണ്‍കുട്ടിയുടെ മാനസികാവസ്ഥ നിലവില്‍ നല്ലതല്ലെന്നും പോലീസ് വെളിപ്പെടുത്തി.




