Lifestyle

ഗാന്ധിയുടെ അപൂര്‍വചിത്രം ലണ്ടനില്‍ വില്‍പ്പനയ്ക്കെത്തുന്നു ; ഒരേയൊരു എണ്ണഛായാചിത്രം !

ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ജീവാത്മാവും പരമാത്മാവുമായ മഹാത്മാ ഗാന്ധിയുടെ 1931-ലെ പെയിന്റിംഗ് ജൂലൈ 7 മുതല്‍ ജൂലൈ 15 വരെ ബോണ്‍ഹാംസില്‍ ലേലം ചെയ്യും. ലേലശാലയും പെയിന്റിംഗ് സൃഷ്ടിച്ച ബ്രിട്ടീഷ്-അമേരിക്കന്‍ കലാകാരന്‍ ക്ലെയര്‍ ലെയ്ടണിന്റെ കുടുംബവും പറയുന്നതനുസരിച്ച്, മഹാത്മാഗാന്ധിയുടെ ഒരേയൊരു എണ്ണ ഛായാചിത്രം ഇതാണ് എന്ന് വിശ്വസിക്കപ്പെടുന്നു.

മരം കൊത്തുപണികള്‍ക്ക് പേരുകേട്ട ക്ലെയര്‍ ലെയ്ട്ടന്റെ അപൂര്‍വ സൃഷ്ടിയാണ് ഇത്. ചിത്രകാരന്റെ അനന്തരവന്‍ കാസ്പര്‍ ലെയ്ടണ്‍, ചിത്രരചനയെ ‘മറഞ്ഞിരിക്കാന്‍ സാധ്യതയുള്ള നിധി’ എന്നാണ് വിശേഷിപ്പിച്ചത്. പെയിന്റിംഗിന് 68,000 ഡോളറിനും 95,000 ഡോളര്‍ വരെയാണ് വില കണക്കാക്കുന്നത്. 1931 നവംബറില്‍ ഇത് ലണ്ടനില്‍ പ്രദര്‍ശിപ്പിച്ചു. 1978-ല്‍ ക്ലെയര്‍ ലെയ്ട്ടന്റെ സൃഷ്ടികളുടെ ബോസ്റ്റണ്‍ പബ്ലിക് ലൈബ്രറി എക്സിബിഷനില്‍ മാത്രമാണ് ഈ ചിത്രത്തിന്റെ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഒരേയൊരു പൊതു പ്രദര്‍ശനം.

ക്ലെയറിന്റെ മരണശേഷം, കലാസൃഷ്ടി കാസ്പറിന്റെ പിതാവിലേക്കും കൈമാറി. 1931-ല്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ബ്രിട്ടീഷ് ഗവണ്‍മെന്റുമായി ചര്‍ച്ചകള്‍ക്കായി ലണ്ടനില്‍ ആയിരുന്ന ക്ലെയര്‍ ലെയ്ടണ്‍ ഗാന്ധിയെ കണ്ടിരുന്നു. ലണ്ടനിലെ ഇടതുപക്ഷ കലാസാഹിത്യ വൃത്തങ്ങളുടെ ഭാഗമായിരുന്ന ക്ലെയറിന് മഹാത്മാഗാന്ധിയെ പരിചയപ്പെടുത്തിയത് അവരുടെ പങ്കാളിയായ പത്രപ്രവര്‍ത്തകനായ ഹെന്റി നോയല്‍ ബ്രെയില്‍സ്ഫോര്‍ഡായിരുന്നു.

ലെയ്ട്ടന്റെ കുടുംബം പറയുന്നതനുസരിച്ച്, 1970 കളുടെ തുടക്കത്തില്‍ ഛായാചിത്രം കത്തി ഉപയോഗിച്ച് നശിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ആക്രമണം എവിടെയും രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ പെയിന്റിംഗിന്റെ പിന്‍ഭാഗത്തുള്ള ഒരു ലേബല്‍ 1974-ല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ അതിന്റെ പുനഃസ്ഥാപനത്തെ സ്ഥിരീകരിക്കുന്നു.