Movie News

ഒരു മരത്തിന് പിന്നില്‍പോയി തുണിമാറാന്‍ ആവശ്യപ്പെട്ടു ; ക്രൂ അംഗത്തോട് ബിഗ്ബി ആക്രോശിച്ചെന്ന് ശോഭന

താന്‍ ജോലി ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും എളിമയുള്ള കലാകാരന്‍ അമിതാഭ് ബച്ചനെന്ന് നടി ശോഭന. ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന സൂപ്പര്‍താരം അമിതാഭ് ബച്ചന്റെ എളിമയെയും വിനയത്തെയും മാന്യതയെയും കുറിച്ച് നടി ശോഭന അടുത്തിടെ അനുസ്മരിച്ചു. അമിതാഭ് ബച്ചന്‍, പ്രഭാസ്, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍ എന്നിവര്‍ക്കൊപ്പം നാഗ് അശ്വിന്റെ ‘കല്‍ക്കി 2898 എഡി’യില്‍ പങ്കാളിയാകുന്ന നടി ശോഭന ബച്ചന്റെ സെറ്റില്‍ താന്‍ നേരിട്ട ചില അനുഭവങ്ങളെക്കുറിച്ചാണ് പറഞ്ഞത്.

ഇന്‍സ്റ്റാഗ്രാമില്‍ അടുത്തിടെ നടന്ന ഒരു ലൈവ് സെഷനില്‍ ബച്ചനില്‍ ആദ്യകാലത്ത് കണ്ടിരുന്ന അതേ എളിമ ഇപ്പോഴുമുണ്ടെന്ന് നടി പറഞ്ഞു. അഹമ്മദാബാദിലെ ഒരു ഗാന ചിത്രീകരണത്തിനിടെ വസ്ത്രം മാറാനായി മരത്തിന്റെ മറവ് ചൂണ്ടിക്കാണിച്ച ക്രൂ അംഗത്തോട് ബച്ചന്‍ കയര്‍ത്തെന്നും വസ്ത്രം മാറാന്‍ തന്റെ കാരാവാന്‍ നടന്‍ വിട്ടുതന്നെന്നും നടി പറഞ്ഞു.

‘ബച്ചന്‍ സാര്‍, അന്നുമുതല്‍ ഇന്നുവരെ, ഒന്നുതന്നെയാണ്. ഞാന്‍ ജോലി ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും എളിമയുള്ള കലാകാരന്‍. യഥാര്‍ത്ഥത്തില്‍, ചില മികച്ച കലാകാരന്മാര്‍ ഒരു സ്വഭാവം പങ്കിടുന്നു: വിനയം,’ അവര്‍ പങ്കുവെച്ചു.

”വര്‍ഷങ്ങള്‍ക്ക് മുമ്പ് അഹമ്മദാബാദില്‍ വെച്ച് ഒരു പാട്ടിന്റെ ഒരു ചെറിയ ഭാഗം ഞാന്‍ അദ്ദേഹത്തോടൊപ്പം ചിത്രീകരിച്ചു. പാട്ടില്‍ പല വസ്ത്രം മാറേണ്ട സാഹചര്യം ഉണ്ടായിരുന്നു. ബച്ചന്‍ സാറിന് ഒരു കാരവന്‍ ഉണ്ടായിരുന്നു, എല്ലാവരും ഷൂട്ട് കാണാന്‍ വന്നതിനാല്‍ നഗരം മുഴുവന്‍ നിശ്ചലമായി. അങ്ങനെ ഒരുപാട് വേഷവിധാനങ്ങള്‍ ഉള്ളതിനാല്‍ എന്റെ കാരവന്‍ എവിടെയാണെന്ന് ഞാന്‍ ചോദിച്ചു. ആരോ പറഞ്ഞു, അവര്‍ മലയാള സിനിമയില്‍ നിന്നാണ്, അവരെല്ലാം വളരെ അഡ്ജസ്റ്റ് ചെയ്യാവുന്നവരാണ് – അവള്‍ക്ക് ഒരു മരത്തിന്റെ മറവ് തന്നെ ധാരാളമാണ്. എന്നാല്‍ ബച്ചന്‍ സാര്‍ വോക്കി-ടോക്കിയില്‍ ഇത് കേട്ടു. ഉടന്‍ പുറത്തിറങ്ങി, ‘ആരാണ് അങ്ങനെ പറഞ്ഞത്?’ എന്ന് ചോദിച്ചു, എന്നിട്ട് അയാള്‍ക്ക് നേരെ പൊട്ടിത്തെറിച്ചു. തുടര്‍ന്ന് തന്റെ കാരവാന്‍ ഉപയോഗിക്കാന്‍ അനുവദിച്ചു.”

വര്‍ഷങ്ങള്‍ക്ക് ശേഷം കല്‍ക്കി 2898 എഡി ഷൂട്ടിങ്ങിനിടയിലും ബച്ചന്‍ അതേ വിനയം പ്രകടിപ്പിച്ചതായും നടി കുറിച്ചു. ”സെറ്റില്‍ ആളുകള്‍ അദ്ദേഹത്തെ കാണാന്‍ വരുമ്പോള്‍, അഭിനയത്തിന്റെ മൂഡില്‍ ആയിരുന്നിട്ടും അഭിവാദ്യം ചെയ്യാന്‍ അദ്ദേഹം എഴുന്നേല്‍ക്കുമായിരുന്നു.”