Featured Sports

രോഹിത് ആഗ്രഹിച്ചത് ധോണിയെ പോലെ നായകനായി വിരമിക്കല്‍; അതുവേണ്ടെന്ന് ബിസിസിഐ

ഇന്ത്യന്‍ ക്രിക്കറ്റിലെ ടെസ്റ്റ് ടീമില്‍ നിന്നും ഇന്ത്യയുടെ സീനിയര്‍ ബാറ്റ്‌സ്മാന്‍മാരായ രോഹിത്ശര്‍മ്മയും വിരാട്‌കോഹ്ലിയും അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചതാണ് ഇന്ത്യന്‍ ടീമിലെ പ്രധാന ചര്‍ച്ച. വെള്ളിയാഴ്ച ഇംഗ്‌ളണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ രോഹിത് ശര്‍മ്മയ്ക്ക് നായകസ്ഥാനം നല്‍കി മാന്യമായി വിരമിക്കാന്‍ അവസരം നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ചൂടുപിടിച്ചിരുന്നു.

2014ലെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ധോണി ചെയ്തതുപോലെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഇംഗ്ലണ്ടിലേക്ക് പോകാനും പാതിവഴിയില്‍ വിരമിക്കാനും രോഹിത് ശര്‍മ്മ ആഗ്രഹിച്ചിരുന്നുവെന്ന് സ്‌കൈ സ്പോര്‍ട്സിന്റെ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, ഈ ഓഫര്‍ ബിസിസിഐ നിരസിച്ചതാണ് പരമ്പരയ്ക്ക് മുമ്പ് തന്നെ വിരമിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

‘സീരീസ് സമയത്ത് സെലക്ടര്‍മാര്‍ സ്ഥിരത ആഗ്രഹിച്ചു. പരമ്പരയിലേക്ക് പോകാനുള്ള അവസരം ശര്‍മ്മയ്ക്ക് വാഗ്ദാനം ചെയ്തു. പക്ഷേ അത് ക്യാപ്റ്റനായി ആയിരിക്കില്ല കളിക്കാരനായിട്ടായിരിക്കുമെന്ന് പറഞ്ഞു. ഇതോടെ കളിക്കാരനായി വിരമിക്കുന്നതിനേക്കാള്‍ നല്ലത് നായകനായി വിരമിക്കുകയാണെന്ന് രോഹിതും തീരുമാനിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കോഹ്ലിയും രോഹിതിനെ പിന്തുടര്‍ന്നു. തല്‍ഫലമായി, ആധുനിക ക്രിക്കറ്റിലെ രണ്ട് പ്രതിഭകളുടെ വിരമിക്കല്‍ മൂലമുണ്ടായ ശൂന്യത നികത്താന്‍ ബിസിസിഐ സെലക്ടര്‍മാര്‍ കടുത്ത വെല്ലുവിളി നേരിടുന്നു.

രോഹിതിന്റെ പിന്‍ഗാമിയായി അടുത്ത ടെസ്റ്റ് ക്യാപ്റ്റനാകാന്‍ സാധ്യതയുള്ളവരായി ശുഭ്മാന്‍ ഗില്ലിനോടും ഋഷഭ് പന്തിനോടും ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി അനൗപചാരിക ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. മെയ് 23 ന് ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീമിനെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ബുംറയെയും ഗില്ലിനെയും ചുറ്റിപ്പറ്റി നിരവധി മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെങ്കിലും ഔദ്യോഗികമായി ഒന്നും സ്ഥിരീകരിച്ചിട്ടില്ല. രോഹിതിന്റെ വിരമിക്കലിന് ശേഷം ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തില്‍ ഗില്‍ ഇന്ത്യയുടെ നായകനാകുമെന്ന് പ്രതീക്ഷിക്കുന്നു. റിഷഭ് പന്ത് അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ആകാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *