ഡെലിവറി കഴിഞ്ഞ് വെറും ഒരു മണിക്കൂറിന് ശേഷം തൻ്റെ പുതിയ ഫെറാറി കാർ കത്തിനശിച്ചതിനെതുടർന്ന് ഹൃദയം തകർന്ന് യുവാവ്. ജപ്പാനിലാണ് സംഭവം. ദി സൺ പറയുന്നതനുസരിച്ച്, ഫെരാരി 458 സ്പൈഡർ സ്വന്തമാക്കാനായി പത്ത് വര്‍ഷം സ്വരുക്കൂട്ടിവെച്ച സമ്പാദ്യമെല്ലാം ചേര്‍ത്ത് വെച്ചാണ് ജപ്പാനിലെ മ്യൂസിക് പ്രൊഡ്യൂസറായ ഹോന്‍കോന്‍ എന്ന 33-കാരന്‍. എന്നാല്‍ ആ സ്വപ്‌നസാക്ഷാല്‍ക്കാരത്തിന് വെറും ഒരുമണിക്കൂര്‍ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ.
നിർഭാഗ്യവശാൽ, അതിൻ്റെ എഞ്ചിന് തീപിടിക്കുന്നതിന് മുൻപുള്ള ഏതാനും മിനിറ്റ് മാത്രമേ അദ്ദേഹത്തിന് ആ വാഹനം ആസ്വദിക്കാൻ കഴിഞ്ഞുള്ളൂ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കിട്ട ഒരു പോസ്റ്റിൽ, ഡെലിവറി കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം തൻ്റെ വാഹനം കത്തിനശിച്ചതായി ഉടമ പറഞ്ഞു. “ജപ്പാനിൽ ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ അനുഭവിക്കുന്ന ഒരേയൊരു വ്യക്തി ഞാനാണെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം കുറിച്ചു.
ഫെരാരി 458 സ്പൈഡറിന് ജപ്പാനിൽ ഏകദേശം 43 ദശലക്ഷം യെൻ (ഏകദേശം 2.6 കോടി) ആണ് വില.
ടോക്കിയോയിൽ വെച്ച് ഹോങ്കോൺ കാർ ഓടിച്ചുകൊണ്ടിരുന്നപ്പോഴാണ് വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഡെലിവറിക്ക് തൊട്ടുപിന്നാലെയാണ് സൂപ്പർകാറിൻ്റെ എഞ്ചിന് തീപിടിച്ചതെന്നാണ് കരുതുന്നത്. തീപിടുത്തത്തിലേക്ക് നയിച്ച അപകടത്തെക്കുറിച്ച് റിപ്പോർട്ടുകളൊന്നുമില്ല.
പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഹോങ്കോൺ ഫെറാറി നിർത്തി പുറത്തിറങ്ങിയെങ്കിലും, അദ്ദേഹത്തിന് കാർ രക്ഷിക്കാനായില്ലെന്ന് യാഹൂ ജപ്പാൻ റിപ്പോർട്ട് ചെയ്തു. ഷൂട്ടോ എക്‌സ്‌പ്രസ്‌വേയിൽ 20 മിനിറ്റിനുള്ളിൽ അത് കത്തിനശിച്ചു. ടോക്കിയോയിലെ മിനാറ്റോ ഏരിയയിലാണ് സംഭവം.
ഭാഗ്യവശാൽ, കാർ കത്തിയെങ്കിലും ഉടമയ്ക്ക് പരിക്കുകളൊന്നും പറ്റിയില്ല. “അത് പൊട്ടിത്തെറിക്കുമെന്ന് ഞാൻ ശരിക്കും ഭയപ്പെട്ടു,” അദ്ദേഹം പറഞ്ഞതായി ദി സൺ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിൽ ടോക്കിയോ മെട്രോപൊളിറ്റൻ പോലീസ് അന്വേഷണം ആരംഭിച്ചു.