മുൻകാലങ്ങളിൽ ഭാര്യമാർക്ക് ഭർത്താക്കന്മാരെ ഭയമായിരുന്നെങ്കിൽ കാലം പുരോഗതി പ്രാപിച്ചതോടെ പുരുഷന്മാർ ഭാര്യമാരെ പേടിച്ചുതുടങ്ങി. പ്രത്യേകിച്ചും കോളിളക്കം സൃഷ്‌ടിച്ച മീററ്റ് കൊലക്കേസിന് ശേഷം. ഇതോടെ ഭാര്യമാരെ മാത്രമല്ല നീല ഡ്രമ്മുകളെ വരെ ഭർത്താക്കന്മാർ പേടിച്ചുതുടങ്ങി.
ഇതിനുദാഹരണമാണ് അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ. വീഡിയോയിൽ ഭാര്യയുടെയും നീല ഡ്രമ്മിനെയും കണ്ടതോടെ ഭർത്താവിന്റെ മുഖത്ത് ഭയം അരിച്ചിറങ്ങുന്നത് കാണാം. വീട്ടിലെ ആവശ്യങ്ങൾക്കായി ഭാര്യ നീല ഡ്രം പുറത്തെടുത്തതും ഭർത്താവ് ഉടൻ തന്നെ കിടക്കയിൽ നിന്ന് ചാടി ഓടിപ്പോകുന്നതാണ് വീഡിയോയിൽ കാണുന്നത്.
വൈറൽ വീഡിയോയിൽ ഭാര്യ ഒരു മുറിയിൽ സൂക്ഷിച്ചിരുന്ന നീല ഡ്രം മുറിയുടെ ബെർത്തിൽ നിന്ന് താഴെ ഇറക്കുന്നത് കാണാം. ഈ സമയം കട്ടിലിൽ സമീപത്ത് ജോലി കഴിഞ്ഞുവന്നു വിശ്രമിക്കുന്ന ഭർത്താവ്, ഡ്രം കണ്ടതോടെ പരിഭ്രാന്തിയിലാകുന്നു. ഭാര്യയുടെ കൈകളിൽ നീല ഡ്രം കണ്ടതും ഭർത്താവ് ഒന്നും പറയാതെ മുറിയിൽ നിന്ന് ഇറങ്ങിയോടി. കാര്യം എന്താണെന്ന് മനസിലാകാഞ്ഞ ഭാര്യ ഭർത്താവിനെ തിരികെ വിളിക്കുന്നുണ്ടെങ്കിലും ഭർത്താവ് വരാൻ കൂട്ടാക്കുന്നില്ല.
രസകരമായ ഈ ദൃശ്യങ്ങൾ വൈറലാകുമ്പോഴും ബ്ലൂ ഡ്രമ്മിനെ സംബന്ധിച്ച ഭീതി ഇപ്പോഴും നിലനിൽക്കുകയാണ്. കാരണം മാർച്ച് 19 നാണ്, മീററ്റിനെ നടുക്കിയ കൊലപാതകം നടക്കുന്നത്. ഒരു സ്ത്രീ തന്റെ കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊന്ന് മൃതദേഹം 15 കഷണങ്ങളാക്കി സിമന്റ് നിറച്ച ഒരു നീല ഡ്രമ്മിൽ സൂക്ഷിക്കുകയായിരുന്നു. അതിനുശേഷം, കുപ്രസിദ്ധമായ നീല ഡ്രം ഭയത്തിന്റെ പ്രതീകമായി മാറി., പ്രത്യേകിച്ച് ഭർത്താക്കന്മാർക്കിടയിൽ. ഈ വൈറൽ വീഡിയോ ആ ഭയത്തെ തമാശരൂപത്തിൽ അവതരിപ്പിക്കുകയാണ്.
@collectingsuperman എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് പങ്കുവെച്ച വീഡിയോ ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്. വീഡിയോയ്ക്ക് താഴെ തമാശയും വിമർശനവുമായി നിരവധി പേരാണ് അഭിപ്രായങ്ങൾ രേഖപെടുത്തിയത്.
ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, “ആളുകൾ ഒരു വ്യക്തിക്ക് ജീവൻ നഷ്ടപ്പെട്ട ദാരുണമായ സംഭവത്തെ കളിയാക്കുന്നു. യഥാർത്ഥ ലോകത്തിലേക്ക് സ്വാഗതം.” മറ്റൊരാൾ എഴുതി, “സ്ത്രീകൾ പതിറ്റാണ്ടുകളായി ഇത്തരത്തിലുള്ള ഭയം നേരിടുന്നു” എന്നാണ്.