വീട്ടില്‍ നമ്മള്‍ കുടിക്കുന്നത് ശുദ്ധ ജലമാണെന്ന് ഉറപ്പാക്കുന്നതിനായി പലരും വാട്ടര്‍ പ്യൂരിഫയറുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ നിശ്ചിത ഇടവേളകളില്‍ വാട്ടര്‍ പ്യൂരിഫയറുകള്‍ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. മികച്ച പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനും ബാക്ടീരിയകളുടെ വളര്‍ച്ച തടയുന്നതിനും ഇത് സഹായിക്കും.
ഫില്‍ട്ടര്‍ കാട്രിഡ്ജുകളില്‍ അഴുക്കും മാലിന്യവും അടിഞ്ഞുകൂടും. അത് വൃത്തിയാക്കാത്തപക്ഷം വാട്ടര്‍ പ്യൂരിഫയറിന്റെ പ്രവര്‍ത്തനത്തെ തന്നെയത് ബാധിക്കും. വൃത്തിയാക്കിയില്ലെങ്കില്‍ രോഗാണുക്കളും പ്യൂരിഫയറില്‍ വളരാനായി സാധ്യതയുണ്ട്. ഇത് ആരോഗ്യത്തിനെ മോശമായി ബാധിക്കും. കൂടാതെ നമ്മുടെ വെള്ളത്തിന്റെ രുചിയെ തന്നെ ബാധിക്കുകയും ചെയ്യും.
കുറഞ്ഞ ഡിറ്റര്‍ജന്റും വെള്ളവും ഉപയോഗിച്ച് ഇത് വൃത്തിയാക്കാം. ആദ്യം വാട്ടര്‍ പ്യൂരിഫയറിലേക്കുള്ള ജലവിതരണം നിര്‍ത്തി വയ്ക്കണം. ഇലക്ട്രിക്കല്‍ ഔട്ട് ലെറ്റില്‍ നിന്ന് വാട്ടര്‍ പ്യൂരിഫയര്‍ അൺ പ്ലഗ് ചെയ്യുക. വെള്ളം നനച്ച തുണി കൊണ്ട് പ്യൂരിഫയറിന്റെ പുറംഭാഗം തുടയ്ക്കുക.പിന്നീട് തുണിയില്‍ വീര്യം കുറഞ്ഞ ഡിറ്റര്‍ജന്റ് ആക്കിയതിന് ശേഷം രണ്ടുപ്രാവശ്യം പുറംഭാഗം തുടയ്ക്കുക. അവശിഷ്ടങ്ങള്‍ , പൊടി എന്നിവ അടിഞ്ഞ് കൂടുന്നത് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
വാട്ടര്‍ പ്യൂരിഫയര്‍ വൃത്തിയാക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. നിര്‍മാതാക്കള്‍ നല്‍കുന്ന നിര്‍ദ്ദേശം അനുസരിച്ച് പ്യൂരിഫയര്‍ നീക്കം ചെയ്ത് ശൂന്യമാക്കുക. കണ്ടെയ്‌നറില്‍ നിന്ന് ശേഷിക്കുന്ന വെള്ളവും നീക്കം ചെയ്യുക. പിന്നാലെ വീര്യം കുറഞ്ഞ ഡിഷ് സോപ്പും വെള്ളവും ഉപയോഗിച്ച് സൊല്യൂഷന്‍ തയ്യാറാക്കാം. സ്‌പോഞ്ചില്‍ ക്ലീനിങ് ലായനി ഉപയോഗിച്ച് ഉള്‍ഭാഗം വൃത്തിയാക്കി കഴുകുക. പിന്നീട് ശുദ്ധജലം ഉപയോഗിച്ച് കഴുകുക. ഇതിന് ശേഷം ടാങ്ക് വെയിലത്ത് വെച്ച് നന്നായി ഉണക്കുക. അതിന് ശേഷം നിര്‍ദേശങ്ങള്‍ അനുസരിച്ച് പുനസ്ഥാപിക്കുക.
ഫില്‍ട്ടറുകള്‍ പതിവായി വൃത്തിയാക്കുക
പ്യൂരിഫയറിലേക്കുള്ള ജലവിതരണം ഓഫ് ചെയ്തതിന് പിന്നാലെ ഫില്‍ട്ടറുകള്‍ വൃത്തിയാക്കണം. പ്രി- ഫില്‍ട്ടറുകള്‍ ഒഴുകുന്ന വെള്ളത്തിനടിയില്‍ ശ്രദ്ധാപൂര്‍വം വൃത്തിയാക്കണം. വെളുത്ത വിനാഗിരി അല്ലെങ്കില്‍ സിട്രിക് ആസിഡ് വെള്ളം ഉപയോഗിച്ച് ഒരു ക്ലിനിംഗ് ലായനി ഉണ്ടാക്കിവേണം അണുവിമുക്തമാക്കാനായി. കഴുകിയതിന് ശേഷം ഫില്‍ട്ടര്‍ വായുസഞ്ചാരമുള്ള സ്ഥലത്ത് ഉണക്കാനായി വെക്കണം. ഉണങ്ങിയതിന് ശേഷം ഫില്‍ട്ടറുകള്‍ പുനസ്ഥാപിക്കാം.