Crime

ബ്രാഡ് പിറ്റായി അഭിനയിച്ച് തട്ടിപ്പ്; ഫ്രഞ്ച് യുവതിക്ക് നഷ്ടമായത് ഏഴ് കോടി രൂപ…!

ഹോളിവുഡിലെ സൂപ്പര്‍താരം ബ്രാഡ്പിറ്റായി അഭിനയിച്ച് ഫ്രഞ്ച് യുവതിയില്‍ അജ്ഞാതന്‍ തട്ടിയെടുത്തത് ഏഴുകോടി രൂപ. ബ്രാഡ്പിറ്റെന്ന വ്യാജേനെ യുവതിയുമായി ഡേറ്റിംഗില്‍ ഏര്‍പ്പെടുകയും കാന്‍സര്‍ ചികിത്സയെന്ന് പറഞ്ഞ് പണം തട്ടുകയുമായിരുന്നു. ഒടുവില്‍ ഒറിജിനല്‍ ബ്രാഡ്പിറ്റിന്റെ ഒറിജിനല്‍ പ്രണയകഥ കണ്ടതോടെയാണ് യുവതിയ്ക്ക് താന്‍ തട്ടിപ്പിനിരയാകുകയാണെന്ന് മനസ്സിലായത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ആള്‍മാറാട്ടവും ഉള്‍പ്പെട്ടയുള്ള തട്ടിപ്പിനാണ് ഫ്രഞ്ച് വനിത ഇരയായത്. 2023 ഫെബ്രുവരിയില്‍ ഇന്റീരിയര്‍ ഡിസൈനറായ ആനിക്ക് ബ്രാഡ് പിറ്റിന്റെ അമ്മയാണെന്ന് അവകാശപ്പെടുന്ന ഒരാളില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു സന്ദേശം ലഭിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. ടിഗ്‌നസിലേക്കുള്ള ഒരു ആഡംബര സ്‌കീ യാത്രയെക്കുറിച്ചുള്ള ആനിന്റെ പോസ്റ്റുകളാണ് എല്ലാത്തിനും തുടക്കമായത്. അത് തട്ടിപ്പുകാരന്റെ ശ്രദ്ധ ആകര്‍ഷിച്ചു

ബ്രാഡ് പിറ്റിന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്ന് ആനിക്ക് മറ്റൊരു സന്ദേശം ലഭിച്ചു. പിറ്റിന്റെ ‘അമ്മ’ തന്നെക്കുറിച്ച് വളരെയേറെ സംസാരിച്ചുവെന്ന് ആള്‍മാറാട്ടക്കാരന്‍ അവകാശപ്പെട്ടു. പല കാര്യങ്ങളും സംസാരിച്ചു അടുപ്പം സമ്പാദിച്ചു. ആനിക്ക് തുടക്കത്തില്‍ സംശയമുണ്ടായിരുന്നുവെങ്കിലും, തട്ടിപ്പുകാരന്‍ അവള്‍ക്ക് ബ്രാഡ് പിറ്റിന്റെ എഐ സൃഷ്ടിച്ച ഫോട്ടോകളും വീഡിയോകളും അയച്ചു കൂടുതല്‍ വിശ്വാസ്യത ആര്‍ജ്ജിച്ചു. താമസിയാതെ, വ്യാജ ബ്രാഡ് പിറ്റ് ആനിനോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും അവള്‍ക്ക് ആഡംബര സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. അവ സ്വീകരിക്കുന്നതിന് കസ്റ്റംസ് ഫീസ് നല്‍കണമെന്ന് പറഞ്ഞു.

അത്തരം സാമ്പത്തിക അഭ്യര്‍ത്ഥനകള്‍ ക്രമേണ കൂടിക്കൂടി വന്നു. കിഡ്നി കാന്‍സര്‍ ചികിത്സയ്ക്ക് അടിയന്തര ഫണ്ട് ആവശ്യമാണെന്ന് അയാള്‍ ആവശ്യപ്പെട്ടു. ആഞ്ജലീന ജോളിയില്‍ നിന്ന് വിവാഹമോചനം ഉടന്‍ ഉണ്ടാകുമെന്നതിനാല്‍ സ്വന്തം പണം ആക്സസ് ചെയ്യാന്‍ കഴിയില്ലെന്ന് തട്ടിപ്പുകാരന്‍ വിശദീകരിച്ചു.

കഥയ്ക്ക് വിശ്വാസ്യത കൂട്ടാന്‍, സ്‌കാമര്‍ ആനിക്ക് ബ്രാഡ് പിറ്റിന്റെ ഒരു ആശുപത്രി കിടക്കയില്‍ ഒതുങ്ങിക്കിടക്കുന്ന എഐ സൃഷ്ടിച്ച ചിത്രങ്ങള്‍ അയച്ചു. തട്ടിപ്പുകാരന്‍ പക്ഷേ ഫോണ്‍ അല്ലെങ്കില്‍ വീഡിയോ കോളുകള്‍ ഒഴിവാക്കിയിരുന്നു. തന്റെ പുതിയ കാമുകി ഇനെസ് ഡി റാമോണുമായി പിറ്റിനെ പത്രമാധ്യമങ്ങളില്‍ കണ്ടതോടെയാണ് ആനിക്ക് തട്ടിപ്പ് മനസ്സിലായത്.

Leave a Reply

Your email address will not be published. Required fields are marked *