Crime

കേസ് പിന്‍വലിക്കാന്‍ ഭാര്യ ചോദിച്ചത് 3 കോടി, മകനെ കാണാന്‍ 30 ലക്ഷവും; ബംഗലുരുവില്‍ ടെക്കി ആത്മഹത്യ ചെയ്തു

കുടുംബക്കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന വിവാഹമോചനകേസിന്റെ പോരാട്ടത്തിനിടയില്‍ ബംഗലുരുവില്‍ ഓട്ടോമൊബൈല്‍ കമ്പനി എക്‌സിക്യൂട്ടീവിന്റെ ദുരൂഹ ആത്മഹത്യ ഇന്റര്‍നെറ്റിനെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. പുരുഷപീഡനത്തിന്റെ പരിധിയില്‍ വരുമെന്ന് കരുതുന്ന പ്രശ്‌നത്തില്‍ അങ്ങേയറ്റത്തെ തീരുമാനത്തിലേക്ക് ടെക്കിയെ നയിച്ചതിന് കാരണം ഭാര്യവീട്ടുകാരുടെ ദുരാഗ്രഹവും അത്യാര്‍ത്തിയുടെമെന്ന് സൂചന. കേസില്‍ നിന്നും പിന്മാറാന്‍ ടെക്കിയില്‍ നിന്നും ഭാര്യയും കുടുംബവും മൂന്ന് കോടി രൂപ ആവശ്യപ്പെട്ടെന്നും ഇവരുടെ മകനെ കാണുന്നതിനായുള്ള അവകാശത്തിന് മറ്റൊരു 30 ലക്ഷം കൂടി ചോദിച്ചെന്നാണ് ടെക്കിയുടെ കുടുംബത്തിന്റെ ആരോപണം.

ആത്മഹത്യ ചെയ്ത് സുഭാഷ് അതുലിന്റെ സഹോദരന്‍ ബികാഷ്‌കുമാറാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മാറാത്തഹള്ളി പോലീസ് എടുത്തിരിക്കുന്ന കേസില്‍ അതുലിന്റെ ഭാര്യ നികിത സിംഘാനിയ, മാതാവ് നിഷ, സഹോദരന്‍ അനുരാഗ് അമ്മാവന്‍ സുശീല്‍ സിംഘാനിയ എന്നിവര്‍ക്കെതിരേയാണ് കേസ്. വിവാഹമോചന കേസ് തുടങ്ങിയപ്പോള്‍ മുതല്‍ സഹോദരന്‍ ശാരീരികമായും മാനസീകമായും പീഡിതനും പരിക്ഷീണിതനും ആയിരുന്നു. ഓരോ തവണ കോടതിയില്‍ എത്തുമ്പോഴും ബന്ധുക്കള്‍ ക്രൂരമായി പരിഹസിക്കുകയും വിസിറ്റേഷന്‍ റൈറ്റിന് പണം നല്‍കാന്‍ കഴിയില്ലെങ്കില്‍ പോയി ചാകാനും പറയുമായിരുന്നു. ഇതെല്ലാമാണ് സഹോദരന്‍ അങ്ങേയറ്റത്തെ കാര്യത്തിലേക്ക് പോയതെന്നും കുമാര്‍ പോലീസിനോട് പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു 34 കാരനായ അതുല്‍ മറാതാഹള്ളിയിലെ മുന്നേക്കൊലാലുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ചത്. 90 മിനിറ്റ് സമയദൈര്‍ഘ്യമുള്ള ഒരു വീഡിയോയും 24 പേജുകള്‍ വരുന്ന ആത്മഹത്യാകുറിപ്പും വെച്ചിരുന്നു. ഇതില്‍ കുടുംബ പ്രശ്‌നങ്ങള്‍ മുതല്‍ പോലീസ് തനിക്കെതിരേ എടുത്തിരിക്കുന്ന എട്ടു വ്യാജപരാതികള്‍ വരെ കടുത്ത നിരാശയിലേക്ക് തന്നെ തള്ളിവിട്ടിരിക്കുകയാണെന്ന് പറയുന്നു. പുരുഷന്മാരുടെ അവകാശത്തിന് വേണ്ടി പോരാടുന്ന ഒരു എന്‍ജിഒയ്ക്ക് ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്ന് കാണിച്ച് ഒരു ഇ മെയിലും അയച്ചിട്ടുണ്ട്. ആത്മഹത്യാകുറിപ്പില്‍ ഉത്തര്‍പ്രദേശിലെ കുടുംബക്കോടതി ജഡ്ജിയെയും കുറ്റപ്പെടുത്തിയിട്ടുണ്ട്.

വിവാഹമോചനത്തിനും കുട്ടിയുടെ അവകാശത്തിനുമായി നടക്കുന്ന പോരാട്ടത്തില്‍ ജഡ്ജി തന്റെ ഭാര്യയുടേയും ബന്ധുക്കളുടേയും പക്ഷം പിടിക്കുകയാണെന്നാണ് ആരോപണം. തന്റെ സ്‌നേഹിതര്‍ക്ക് അതുല്‍ മരിക്കുന്നതിന് മുമ്പ് റെക്കോഡ് ചെയ്ത വീഡിയോയും അയച്ചിരുന്നു. അതിപ്പോള്‍ നെറ്റില്‍ വൈറലായിട്ടുണ്ട്. അതിപ്പോള്‍ പുരുഷന്മാരുടെ അവകാശവും അവരുടെ മനോനിലയും സംബന്ധിച്ച കാര്യത്തില്‍ വന്‍ ചര്‍ച്ചയായിട്ടുണ്ട്. അതില്‍ അതുല്‍ പറയുന്നു. ” ഞാന്‍ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം എതിരാളികള്‍ക്ക് നല്‍കി അവര്‍ കരുത്തരാകുകയും അതേ പണം സ്വന്തം തകര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്യുമ്പോള്‍ അതിനേക്കാള്‍ തനിക്ക് നല്ലത് ജീവിതം അവസാനിപ്പിക്കുകയാണ്. ഈ പ്രവണത തുടരുകയാണ്. എന്റെ പണത്തില്‍ നിന്നും ഞാന്‍ നല്‍കുന്ന നികുതിയില്‍ പ്രവര്‍ത്തിക്കുന്ന കോടതിയും പോലീസ് സംവിധാനങ്ങളും മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് എന്നെയും എന്റെ കുടുംബത്തെയും പരിഹസിക്കാനും പീഡിപ്പിക്കാനും ഉപയോഗിക്കുന്നു. ഇതവസാനിപ്പിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും എന്റെ ബന്ധുക്കള്‍ എന്നോട് ആത്മഹത്യ ചെയ്യാന്‍ പറയുമ്പോള്‍.”

തന്റെ മൃതദേഹം ഭാര്യയെയും അവരുടെ ബന്ധുക്കളെയും കാണിക്കരുതെന്നും അവരെ അടുത്തുപോലും കൊണ്ടുവരരുതെന്നും അതുല്‍ ആവശ്യപ്പെടുന്നു. അതിനൊപ്പം തന്നെ തന്നെ പരിഹസിച്ചവര്‍ക്കും പീഡിപ്പിച്ചവര്‍ക്കും ശിക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ മൃതദേഹം സംസ്‌ക്കരിക്കാവൂ എന്നും തന്റെ ചാരം കോടതിക്ക് സമീപമുള്ള ഗട്ടറില്‍ ഒഴുക്കണമെന്നും ഇങ്ങിനെയെ ജീവിതത്തിന്റെ വിലയെക്കുറിച്ച് ഈ രാജ്യത്ത് ബോദ്ധ്യപ്പെടുത്താന്‍ മാര്‍ഗ്ഗമുള്ളെന്നും കത്തില്‍ പറയുന്നു. തന്റെ വൃദ്ധരായ മാതാപിതാക്കളോട് ക്ഷമയും ചോദിച്ചിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. സഹായം ആവശ്യമായി വരുമ്പോള്‍ വിദഗ്ദ്ധരുടെ ഉപദേശം തേടുക)

Leave a Reply

Your email address will not be published. Required fields are marked *