ബംഗളൂരു: അസം സ്വദേശിയും വ്ളോഗറുമായ യുവതിയെ ബംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മായ ഗോഗോയിയുടെ മൃതദേഹമാണ് ഇന്ദിരാ നഗറിലെ അപ്പാര്‍ട്ട്മെന്റില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരവ് ഹര്ണിയെന്ന യുവാവിനായി അന്വേഷണം തുടങ്ങി. ഇയാള്‍ കണ്ണൂര്‍ സ്വദേശിയാണെന്ന സൂചനയുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണു മായയും ആരവ് ഹര്ണിയും അപ്പാര്‍ട്ട്മെന്റില്‍ ചെക്ക് ഇന്‍ ചെയ്തത്. ഞായറാഴ്ച ആരവ് മായയെ കൊലപ്പെടുത്തിയെന്നാണു പോലീസ് നിഗമനം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആരവ് സംഭവസ്ഥലത്തുനിന്നു മടങ്ങിയത്. അതുവരെ ഇയാള്‍ മൃതദേഹത്തിനൊപ്പം അപ്പാര്‍ട്ട്മെന്റില്‍ കഴിഞ്ഞതായാണു സൂചന.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ‘പ്രതി കേരളത്തില്‍ നിന്നുള്ളയാളാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ശ്രമിക്കുന്നുണ്ട്.’- ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ (ഈസ്റ്റ്) ഡി. ദേവരാജ് പറഞ്ഞു. ഫാഷന്‍, ഭക്ഷണം എന്നിവയെ കുറിച്ചുള്ള വിഡിയോകള്‍ പങ്കിട്ടാണ് യൂട്യൂബില്‍ മായ ഗോഗോയി ശ്രദ്ധേയായത്.
ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മായ എച്ച്.എസ്.ആര്. ലേഔട്ടില്‍ ഒരു അപ്പാര്ട്ടെക്കമന്റ് വാടകയ്ക്ക് എടുക്കുകയായിരുന്നു.