Movie News

‘കടംകയറി സ്വന്തം ബംഗ്‌ളാവ് പോലും ബച്ചന് വില്‍ക്കേണ്ടിവന്നു, വീട്ടാന്‍ ദിവസവും 18 മണിക്കൂര്‍ ജോലി’

ബോളിവുഡിലെ ജീവിക്കുന്ന ഇതിഹാസമാണ് അമിതാഭ് ബച്ചന്‍. ഇന്ത്യന്‍ സിനിമയില്‍ സൂപ്പര്‍താരമായി 80-ാം വയസ്സിലും മിന്നിത്തിളങ്ങുന്ന താരം ഇപ്പോള്‍ പ്രായത്തിന് അനുസൃതമായ കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത് അഭിനയജീവിതം തുടരുകയാണ്. എന്നാല്‍ ഒരു കാലത്ത് സിനിമകള്‍ തകര്‍ന്ന് കടം കയറി കുത്തുപാളയെടുത്ത് ജീവിതത്തില്‍ ദുരിതത്തിലായിപ്പോയ ആളായ ബിഗ്ബി യെന്ന് എത്രപേര്‍ക്കറിയാം?

ഇക്കാര്യത്തെക്കുറിച്ച് പറയുകയാണ് നടന്‍ രജനീകാന്ത്. ”അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എബിസിഎല്‍) എന്ന സ്വന്തം കമ്പനി അമിതാഭ് ആരംഭിച്ച കാലത്തായിരുന്നു അത്. നിര്‍ഭാഗ്യവശാല്‍, എബിസിഎല്‍ പരാജയപ്പെട്ടത് ബിഗ് ബിയെ പാപ്പരത്തത്തിലേക്ക് തള്ളിവിട്ടു. തന്റെ പ്രിയപ്പെട്ട മുംബൈയിലെ ജുഹു വീട് ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ ബിഗ് ബിയ്ക്ക് വില്‍ക്കേണ്ടി വന്നു.”

”താരത്തിന്റെ ദുഷ്‌ക്കരമായ സമയങ്ങളും പതനവും ബോംബെ സിനിമാ മേഖലയിലെ ചിലര്‍ ആഘോഷമാക്കി. എന്നാല്‍ അതെല്ലാം ഹ്രസ്വകാലത്തേക്ക് മാത്രമായിരുന്നു. ബിഗ് ബിയുടെ രണ്ടാം ഇന്നിംഗ്സിന്റെ തുടക്കം കുറിച്ചത് ഷാരൂഖ്ഖാനുമൊത്ത് ഒന്നിച്ചഭിനയിച്ച ‘മൊഹബത്തേന്‍’ മുതലായിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ യാഷ് അദ്ദേഹത്തിന് അവസരം നല്‍കി. ഒരു ദിവസം, പണം നല്‍കാന്‍ കഴിയാത്തതിനാല്‍ ഡ്രൈവറെ കൂടാതെ ഒരു മങ്കി ക്യാപ്പ് ധരിച്ച് യാഷ് ചോപ്രയുടെ വീട്ടിലേക്ക് ബച്ചന്‍ നടന്നുചെന്നു. തനിക്ക് ഒരു ജോലി വേണമെന്ന് യാഷിനോട് ചോദിച്ചു. യഷ് ഉടന്‍ ഒപ്പിട്ട ഒരു ചെക്ക് കൊണ്ടുവന്ന് അദ്ദേഹത്തിന് നല്‍കി. പക്ഷേ അത് സ്വീകരിക്കാന്‍ കൂട്ടാക്കാതിരുന്ന ബച്ചന്‍ തനിക്ക് ജോലി നല്‍കിയാല്‍ മാത്രമേ എടുക്കൂ എന്ന് പറഞ്ഞ് നിരസിച്ചു. തുടര്‍ന്ന് അദ്ദേഹം ബച്ചന് മൊഹബത്തേനില്‍ അവസരം നല്‍കി.” താരം പറഞ്ഞു.

ആ കാലഘട്ടം മുതലുള്ള ബിഗ് ബിയുടെ പ്രവര്‍ത്തന നൈതികതയെ അഭിനന്ദിച്ച രജനികാന്ത് പറഞ്ഞു. ”അദ്ദേഹം കടം കയറിയ കാലത്ത് ക്യാമറയ്ക്ക് മുന്നിലെ എല്ലാം ചെയ്തു. എല്ലാത്തരം പരസ്യങ്ങളും ചെയ്തു. ഇത് കണ്ട് ബോംബെ ഇന്‍ഡസ്ട്രിയിലെ ആളുകള്‍ വീണ്ടും ചിരിച്ചു. മൂന്ന് വര്‍ഷമായി, നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നിട്ടും, അദ്ദേഹം ഒരു ദിവസം 18 മണിക്കൂര്‍ ജോലി ചെയ്യുകയാണ് 82 കാരന്‍. പിന്നീട് ബച്ചന്‍ കടമെല്ലാം തീര്‍ത്തു. പഴയ വീട് തിരികെ വാങ്ങിയെന്നു മാത്രമല്ല, ആ വഴിയില്‍ തന്നെ ആകെ മൂന്ന് വീടുകള്‍ വാങ്ങി. അതാണ് അമിതാഭ് ബച്ചന്‍! അദ്ദേഹത്തിന് ഇപ്പോള്‍ 82 വയസ്സുണ്ട്, ഇപ്പോഴും ദിവസവും 10 മണിക്കൂര്‍ ജോലി ചെയ്യുന്നു.”