Crime

ഏഴും എട്ടും വയസ്സുള്ള ആണ്‍കുട്ടികള്‍ ഏഴു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

ലൈംഗികാക്രമണങ്ങളുടെ വാര്‍ത്തകള്‍ കൊണ്ട് ലോകത്തിന് മുന്നില്‍ നിരന്തരം തല താഴ്ത്തി വെയ്‌ക്കേണ്ട സ്ഥിതിയിലായ ഇന്ത്യയില്‍ ഏഴും എട്ടും വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ഏഴു വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയും രണ്ടു കുട്ടികളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ ബല്ലിയ നഗരത്തില്‍ വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ കളിക്കുന്നതിനിടെ പെണ്‍കുട്ടിയെ ആണ്‍കുട്ടികള്‍ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്ന് ഇരയുടെ കുടുംബം പറഞ്ഞു. പെണ്‍കുട്ടി തിരിച്ചുവന്നപ്പോള്‍ ആരോഗ്യനില വഷളായ നിലയില്‍ കണ്ടെത്തി. പിറ്റേന്ന് ആരോഗ്യനില വളരെ മോശമായപ്പോള്‍ വീട്ടുകാര്‍ 150 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നു. ശനിയാഴ്ച ആരോഗ്യനില വഷളായി വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ ജീവന്‍തന്നെ അപകടാവസ്ഥയില്‍ ആയ സ്ഥിതിയിലായിരുന്നു.

തുടര്‍ന്ന് മാതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. രണ്ട് ആണ്‍കുട്ടികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കൂട്ടബലാത്സംഗം ചെയ്തതായി സമ്മതിച്ചു. ഇരയും കുറ്റവാളികളും മൈനറായതിനാല്‍ പേരുവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.