Sports

നാട്ടില്‍ 12,000 റണ്‍സ് തികച്ചു ; വിരാട് കോഹ്ലി തെന്‍ഡുല്‍ക്കറെ മറികടക്കുമോ?

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റില്‍ രചിച്ചിട്ടുള്ളത് അനേകം ഇതിഹാസങ്ങളാണ്. അതൊക്കെ തകര്‍ക്കാന്‍ ശേഷിയുള്ള ആധുനിക ക്രിക്കറ്റിലെ ബാറ്റര്‍മാരുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നയാളാണ് വിരാട് കോഹ്ലി. ക്രിക്കറ്റ് ലോകത്ത് ഏറെ ആരാധകരുള്ള കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തം മണ്ണില്‍ 12,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്ററായിട്ടാണ് മാറിയത്.

ചെന്നൈയില്‍ ബംഗ്‌ളാദേശിനെതിരേ നടക്കുന്ന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് ബാറ്റ് ചെയ്യാനെത്തിയപ്പോഴായിരുന്നു കോഹ്ലി ഈ നേട്ടം കയ്യിലാക്കിയത്. അടുത്തിടെ ടി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ച കോഹ്ലി ഏകദിനത്തിലും ടെസ്റ്റിലും മാത്രമാക്കി ശ്രദ്ധ ചെലുത്തുകയാണ്. 219 മത്സരങ്ങളില്‍ 58.84 ശരാശരിയില്‍ 38 സെഞ്ച്വറികളും 59 അര്‍ദ്ധസെഞ്ച്വറികളും പേരിലുള്ള കോഹ്ലിയ്ക്ക് മുന്നില്‍ ഈ റണ്‍വേട്ടയുടെ കാര്യത്തില്‍ സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മാത്രമാണ് ഉള്ളത്. 258 മാച്ച് കളിച്ചിട്ടുള്ള സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പേരില്‍ 14,192 റണ്‍സാണ് സച്ചിന്‍ നേടിയത്. 42 സെഞ്ച്വറികളും 70 അര്‍ധസെഞ്ച്വറികളും സച്ചിന്റെ പേരിലുണ്ട്.

അതേസമയം മത്സരത്തില്‍ കാര്യമായി തിളങ്ങാന്‍ കോഹ്ലിക്ക് കഴിഞ്ഞില്ല. രണ്ടാം ഇന്നിംഗ്‌സില്‍ 37 പന്തു നേരിട്ട കോഹ്ലി 17 റണ്‍സിന് പുറത്തായി. രണ്ടു ബൗണ്ടറികള്‍ മാത്രം നേടിയ കോഹ്ലി മെഹിദി ഹസന്‍ മിറാസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ആദ്യ ഇന്നിംഗ്‌സിലും കോഹ്ലിക്ക് കാര്യമായി തിളങ്ങാനായില്ല. ആറു റണ്‍സ് എടുത്ത കോഹ്ലിയെ ഹസന്‍ മഹ്മൂദ് വിക്കറ്റ്കീപ്പര്‍ ലിറ്റന്‍ദാസിന്റെ കയ്യിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *