Crime

വനിതാ ഡോക്ടറെ കൊലപ്പെടുത്തും മുമ്പ് പ്രതി മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു

വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സഞ്ജയ് റോയ് നുണപരിശോധനയില്‍ കുറ്റം സമ്മതിച്ചു. കൊലപാതകത്തിനു മണിക്കൂറുകള്‍ മുമ്പ് സുഹൃത്തുമൊത്ത് ചുവന്നതെരുവ് സന്ദര്‍ശിച്ചെന്നും അവിടേക്കു പോകുന്നവഴി മറ്റൊരു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും പ്രതി നുണപരിശോധനയില്‍ സി.ബി.ഐയോടു വെളിപ്പെടുത്തി.

സംഭവദിവസം രാത്രി സുഹൃത്ത് സൗരഭിനൊപ്പം പ്രതി മദ്യപിച്ചു. തുടര്‍ന്ന്, ഇരുവരും ചുവന്നതെരുവിലേക്കു പോയി. ഇതിനിടെ, ഒരു പെണ്‍സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്ത് നഗ്നദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു. യാത്രാമധ്യേയാണ് ഒരു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. ചുവന്നതെരുവില്‍ പോയെങ്കിലും അവിടെ ആരുമായും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടില്ലെന്നും പ്രതി വെളിപ്പെടുത്തി.

ചെത്‌ലയില്‍നിന്നു ആശുപത്രിയില്‍ മടങ്ങിയെത്തിയ സഞ്ജയ് റോയ് പുലര്‍ച്ചെ സെമിനാര്‍ ഹാളിനു സമീപമുള്ള ഇടനാഴിയിലെത്തി. വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം ഇയാള്‍ ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ ക്യാമ്പിലേക്കാണു പോയത്. പോലീസില്‍ സിവിക് വളണ്ടിയറായി പ്രവര്‍ത്തിക്കുന്ന ഇയാള്‍ക്ക് എ.എസ്.ഐ. അനൂപ് ദത്ത താമസസൗകര്യം ഒരുക്കിക്കൊടുത്തു. രാവിലെ ഉണര്‍ന്ന പ്രതി വീണ്ടും മദ്യപിച്ചശേഷം കിടന്നുറങ്ങി. പോലീസ് അന്വേഷിച്ചെത്തുമ്പോഴും പ്രതി മദ്യലഹരിയിലായിരുന്നു. ലൈംഗികവൈകൃതത്തിന് അടിമയായ ഇയാളുടെ മൊബൈല്‍ ഫോണില്‍ നിരവധി അശ്ലീല വീഡിയോകളുണ്ടായിരുന്നു.