Sports

ഋഷഭ് പന്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ് വിട്ടേക്കും ; സിഎസ്‌കെ യിലേക്ക് താരം മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയുടെ നിര്‍ണ്ണായകതാരങ്ങളിലൊരാളായ ഋഷഭ് പന്ത് ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെയും ജീവനാഡിയാണ്. എന്നാല്‍ ഡല്‍ഹി ടീമിന്റെ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് അവരുടെ ക്യാംപില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. പരിശീലകന്‍ റിക്കിപോണ്ടിംഗിന് പിന്നാലെ പന്തും വരും സീസണില്‍ കൂടുമാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തില്‍ നിര്‍ണ്ണായക പ്രകടനം നടത്തിയ പന്തിനെ 2025-ല്‍ നിലനിര്‍ത്താനുള്ള തീരുമാനത്തെക്കുറിച്ച് ടീം ആലോചിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഐപിഎല്‍ 2025 സീസണില്‍ ഒരു പുതിയ ഫ്രാഞ്ചൈസിയുടെ ഭാഗമാകാന്‍ പന്ത് ആഗ്രഹിക്കുന്നുണ്ടെന്നാണ് സൂചനകള്‍. തങ്ങളുടെ മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിംഗിനെ ഡല്‍ഹി നേരത്തേ പുറത്താക്കിയിരുന്നു.

ഡല്‍ഹി ക്യാപിറ്റല്‍സ് പന്തിന് പകരക്കാരനെ കണ്ടെത്തുന്നതിനെക്കുറിച്ച് ആലോചനകള്‍ നടക്കുകയുമാണ്. വലിയൊരു കാര്‍ അപകടത്തെ അതിജീവിച്ച് തിരിച്ചുവന്ന പന്ത് കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ചിരുന്നെങ്കിലും പ്‌ളേ ഓഫില്‍ എത്താനായിരുന്നില്ല. അതുകൊണ്ടു തന്നെ പന്തിന്റെ കഴിഞ്ഞ സീസണിലെ പ്രകടനത്തില്‍ ഡിസി മാനേജ്മെന്റ് അത്ര സന്തുഷ്ടനല്ലായിരുന്നു.

എന്നാല്‍ ലോകകപ്പ് വിജയത്തോടെയാണ് അവര്‍ക്ക് മനംമാറ്റം വന്നിരിക്കുന്നത്. എന്നിരുന്നാലും ഐപിഎല്‍ 2025-ല്‍ നിലനിര്‍ത്തുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും ഡല്‍ഹി പുറത്തുവിട്ടിട്ടില്ല. അതേസമയം ഇത്തവണയും ഫ്രാഞ്ചൈസി പന്തിനെ നായകനാക്കണമെന്നാണ് സൗരവ് ഗാംഗുലിയെപ്പോലെ യുള്ളവര്‍ പറയുന്നത്. എന്നാല്‍ പന്ത് ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ഭാഗമായേക്കുമെന്നും കേള്‍ക്കുന്നു.

പുതിയ സീസണില്‍ ധോണി കളിമതിയാക്കുന്നതോടെ അവര്‍ക്ക് ഒരു പുതിയ നായകനെ വേണ്ടി വരും. അങ്ങിനെ വന്നാല്‍ തലമുറമാറ്റം മൂന്‍ നിര്‍ത്തി പന്തിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് (സിഎസ്‌കെ) ചേരാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.