Sports

ഗോളടിക്കാനാകാതെ മെസ്സിയും റൊണാള്‍ഡോയും; പ്രായം പിടികൂടി, പെനാല്‍റ്റിവരെ പാഴാക്കുന്നു

ലോകഫുട്‌ബോളിലെ സൂപ്പര്‍താരങ്ങളാണ് റൊണാള്‍ഡോയും മെസ്സിയുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇരുവരുടേയും പൂര്‍ണ്ണതയ്ക്ക് വിരാമമാകുന്നുവോ? മിക്കവാറും ടൂര്‍ണമെന്റുകളുടെ ഈ പതിപ്പ് കഴിയുന്നതോടെ കോപ്പ അമേരിക്കയില്‍ നിന്നും മെസ്സിയും യൂറോകപ്പില്‍ നിന്നും റൊണാള്‍ഡോയും ദേശീയടീമിന്റെ ജഴ്‌സിയോട് എന്നന്നേക്കുമായി വിട പറഞ്ഞേക്കും. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന ലോകകപ്പില്‍ ഇരുവരും ഉണ്ടാകുമോയെന്ന് കാലവും സമയവും ഫിറ്റ്‌നസും പരിശീലകരുമൊക്കെ തീരുമാനമെടുക്കും.

എന്തായാലും ഇരുവരുടേയും അസ്തമനം സൂചിപ്പിക്കുന്നതാണ് രണ്ടുപേരും കഴിഞ്ഞ മത്സരങ്ങളില്‍ എടുത്ത പെനാല്‍റ്റികള്‍. കോപ്പാ അമേരിക്കയില്‍ ഇക്വഡോറിനെതിരേ ക്വാര്‍ട്ടറില്‍ മെസ്സി പെനാല്‍റ്റി പാഴാക്കിയിരുന്നു. സാധാരണ സമയത്ത് 1-1 സമനില വന്നതിനെ തുടര്‍ന്നു വന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയുടെ ആദ്യ കിക്ക് എടുക്കാന്‍ വന്നത് മെസ്സിലായിരുന്നു. എന്നാല്‍ ഇക്വഡോര്‍ ഗോളിയെ കബളിപ്പിച്ച് മെസ്സി നടത്തിയ പനേങ്കാ കിക്ക് കീപ്പറെ കബളിപ്പിച്ചെങ്കിലും ബാറിനെ മറികടക്കാനായില്ല. എന്നാല്‍ മത്സരത്തില്‍ ഉടനീളം തകര്‍പ്പന്‍ പ്രകടനം നടത്തിയ ഗോള്‍കീപ്പര്‍ ദിബു മാര്‍ട്ടീനസിന്റെ മികവ് അര്‍ജന്റീനയെ സെമിയില്‍ എത്തിക്കുകയും ചെയ്തു.

പരിക്കു മൂലം പെറുവിനെതിരേയുള്ള കഴിഞ്ഞ മത്സരത്തില്‍ നിന്നും വിട്ടു നിന്ന മെസ്സി ഈ മത്സരത്തില്‍ പൂര്‍ണ്ണമായും കളിച്ചിരുന്നെങ്കിലും ഗോളിലേക്ക് തൊടുക്കാനായത് ഒരു ഷോട്ട് മാത്രമായിരുന്നു. കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കേ പോസ്റ്റിന് തൊട്ടടുത്ത് നിന്നും മെസ്സി ഇടം കാലിന് അടിക്കേണ്ട അടി വലംകാലില്‍ തൊടുത്ത് പന്തിനെ പുറത്തേക്ക് അയയ്ക്കുന്നത് കണ്ട് ആരാധകര്‍ പോലും തലയില്‍ കൈവെച്ചിരുന്നിരിക്കാം. ഇതിന് പിന്നാലെയായിരുന്നു മെസ്സിയുടെ പെനാല്‍റ്റിയ്ക്ക് ബാര്‍ തടസ്സമായി മാറിയതും. ഇത്തവണ കപ്പോടെ വിരമിക്കാനിരിക്കുന്ന മെസ്സിയെയൂം ഇതിഹാസ താരത്തെ മികച്ച യാത്രയയപ്പ് നല്‍കാന്‍ അര്‍ജന്റീനയ്ക്കും കോപ്പയില്‍ തുണയായിരിക്കുന്നത് പഴയ ഹീറോ മാര്‍ട്ടീനസാണ്.

ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു ഫുട്‌ബോള്‍ ഇതിഹാസം പോര്‍ച്ചുഗലിന്റെ ക്രിസ്ത്യാനോ റൊണാള്‍ഡോയും പെനാല്‍റ്റി നഷ്ടമാക്കിയിരുന്നു. സ്‌ളോവേനിയയ്ക്ക് എതിരേ മത്സരത്തിലെ താരത്തിന്റെ കിക്ക് കീപ്പര്‍ തടുത്തിരുന്നു. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ പിന്നീട് ആദ്യ പെനാല്‍റ്റി ലക്ഷ്യത്തില്‍ എത്തിച്ച് ക്രിസ്ത്യാനോ പ്രായശ്ചിത്തം ചെയ്‌തെങ്കിലും അതും ഒരു പെര്‍ഫെക്ട് റൊണാള്‍ഡോ സ്‌റ്റൈല്‍ കിക്ക് ആയില്ലെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. യൂറോ കപ്പുയര്‍ത്തി ജഴ്‌സിയൂരാന്‍ കാത്തിരിക്കുന്ന റൊണാള്‍ഡോയ്ക്ക് മൂന്ന് കടമ്പകള്‍ കൂടി മുന്നിലുണ്ട്. അതേസമയം യൂറോകപ്പില്‍ കളിക്കുന്ന റൊണാള്‍ഡോയും കോപ്പയില്‍ കളിക്കുന്ന മെസ്സിയും ഇതുവരെ തങ്ങളുടെ ടീമുകള്‍ക്കായി ഒരു ഫീല്‍ഡ് ഗോളും നേടിയിട്ടുമില്ല. ഇരുവരുടേയും കാലിനെയും വേഗതയേയും പ്രായം ബാധിക്കുന്നതിന്റെ തെളിവാണ് ഇതെന്നാണ് സൂചനകള്‍.