Crime

11 വയസ്സുള്ള മൂകയും ബധിരയുമായ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് ജീവനോടെ കത്തിച്ചു ; പോലീസ് കേസെടുത്തില്ലെന്ന് പിതാവ്

രാജസ്ഥാനിലെ കരൗലി ജില്ലയില്‍ നിന്നുള്ള ഹൃദയഭേദകമായ വാര്‍ത്തയില്‍ 11 വയസ്സുള്ള ബധിരയും മൂകയുമായ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് ജീവനോടെ കത്തിച്ചു. 11 ദിവസം ആശുപത്രിയില്‍ ദുരിതമനുഭവിച്ച പെണ്‍കുട്ടി ഒടുവില്‍ ചികിത്സയ്ക്കിടെ മരിച്ചു. സംഭവം വന്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങള്‍ ശബ്ദമുയര്‍ത്തുകയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്യുന്നു.

കുറ്റക്കാരെ ഉടന്‍ പിടികൂടി കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചാം ക്ലാസില്‍ പഠിച്ച മരിച്ച പെണ്‍കുട്ടിയുടെ പിതാവ് മുഖ്യമന്ത്രിയുടെ പേരില്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. ഇരയുടെ പിതാവ് മെമ്മോറാണ്ടത്തില്‍ എഴുതി, ”ഞാന്‍ 2024 മെയ് 11 ന് ഹിന്ദൗണ്‍ സിറ്റിയിലെ ന്യൂ മാണ്ഡി പോലീസ് സ്റ്റേഷനില്‍ ഒരു പരാതി നല്‍കിയിരുന്നു, ചില അജ്ഞാതരായ അക്രമികള്‍ എന്റെ മകളെ ജീവനോടെ കത്തിച്ചതായും അവളെ കുറച്ച് അകലെ ഉപേക്ഷിച്ച് ഓടിപ്പോയി. ആശുപത്രിയില്‍ ചികിത്സയില്‍ അവള്‍ മരിച്ചു.”

താന്‍ പരാതി നല്‍കിയിട്ടും പോലീസ് കേസ് എടുക്കാന്‍ കൂട്ടാക്കിയില്ലെന്നും പിതാവ് വ്യക്തമാക്കി. തന്റെ മകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന കാര്യം എഴുതിച്ചേര്‍ക്കാന്‍ പോലീസ് കൂട്ടാക്കുമോ എന്നും ആശങ്കയും പ്രകടിപ്പിച്ചു. സംഭവം നടന്നിട്ട് 11 ദിവസം കഴിഞ്ഞിട്ടും കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യുകയോ നിയമനടപടി സ്വീകരിക്കുകയോ പോലീസ് ചെയ്തിട്ടില്ലെന്നും ആരോപിക്കുന്നു. മകള്‍ കുറ്റവാളികളെ തിരിച്ചറിയാന്‍ കഴിയുമെന്ന് സൂചന നല്‍കിയിട്ടും പോലീസ് കാര്യമായി ഇടപെട്ടില്ല എന്നും വിദഗ്ധന്റെ സാന്നിധ്യത്തില്‍ മകളുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും കേസിലും ന്യൂമണ്ഡി പോലീസ് തികഞ്ഞ അനാസ്ഥ കാട്ടിയെന്നും പിതാവിന്റെ മെമ്മോറാണ്ടത്തില്‍ പറയുന്നു.

അതേസമ്യം സംഭവത്തില്‍ ഇരയായ പെണ്‍കുട്ടിയെ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും വൈദ്യസഹായം നല്‍കുകയും ചെയ്തുവെന്ന് കരൗലി പോലീസ് ട്വിറ്ററില്‍ കുറിച്ചു. പെണ്‍കുട്ടിയുടെ ചര്‍മ്മ സാമ്പിളുകളും വസ്ത്ര സാമ്പിളുകളും എഫ്എസ്എല്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ശാസ്ത്ര വിദഗ്ദരുടെ അഭിപ്രായം അനുസരിച്ച് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നുമാണ് ന്യൂ മണ്ഡി ഹിന്ദൗണ്‍ പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.