Sports

നാലാം സ്ഥാനത്തിനായി മുന്‍തൂക്കം സിഎസ്‌കെയ്ക്ക് ; കോഹ്ലിയുടെ ടീമിന് ജയിച്ചാലും പ്‌ളേഓഫില്‍ കടക്കാനാകില്ല

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആരാധകര്‍ ആവേശകരമായ മത്സരങ്ങളാണ് ഇന്നും നാളെയുമായി നടക്കുക. ഇന്ന് മുംബൈ ഇന്ത്യന്‍സിനെ ലക്‌നൗ സൂപ്പര്‍ജയന്റ്‌സ് നേരിടുമ്പോള്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ മത്സരം നാളെ നടക്കും. പ്‌ളേഓഫില്‍ ഇനി ഒരു ടീമിന് മാത്രം ചാന്‍സ് നില്‍ക്കേ മൂന്ന് ടീമുകളാണ് മത്സരിക്കുന്നത്. എന്നിരുന്നാലും ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് ധോണിയുടെ ചെന്നൈ സൂപ്പര്‍കിംഗ്‌സിനാണ്. സാഹചര്യങ്ങളെ ആശ്രയിച്ചാണ് ആര്‍സിബിയുടേയും എല്‍എസ്ജി യുടേയും സാധ്യതകള്‍.

നാളെ നടക്കുന്ന നിര്‍ണ്ണായക മത്സരത്തിന് മഴയാണ് ഏറ്റവും ഭീഷണി. മത്സരം ഉപേക്ഷിച്ചാലും ആര്‍സിബി ജയിച്ചാലും സിഎസ്‌കെയുടെ സാധ്യതകളെ അവസാനിപ്പിക്കില്ല. ആര്‍സിബിയും സിഎസ്‌കെയും തമ്മിലുള്ള മത്സരം ഐപിഎല്‍ 2024 പ്ലേഓഫില്‍ ആര്‍ക്ക് നാലാം സ്ഥാനം ലഭിക്കുമെന്ന് തീരുമാനിക്കും. കെ എല്‍ രാഹുലിന്റെ നേതൃത്വത്തിലുള്ള ടീം ഗണിതശാസ്ത്രപരമായി മാത്രമാണ് മത്സരത്തിലുള്ളത്. 14 പോയിന്റുള്ള സൂപ്പര്‍ കിംഗ്സിന് മികച്ച റണ്‍റേറ്റുമുണ്ട്. +0.528 എന്ന മികച്ച നെറ്റ് റണ്‍ റേറ്റുള്ള സിഎസ്‌കെ യെ തോല്‍പ്പിച്ചാല്‍ ആര്‍സിബി യ്ക്ക് പോയിന്റ് തുല്യമാക്കാനാകും. എന്നാല്‍ സിഎസ്‌കെയെ കുറഞ്ഞത് 18 റണ്‍സിന്റെ മാര്‍ജിനില്‍ തോല്‍പ്പിക്കേണ്ടി വരും.

ആദ്യം ബാറ്റ് ചെയ്ത് ആര്‍സിബി 200 റണ്‍സ് നേടിയാല്‍. 17 റണ്‍സിനോ അതില്‍ കുറവ് റണ്‍സിനോ ആര്‍സിബി ജയിച്ചാല്‍, താഴ്ന്ന നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ അവര്‍ പുറത്താകും. ആര്‍സിബി രണ്ടാമത് ബാറ്റ് ചെയ്യുന്ന സാഹചര്യത്തില്‍, 201 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന സാഹചര്യത്തില്‍ അവര്‍ക്ക് 11 പന്തുകള്‍ ശേഷിക്കെ ലക്ഷ്യത്തിലെത്തേണ്ടതുണ്ട്. ഫലത്തില്‍ നാലാം സ്ഥാനം ഉറപ്പിച്ചിരിക്കുന്ന സൂപ്പര്‍ കിംഗ്സിന് യോഗ്യത മത്സരം ജയിച്ചില്ലെങ്കിലും നേടാനാകും. തോല്‍വി നേരിയതാക്കണമെന്ന് മാത്രം.

ലഖ്നൗ സൂപ്പര്‍ ജയന്റ്സ് സീസണിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍, മുംബൈ ഇന്ത്യന്‍സിനെതിരെ, അവിശ്വസനീയമാം വിധം വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ച് നെറ്റ് റണ്‍റേറ്റ് ആര്‍സിബിയ്ക്കും സിഎസ്‌കെയ്ക്കും മുകളില്‍ എത്തിക്കുന്ന സാഹചര്യം ഉണ്ടാവുകയും സിഎസ്‌കെയെ ആര്‍സിബി തോല്‍പ്പിക്കുകും ചെയ്യുന്ന സ്ഥിതി വന്നാല്‍ അവര്‍ക്ക് കടന്നുപോകാനുള്ള അവസരം ലഭിക്കും. എന്നാല്‍ വിജയം നേടുകയും ആര്‍സിബി അവരുടെ നെറ്റ് റണ്‍റേറ്റിന് മുകളില്‍ കയറുകയും ചെയ്താല്‍ കാര്യങ്ങള്‍ കോഹ്ലിയുടെ ടീമിന് അനുകൂലമായി മാറും.