Crime

പാന്‍കടയില്‍ യുവതി സിഗററ്റ് വലിച്ചു ; തുറിച്ചുനോക്കിയെന്ന് ആരോപിച്ച് 28 കാരനെ കൊലപ്പെടുത്തി

നാഗ്പൂര്‍: പാന്‍ഷോപ്പില്‍ നിന്നു സിഗററ്റ് വലിച്ചപ്പോള്‍ തുറിച്ചുനോക്കിയ 28 കാരനെ 24 കാരിയും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തി. നാലു കൊച്ചു പെണ്‍കുട്ടികളുടെ പിതാവായ രഞ്ജിത്ത് രാത്തോഡിനെയാണ് ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ ക്രൂരതയ്ക്ക് ഇരയാക്കിയത്. നാഗ്പൂരിലെ മാനേവാഡയിലെ ഒരു പാന്‍ഷോപ്പിന് മുന്നില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. സവിതാ സായരേ എന്ന സുഹൃത്തിനൊപ്പം പാന്‍ഷോപ്പില്‍ നിന്നും സിഗററ്റ് വാങ്ങാന്‍ എത്തിയപ്പോള്‍ രത്തോഡ് തന്നെ തുറിച്ചുനോക്കുന്നതായി ജയശ്രീ പന്ധാരേ എന്ന യുവതിക്ക് തോന്നിയത് മുതലാണ് വഴക്ക് തുടങ്ങിയത്.

തനിക്കടുത്ത് നിന്നും ജയശ്രീ സിഗററ്റ് വലിച്ച് പുക വിടുന്നത് തന്റെ സെല്‍ഫോണില്‍ രാത്തോഡ് റെക്കോഡ് ചെയ്യുകയും ഇരുവരേയും അനാവശ്യം പറയുകയും ചെയ്തു. ഇരുവരും ഇത് ചോദ്യം ചെയ്യുകയും ചെറിയ വഴക്കിലേക്ക് നീങ്ങുകയും ചെയ്തതോടെ ജയശ്രീ തന്റെ സുഹൃത്തുക്കളായ ആകാശ് റാവുത്തിനെയും ജീത്തു യാദവിനൊയും വിളിച്ചുവരുത്തി. വഴക്കിന് ശേഷം രാത്തോഡ് ധ്യാനേശ്വറിലെ വീട്ടിലേക്ക് പോകുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ മഹാലക്ഷ്മി നഗറില്‍ ഒരു ബീയര്‍ കുടിക്കാനായി രാത്തോഡ് കയറി. ഈ സമയത്ത് പിന്നാലെ വരികയായിരുന്ന നാല്‍വര്‍സംഘം ചേര്‍ന്ന് രാത്തോഡിനെ നന്നായി മര്‍ദ്ദിച്ചു. ഇരുവരും രാത്തോഡിനെ കുത്തി ഗുരുതരാവസ്ഥയിലാക്കുകയും ചെയ്തു.

പിന്നാലെ വരികയായിരുന്നു ജയശ്രീ രാത്തോഡിനെ പല തവണ കുത്തുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. കൊലപാതകത്തിന് ശേഷം നാലുപേരും ദത്താവാഡിയിലേക്ക് മുങ്ങി. അവിടെ നിന്നും കമലേശ്വറിലെ മോഹോപയിലേക്ക് പോയി. പിന്നീട് ജയശ്രീ, സവിത, ആകാശ് എന്നിവരെ പിന്നീട് തെരച്ചില്‍ നടത്തി പിടികൂടി. രാത്തോഡിന്റെ ഫോണിലെയും സിസിടിവിയിലെ ദൃശ്യങ്ങളും നിര്‍ണ്ണായക തെളിവായി മാറിയിട്ടുണ്ട്.