Lifestyle

വീട് പൊളിച്ചാലും വിദ്യാഭ്യാസമാണ് പ്രധാനം ; ബുള്‍ഡോസറിന് മുന്നില്‍ പുസ്തകവുമായി ഓടുന്ന ഒന്നാംക്ലാസ്സുകാരി

ഉത്തര്‍പ്രദേശില്‍ ബുള്‍ഡോസര്‍ രാജിന് സുപ്രീംകോടതി അപ്രതീക്ഷിതമായി തടയിട്ട ഒന്നാംക്ലാസ്സുകാരിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. വീട് പൊളിക്കുമ്പോഴും തന്റെ വിദ്യാഭ്യാസം സംരക്ഷിക്കാനുള്ള ഒരു 7 വയസ്സുകാരിയുടെ ദൃഢനിശ്ചയം ഇന്ത്യയിലുടനീളമുള്ള പലരുടെയും ഹൃദയം കവര്‍ന്നിട്ടുണ്ട്.

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അനന്യ യാദവ് തന്റെ കുടുംബത്തിന്റെ വീടിനെ ലക്ഷ്യമിട്ട് ബുള്‍ഡോസര്‍ പൊളിക്കല്‍ വരുമ്പോള്‍ തന്റെ പാഠപുസ്തകങ്ങള്‍ സംരക്ഷിക്കാന്‍ അത് മാറത്ത് അടുക്കിപ്പിടിച്ചുകൊണ്ടുള്ള പെണ്‍കുട്ടിയുടെ ഓട്ടം ഇന്റര്‍നെറ്റില്‍ മുന്‍നിരയില്‍ എത്തി. സ്‌കൂള്‍ ബാഗ് മുറുകെപ്പിടിച്ച് അവള്‍ ഓടിപ്പോകുന്ന വൈകാരിക നിമിഷം സുപ്രീം കോടതിയുടെയും രാഷ്ട്രീയ നേതാക്കളുടെയും സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെയും ശ്രദ്ധ ആകര്‍ഷിച്ചു.

മാര്‍ച്ച് 21 ന് അനന്യ തന്റെ പ്രൈമറി സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ബുള്‍ഡോസര്‍ തന്റെ താല്‍ക്കാലിക വീടിന് നേരെ വരുന്നത് കണ്ടത്. അനന്യയുടെ കുടുംബം സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിച്ച അനധികൃത കെട്ടിടങ്ങള്‍ പൊളിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനപ്രകാരമാണ് ബുള്‍ഡോസര്‍ കൊണ്ടുവന്നത്. തൊട്ടടുത്തുള്ള ഒരു കുടിലിന് തീപിടിക്കുന്നത് കണ്ട അനന്യ ഒരു മടിയും കൂടാതെ,ഏറ്റവും വിലപിടിപ്പുള്ള തന്റെ സ്‌കൂള്‍ ബാഗ് വീണ്ടെടുക്കാന്‍ അവള്‍ അവളുടെ വീട്ടിലേക്ക് കുതിച്ചു.

”എന്റെ കുടുംബത്തില്‍ ആദ്യമായി സ്‌കൂളില്‍ പോകുന്ന ആളാണ് ഞാന്‍. സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. ഇളയ സഹോദരന്‍ ആദര്‍ശും സ്‌കൂളില്‍ പോയി തുടങ്ങിയിരിക്കുന്നു.” അനന്യ പങ്കുവെച്ചു. അവളുടെ മാതാപിതാക്കള്‍ ദിവസക്കൂലിക്കാരും അക്ഷരജ്ഞാനമില്ലാത്തവരുമായിരുന്നിട്ടും, സ്‌കൂളില്‍ പോകുന്നതില്‍ അനന്യ വളരെയധികം അഭിമാനം പ്രകടിപ്പിച്ചു.

‘ഫീസൊന്നും ഈടാക്കാത്തതിനാല്‍, എനിക്കും എന്റെ സഹോദരനും സ്‌കൂളില്‍ ചേരാന്‍ കഴിയും,’ അവള്‍ വിശദീകരിച്ചു. പരീക്ഷകളില്‍ മിടുക്ക് കാട്ടിയതിന് അവളുടെ അധ്യാപകരുടെയും നാട്ടുകാരുടെയും സമ്മാനമാണ് പുസ്തകങ്ങള്‍. വലിയ സ്വപ്നങ്ങള്‍ കാണാന്‍ അവളെ പ്രേരിപ്പിച്ചതെന്താണെന്ന് ചോദിച്ചപ്പോള്‍, ‘ഒരു മുതിര്‍ന്ന ഓഫീസര്‍ ഒരിക്കല്‍ എന്റെ സ്‌കൂള്‍ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ പേര് എനിക്കറിയില്ല, പക്ഷേ ടീച്ചര്‍ ഞങ്ങളോട് പറഞ്ഞു, അയാള്‍ ഒരു ഐഎഎസ് ഓഫീസറാണെന്ന്. അദ്ദേഹം എനിക്ക് പ്രചോദനമായി, അതിനാല്‍ എനിക്കും ഒരു ഐഎഎസ് ആകണം.” അവളുടെ കണ്ണുകള്‍ നിശ്ചയദാര്‍ഢ്യത്താല്‍ തിളങ്ങി.

സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവാണ് തന്റെ പ്രദേശത്ത് പൊളിക്കല്‍ ഡ്രൈവും പുസ്തകം മാറത്തടുക്കിയുള്ള അനന്യയുടെ ഓട്ടവും അടങ്ങുന്ന വീഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്തത്. തങ്ങള്‍ 50 വര്‍ഷത്തിലേറെയായി ഭൂമിയില്‍ താമസിക്കുന്നുണ്ടെന്നും അവരുടെ നിര്‍മ്മാണം നിയമവിരുദ്ധമായി ഇതുവരെ ആരും കണക്കാക്കിയിട്ടില്ലെന്നും അനന്യയുടെ പിതാവ് അഭിഷേക് യാദവ്, പറഞ്ഞു.