Oddly News

സ്കൂട്ടറിൽ എത്തി കടയിലെ പാൽ പാക്കറ്റുകൾ മോഷ്ടിച്ചെടുത്ത് നാൽവർ സംഘം- വീഡിയോ

മോഷണങ്ങളുടെ നിരവധി സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ബംഗളുരുവിൽ നിന്ന് പുറത്തുവരുന്ന ഒരു മോഷണത്തിന്റെ ദൃശ്യമാണ് സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്. സ്കൂട്ടറിൽ എത്തി ഒരു കടയ്ക്കുമുന്നിൽ വച്ചിരുന്ന പാക്കറ്റ് പാൽ മോഷ്ടിച്ചെടുത്തു കടന്നു കളയുന്ന നാലു യുവാക്കളുടെ ദൃശ്യങ്ങളാണിത്.

പുലർച്ചെയാണ് സംഭവം. പ്രായമായ കടയുടമ കടയ്ക്കുള്ളിലിരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിത മോഷണം. നഗരത്തിലെ പാൽ മോഷണത്തിന്റെ തുടർക്കഥയായിട്ടാണ് ഈ സംഭവവും അരങ്ങേറിയത്. വീഡിയോയിൽ സ്കൂട്ടറിൽ എത്തിയ നാലുപേരും തെരുവിൽ ഒരു കടയുടെ മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ട്രേകളിൽ നിന്ന് പാക്കറ്റ് പാല്‍ മോഷ്ടിച്ച് സ്ഥലത്ത് നിന്ന് രക്ഷപെടുന്നതാണ് കാണുന്നത്.

ട്രാഫിക് നിയമം അനുസരിച്ച് നാലുപേർ ഒരുമിച്ച് ഒരു ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നത് ശിക്ഷാർഹമാണ്. എന്നാൽ അതും മറികടന്നാണ് ഹെൽമെറ്റ്‌ പോലും ധരിക്കാതെ നാലുപേർ സ്കൂട്ടറിൽ യാത്ര ചെയ്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ ഇവർക്കെതിരെ പോലീസ് നടപടി വേണമെന്ന് ആവശ്യപ്പെട്ട് നെറ്റിസൺസും രംഗത്തെത്തി.

@Ghar Ke Kalesh എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നാൽവർ സംഘം ഒരു ഇരുചക്രവാഹനത്തിൽ വന്ന് പെട്ടെന്ന് പാൽ പാക്കറ്റുകൾ അടുക്കിവെച്ചിരിക്കുന്ന കടയ്ക്ക് മുന്നിൽ വാഹനം നിർത്തുകയാണ്. തുടർന്ന് ഞൊടിയിടയിൽ നാലുപേരും പാല്‍ പാക്കറ്റുകൾ വീതം മോഷ്ടിച്ചെടുക്കുകയും ഉടൻ തന്നെ സ്ഥലം വിടുകയും ചെയ്യുകയുമാണ്. ഇവർ രക്ഷപ്പെട്ടതിനു ശേഷമാണ് മോഷണവിവരം കടയുടമ അറിയുന്നത്. നിസ്സഹായനായ ആ മനുഷ്യൻ ഒന്നുമറിയാതെ ചുറ്റും നോക്കിയെങ്കിലും പ്രതികൾ അവിടെ നിന്ന് കടന്നുകളഞ്ഞിരുന്നു.

സംഭവം എവിടെയാണ് നടന്നതെന്ന് കൃത്യമായി വ്യക്തമല്ല. വീഡിയോ ഓൺലൈനിൽ വൈറലായതോടെ സംഭവം അന്വേഷിച്ച് യുവാക്കളെ നാലുപേരെയും ഉടൻ പിടികൂടാൻ സിറ്റി പോലീസിനോട് നെറ്റിസൺസ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *