Crime

നാലുവയസുകാരന്റെ കൊലപാതകം; അമ്മയുടെ ആണ്‍സുഹൃത്ത് കുറ്റം സമ്മതിച്ചു, കൊന്നത് ടൗവല്‍വച്ച് കഴുത്ത് മുറുക്കി, ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അമ്മയെ അനുവദിച്ചില്ല

തിരുവനന്തപുരം: കഴക്കൂട്ടത്തെ നാലുവയസുകാരന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലുളള കുട്ടിയുടെ അമ്മയുടെ ആണ്‍സുഹൃത്ത് കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര സ്വദേശിയായ തന്‍ബീര്‍ ആലമാണ് കുറ്റം സമ്മതിച്ചത്. അമ്മയോടുളള വൈരാഗ്യം മൂലമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.

മുറിയിലുണ്ടായിരുന്ന ടൗവല്‍ ഉപയോഗിച്ച് കുട്ടിയുടെ കഴുത്ത് മുറുക്കിയാണ് കൊല നടത്തിയത്. കഴുത്തിലെ എല്ല് പൊട്ടിയാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. അബോധാവസ്ഥയിലുള്ള കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാനായി മാതാവ് മുന്നി ബീഗം ഓട്ടോ വിളിച്ച് ഇറങ്ങിയെങ്കിലും തൻബിർ ആലം ആശുപത്രിയിൽ കൊണ്ട് പോകാൻ തയ്യാറായില്ല. തുടർന്ന് ലോഡ്ജിന് താഴെയുള്ള കടക്കാരാണ് ബഹളം ഉണ്ടാക്കി ഇയാളെയും കൂടി നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചത്.

അസ്വാഭാവികമരണത്തിന് എടുത്ത കേസിൽ കോടതി അനുമതിയോടെ കൊലപാതകത്തിനുള്ള വകുപ്പുകൾ കൂടി ചേർത്ത ശേഷമേ പ്രതിയെ അറസ്റ്റ് ചെയ്യുകയുള്ളൂ. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പശ്ചിമബംഗാൾ സ്വദേശിനിയായ മുന്നി ബീഗത്തിന്റെ നാലുവയസ്സുള്ള മകൻ ഗിൽദറിനെയാണ് ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

ഉച്ചയ്ക്ക് ആഹാരം കൊടുത്ത് ഉറക്കിയ കുഞ്ഞ് വൈകുന്നേരം അനക്കം ഇല്ലാതെ കിടക്കുന്നത് കണ്ടാണ് ആശുപത്രിയില്‍ എത്തിച്ചത് എന്നാണ് അമ്മ ഡോക്ടറോട് പറഞ്ഞത്. വിശദമായി പരിശോധിച്ചപ്പോഴാണ് ഡോക്ടര്‍ കഴുത്തിലെ പാടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മറ്റ് ബന്ധുക്കള്‍ എത്തിയതിന് ശേഷം മൃതദേഹം വിട്ടുനല്‍കും.

രണ്ടാഴ്ച മുമ്പാണ് ഒന്നര വയസ്സ് പ്രായം ഉള്ള ഇളയ കുഞ്ഞും മരണപ്പെട്ട കുട്ടിയുമായി ഇവർ ഇവിടെ താമസത്തിന് എത്തിയത്. രണ്ടുമാസം മുൻപും ഇവർ ഇതേ ലോഡ്ജിൽ താമസിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ആലുവയിൽ താമസിച്ചിരുന്ന ഇവർ ഭർത്താവുമായി പിണങ്ങിയാണ് കുഞ്ഞുങ്ങളുമായി ഇവിടെ എത്തിയതെന്നാണ് വിവരം. ഇവർ താമസിച്ചിരുന്ന ലോഡ്ജിൽ ഫോറൻസിക് വിഭാഗം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.