ന്യൂഡല്‍ഹി: ‘ലൂട്ടറി ദുല്‍ഹന്‍’ അല്ലെങ്കില്‍ കൊള്ളയടിക്കുന്ന വധു. ഉത്തരാഖണ്ഡുകാരിയായ നിക്കി എന്ന സീമ ഇപ്പോള്‍ പോലീസിന്റെ റെക്കോഡില്‍ അറിയപ്പെടുന്നത് ഈ പേരിലാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ അനേകം പുരുഷന്മാരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുകയും പണം തട്ടുകയും ചെയ്ത ഇവരെ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയപ്പോള്‍ പുറത്തുവന്നത് വമ്പന്‍ തട്ടിപ്പിന്റെ ഒരു അസാധാരണ കഥയാണ്. വിവാഹശേഷം ഭര്‍ത്താവിനെതിരേ കേസു കൊടുക്കുകയും പിന്നീട് അവരില്‍ നിന്നും വന്‍തുക തട്ടുന്നതുമായിരുന്നു ഇവരുടെ രീതി.
ഒത്തുതീര്‍പ്പിന്റെ പേരില്‍ ഇവര്‍ നേടിയത് 1.25 കോടി രൂപയാണെന്ന് പോലീസ് കണ്ടെത്തി. ഉത്തരാഖണ്ഡില്‍ താമസിക്കുന്ന നിക്കി 2013-ല്‍ ആഗ്രയില്‍ നിന്നുള്ള ഒരു വ്യവസായിയെ ആദ്യം വിവാഹം കഴിച്ചു. കുറച്ച് നാളുകള്‍ക്കുശേഷം ആ മനുഷ്യന്റെ കുടുംബത്തിനെതിരെ കേസ് കൊടുക്കുകയും ഒത്തുതീര്‍പ്പിന്റെ ഭാഗമായി 75 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു.
2017ല്‍ ഗുരുഗ്രാമില്‍ നിന്നുള്ള ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയറായിരുന്നു അടുത്ത ഇര. അയാളെ വിവാഹം കഴിച്ച സീമ പിന്നീട് ഇയാളുമായി വേര്‍പിരിഞ്ഞതിന് ശേഷം 10 ലക്ഷം രൂപ സെറ്റില്‍മെന്റായി വാങ്ങുകയും ചെയ്തു. 2023-ല്‍ ജയ്പൂര്‍ ആസ്ഥാനമായുള്ള ഒരു ബിസിനസുകാരനെയാണ് വിവാഹം കഴിച്ചത്. താമസിയാതെ 36 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും പണവുമായി അവന്റെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടു.
വീട്ടുകാര്‍ കേസെടുത്തതിനെ തുടര്‍ന്ന് ജയ്പൂര്‍ പോലീസ് സീമയെ അറസ്റ്റ് ചെയ്തു. പോലീസ് അന്വേഷണത്തില്‍ സീമ തന്റെ ഇരകളെ മാട്രിമോണിയല്‍ സൈറ്റുകളില്‍ നിന്നാണ് കണ്ടെത്താറുള്ളതെന്ന് കണ്ടെത്തി. സാധാരണയായി വിവാഹമോചിതരായ അല്ലെങ്കില്‍ ഭാര്യമാരെ നഷ്ടപ്പെട്ട പുരുഷന്മാര്‍ക്ക് വേണ്ടിയായിരുന്നു ഇവര്‍ തന്റെ പ്രൊഫൈലുകള്‍ ഉപയോഗിച്ചിരുന്നതെന്നും പോലീസിന് അന്വേഷണത്തില്‍ മനസ്സിലായി. വിവിധ സംസ്ഥാനങ്ങളിലെ പുരുഷന്മാരെയായിരുന്നു ഇവര്‍ വിവാഹത്തട്ടിപ്പിന് ഇരയാക്കിയിരുന്നത്.