‘ലോകത്തിലെ ഏറ്റവും ആവശ്യക്കാരുള്ള കാമുകി’ എന്നർത്ഥം വരുന്ന ‘മോസ്റ്റ് വാണ്ടഡ് ഗേൾഫ്രണ്ട് ഇൻ ദ വേൾഡ്’ എന്നാണ് അമേരിക്കൻ പ്ലാറ്റ്ഫോമായ ഒൺലിഫാൻസ് മോഡൽ വേര ജിക്ക്മാൻസ് (29) സ്വയം വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ആ ‘വാണ്ടഡ്’ എന്ന വിശേഷണം ഇപ്പോൾ യഥാർത്ഥമായി മാറിയിരിക്കുകയാണ്. നിലവിൽ യുഎസ് തടങ്കലിൽ കഴിയുന്ന വേര നാടുകടത്തൽ ഭീഷണി നേരിടുകയാണ്.
നെതർലൻഡ്സ് സ്വദേശിയായ വേര ടൂറിസ്റ്റ് വിസയിലാണ് അമേരിക്കയിലെത്തിയത്. തുടർന്ന് ഒൺലിഫാൻസ് ആപ്പിൽ സജീവമായ ഇവർക്ക് ഒമ്പത് ലക്ഷത്തോളം ആരാധകരും ഇൻസ്റ്റഗ്രാമിൽ ആറ് ദശലക്ഷം ഫോളോവേഴ്സുമുണ്ട്. ഒരിക്കൽ തന്നോടൊപ്പം ഡേറ്റിങ്ങിനായി ഒരേസമയം അയ്യായിരത്തോളം പുരുഷന്മാരുടെ അഭ്യർത്ഥനകൾ ലഭിച്ചിട്ടുണ്ടെന്ന് വേര വെളിപ്പെടുത്തിയിരുന്നു. ഈ പ്ലാറ്റ്ഫോമിലൂടെ കോടിക്കണക്കിന് രൂപയാണ് ഇവർ സമ്പാദിച്ചിരുന്നത്.
എന്നാൽ അടുത്തിടെ ന്യൂജഴ്സിയിലെ ന്യൂവാർക്ക് വിമാനത്താവളത്തിൽ വിമാനമിറങ്ങിയ വേരയെ, അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടിയെടുക്കുന്ന സർക്കാർ ഏജൻസിയായ ഐസ് (ICE) അറസ്റ്റ് ചെയ്തു. നിയമപ്രകാരം ടൂറിസ്റ്റ് വിസയിലെത്തുന്നവർക്ക് അമേരിക്കയിൽ ജോലി ചെയ്യാൻ അനുവാദമില്ല. എന്നാൽ വേരയുടെ ഭൂരിഭാഗം കണ്ടന്റുകളും ചിത്രീകരിച്ചിരുന്നത് അമേരിക്കയിൽ വെച്ചായിരുന്നു. കൂടാതെ, ഇവരുടെ ആരാധകരിൽ ഭൂരിഭാഗവും അമേരിക്കൻ പൗരന്മാരുമാണ്.
ജയിലിലായതോടെ തന്റെ ജീവിതം അതീവ ദുരിതത്തിലായെന്നാണ് വേര പുറംലോകത്തെ അറിയിച്ചത്. കൃത്യമായ ഭക്ഷണമോ ഉറങ്ങാനുള്ള സൗകര്യമോ ജയിലിൽ ലഭിക്കുന്നില്ലെന്ന് വേര പറഞ്ഞതായി സഹോദരി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
വേരയെ ജാമ്യത്തിലിറക്കാൻ കുടുംബം ഡച്ച് എംബസിയെ സമീപിച്ചെങ്കിലും തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്. നാടുകടത്തപ്പെട്ടാൽ വേരയ്ക്ക് പിന്നീടൊരിക്കലും അമേരിക്കയിലേക്ക് പ്രവേശിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടാകും.




