Fitness

യോ​ഗയിലെ ‘രഹസ്യ താമര’; ഹിഡൻ ലോട്ടസ് പോസിന്റെ അത്ഭുത ഗുണങ്ങൾ വ്യക്തമാക്കി ശിൽപ ഷെട്ടിയുടെ വീഡിയോ

യോഗയോടും ആരോഗ്യകരമായ ജീവിതരീതിയോടുമുള്ള സമർപ്പണത്തിലൂടെ ശിൽപ്പ ഷെട്ടി ഫിറ്റ്നസ് പ്രേമികളെ എന്നും പ്രചോദിപ്പിക്കാറുണ്ട്. ഗുപ്ത പദ്മാസനം അഥവാ ‘ഹിഡൻ ലോട്ടസ് പോസ്’ പരിശീലിക്കുന്നതിന്റെ വീഡിയോ അടുത്തിടെ താരം പങ്കുവെച്ചിരുന്നു. ഇടുപ്പിന്റെ ചലനശേഷി വർദ്ധിപ്പിക്കാനും, വഴക്കം കൂട്ടാനും, ശരീരത്തിന്റെ posture മെച്ചപ്പെടുത്താനും ഈ ആസനം ഏറെ സഹായിക്കും.

കറുത്ത വെസ്റ്റും ഓറഞ്ച് സ്പോർട്സ് ബ്രായും ടൈഗർ പ്രിന്റ് ലഗിങ്സും ധരിച്ച് യോഗ മാറ്റിൽ ശാന്തമായി ഇരിക്കുന്ന ശിൽപ്പയെ വീഡിയോയിൽ കാണാം. വലതുകാൽ ഇടതു തുടയിലും ഇടതുകാൽ വലതു തുടയിലും വെച്ച് പൂർണ്ണമായി പദ്മാസനത്തിൽ താരം കാലുകൾ മടക്കിയിരിക്കുന്നു.

തുടർന്ന് കൈപ്പത്തികൾ മുട്ടിന് തൊട്ടുമുന്നിലായി തറയിൽ പരത്തി വെക്കുന്നു. കൈകളിൽ ഭാരം നൽകി ഇടുപ്പ് മുകളിലേക്ക് ഉയർത്തി, പദ്മാസനത്തിൽ തന്നെ കാൽമുട്ടുകളിൽ എഴുന്നേറ്റ് നിൽക്കുന്നു.

ശേഷം കൈമുട്ടുകളും ശരീരത്തിന്റെ മുൻഭാഗവും മാറ്റിലേക്ക് താഴ്ത്തി, വയറും നെഞ്ചും താടിയും നിലത്ത് മുട്ടിച്ചു കിടക്കുന്നു. അവസാന പടിയായി കൈകൾ പുറകിൽ കെട്ടി മുകളിലേക്ക് ഉയർത്തുന്നു.

ഗുപ്ത പദ്മാസനത്തിന്റെ പ്രധാന ഗുണങ്ങളായി ശിൽപ്പ ഷെട്ടി കുറിച്ചത് ഇവയാണ്:

  • ഇടുപ്പ്, പെൽവിസ്, മുട്ടുകൾ, ഉപ്പൂറ്റി എന്നിവയ്ക്ക് നല്ല സ്ട്രെച്ചിംഗും വഴക്കവും നൽകുന്നു.
  • പുറകിലേക്ക് കെട്ടുന്ന കൈകൾ തോളുകൾക്കും മണിബന്ധങ്ങൾക്കും ഊർജ്ജം നൽകുന്നു.
  • നെഞ്ചും തോളുകളും വികസിക്കാൻ സഹായിക്കുന്നു.
  • കൂനിക്കൂടിയുള്ള ഇരിപ്പ് മാറ്റി ശരിയായ രീതിയിൽ ശരീരത്തിന്റെ posture നിലനിർത്താൻ സഹായിക്കുന്നു.

എന്നാൽ ശരീരം ബലമായി വശത്താക്കി ഈ ആസനം ചെയ്യരുതെന്നും ഇടുപ്പ്, മുട്ട്, തോൾ, കഴുത്ത് എന്നിവിടങ്ങളിൽ വേദനയോ പരിക്കോ ഉള്ളവർ ഇത് ഒഴിവാക്കണമെന്നും ശിൽപ്പ മുന്നറിയിപ്പ് നൽകുന്നു.

പൂർണ്ണ പദ്മാസനം ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് ‘അർദ്ധ പദ്മാസനം’ (Half Lotus) ഉപയോഗിച്ച് ഇതിന്റെ ബദൽ രീതി ശ്രമിക്കാവുന്നതാണ്. ഈ രീതിയിൽ ഒരു കാൽ മാത്രം എതിർഭാഗത്തെ തുടയിൽ വെച്ച് നിവർന്നിരുന്ന് കൈകൾ മുട്ടുകളിൽ വിശ്രമിക്കാൻ അനുവദിക്കാം.