രാത്രി ഉറക്കത്തിനിടയിൽ എഴുന്നേറ്റ് മൂത്രമൊഴിക്കാൻ പോകുന്ന ശീലമുള്ളവരാണോ നിങ്ങൾ? ഇത്തരത്തിൽ തുടർച്ചയായി ഉറക്കം തടസ്സപ്പെടുന്നത് പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
രാത്രിയിൽ ഒന്നിലധികം തവണ മൂത്രമൊഴിക്കാനായി ഉണരുന്നത് ‘നോക്റ്റൂറിയ’ (Nocturia) എന്ന ആരോഗ്യാവസ്ഥയുടെ ലക്ഷണമാണ്. 50 വയസ്സിന് മുകളിലുള്ളവരിലാണ് ഇത് സാധാരണയായി കണ്ടുവരുന്നതെന്ന് സ്റ്റഡിഫൈൻഡ്സ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉറക്കത്തിൽ നിന്ന് പലതവണ എഴുന്നേൽക്കുന്ന അവസ്ഥയെയും പതിവ് രീതിയിലുണ്ടാകുന്ന മാറ്റങ്ങളെയും നോക്റ്റൂറിയയുടെ പരിധിയിലാണ് ഇന്റർനാഷണൽ കോണ്ടിനെൻസ് സൊസൈറ്റി ഉൾപ്പെടുത്തിയിരിക്കുന്നത്.
മൂത്രമൊഴിക്കാനുള്ള സാധാരണ തോന്നലിനെക്കുറിച്ച് ഓരോരുത്തർക്കും വ്യക്തമായ ധാരണയുണ്ടാകുമെന്ന് മിഷിഗണിലെ ഹെൻറി ഫോർഡ് ഹെൽത്തിലെ യൂറോളജിസ്റ്റ് ഡോ. അലി ദബാജ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു. എട്ട് മണിക്കൂർ ഉറക്കത്തിനിടയിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും ടോയ്ലെറ്റിൽ പോകാനായി ഉണരുന്നുണ്ടെങ്കിൽ അത് നോക്റ്റൂറിയ ആയി കണക്കാക്കാം. രാത്രിയിൽ ഒരു തവണ എഴുന്നേൽക്കുന്നത് സാധാരണമാണെങ്കിലും, ഇത് ആവർത്തിക്കുന്നത് മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
നോക്റ്റൂറിയ എന്നത് വെറുമൊരു മൂത്രാശയ പ്രശ്നം മാത്രമല്ലെന്ന് ഹവായിയിലെ ഒഹാന ലക്ഷ്വറി അഡിക്ഷൻ ട്രീറ്റ്മെന്റ് സെന്ററിലെ ഡോ. ജെഫ്രി ചെസ്റ്ററും അഭിപ്രായപ്പെടുന്നു. രാത്രിയിൽ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്ന രീതിയിൽ പെട്ടെന്നൊരു മാറ്റം വരികയോ അത് പതിവാകുകയോ ചെയ്താൽ നിർബന്ധമായും ഒരു ഡോക്ടറെ കാണേണ്ടതുണ്ടെന്ന് അദ്ദേഹം ഫോക്സ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, ശരീരത്തിൽ എത്തുന്ന മദ്യത്തിന്റെയും കഫീന്റെയും അളവ് കൂടുന്നതും, ചില മരുന്നുകളുടെ പാർശ്വഫലങ്ങളും ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




