കരീന കപൂറിനെക്കുറിച്ച് ഭർത്താവ് സെയ്ഫ് അലി ഖാൻ പങ്കുവെച്ച ഒരു രസകരമായ സ്വകാര്യ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. രാത്രി പത്തുമണി കഴിഞ്ഞാൽ കരീന ഉടൻ ഉറങ്ങാൻ പോകുന്നയാളാണ്. പത്തുമണി കഴിഞ്ഞാൽ പിന്നെ കരീനയെ ലഭിക്കില്ലെന്നും, ആ സമയത്തിന് ശേഷം അവർ ആരോടും സംസാരിക്കാറില്ലെന്നും സെയ്ഫ് വെളിപ്പെടുത്തി. എന്നാൽ ഭാര്യയുടെ ഈ പ്രത്യേക ശീലം തനിക്ക് മനസ്സിലാക്കിയെടുക്കാൻ രണ്ട് വർഷത്തോളം സമയമെടുത്തുവെന്നും സെയ്ഫ് പറയുന്നു.
തുടക്കത്തിലൊക്കെ കരീനയ്ക്ക് തന്നോട് എന്തെങ്കിലും പിണക്കമുള്ളതുകൊണ്ടാണോ ഇങ്ങനെ പെരുമാറുന്നതെന്നാണ് കരുതിയതെന്ന് സെയ്ഫ് പറയുന്നു. താൻ അറിയാതെ എന്തെങ്കിലും തെറ്റ് ചെയ്തോ, അതോ കരീനയ്ക്ക് ഇഷ്ടപ്പെടാത്ത എന്തെങ്കിലും സംഭവിച്ചോ എന്നൊക്കെ സംശയിച്ചു. പലതവണ സംസാരിക്കാൻ ശ്രമിച്ചപ്പോഴും ഒരു ‘ഹും’ എന്ന മൂളൽ മാത്രമായിരുന്നു മറുപടി. എന്നാൽ രാത്രി പത്തുമണി കഴിഞ്ഞാൽ അത് തന്റേത് മാത്രമായ സമയമാണെന്നായിരുന്നു (me time) കരീനയുടെ രസകരമായ മറുപടി. മനസ്സിന് വിശ്രമം നൽകാനും ശാന്തമായിരിക്കാനുമുള്ള സമയമാണതെന്നും, എന്നാൽ പകൽസമയത്ത് താൻ നേരെ തിരിച്ചാണെന്നും കരീന വ്യക്തമാക്കി. പകൽ നിർത്താതെ സംസാരിക്കുമെന്നും അന്നത്തെ എല്ലാ വിശേഷങ്ങളും സെയ്ഫിനോട് പങ്കുവയ്ക്കാറുണ്ടെന്നും കരീന പറഞ്ഞു. ‘കോഫി വിത്ത് കരൺ’ എന്ന പരിപാടിയിലായിരുന്നു ഇരുവരുടെയും ഈ തുറന്നുപറച്ചിൽ.
സിനിമാതാരങ്ങളുടെ സ്വകാര്യ ജീവിതവും വിശേഷങ്ങളും അറിയാൻ ആഗ്രഹിക്കുന്ന ആരാധകർ ഏറെ ആകാംക്ഷയോടെ കാണുന്ന ഷോയാണ് ‘കോഫി വിത്ത് കരൺ’. പരിപാടിയിൽ അതിഥികളായെത്തുന്ന താരങ്ങളുടെ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്. അത്തരത്തിൽ കരീന കപൂറും നടൻ സെയ്ഫ് അലി ഖാനും ഒരുമിച്ചെത്തിയ ഈ എപ്പിസോഡും വളരെ വേഗമാണ് വൈറലായി മാറിയത്.




