സൺറൈസേഴ്സ് ഹൈദരാബാദ് സിഇഒ കാവ്യ മാരനും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഈ ആഴ്ച ഗ്രീസിൽ വച്ച് വിവാഹിതരാകാൻ പോകുന്നു. തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ, സൂപ്പർസ്റ്റാർ രജനീകാന്ത് തുടങ്ങിയ പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കാനായി യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ വിമാനത്താവളത്തിൽ നിന്ന് പുറത്തുവരികയും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.
നവംബർ 10, 11 തീയതികളിലാണ് വിവാഹച്ചടങ്ങുകൾ നടക്കുന്നത് എന്നാണ് വിവരങ്ങൾ. സാന്റോറിനിക്ക് സമീപമാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. അതിഥികൾക്കായി വിമാനസൗകര്യം, താമസം, പ്രാദേശിക ഗതാഗതം എന്നിവ മാരൻ കുടുംബം തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്. അതിഥികളെ എത്തിക്കുന്നതിനായി നാല് സ്വകാര്യ വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രങ്ങളിൽ ഒന്നാണ് ഗ്രീക്ക്. മനോഹരമായ ദ്വീപുകൾ, ചരിത്രസ്മാരകങ്ങൾ, മികച്ച ഭക്ഷണവും വൈനും എന്നിവയെല്ലാം ഗ്രീസിനെ ഇതിനായി പ്രിയപ്പെട്ടതാക്കുന്നു. വർഷത്തിൽ 300 ദിവസത്തോളം തെളിഞ്ഞ കാലാവസ്ഥ ലഭിക്കുന്ന മെഡിറ്ററേനിയൻ അന്തരീക്ഷം ഔട്ട്ഡോർ വിവാഹങ്ങൾക്ക് അനുയോജ്യമാണ്. കടൽത്തീരങ്ങളിലെ മലനിരകളും ശാന്തമായ ഗ്രാമാന്തരീക്ഷവും മനോഹരമായ പശ്ചാത്തലമൊരുക്കുന്നു.
ഫോട്ടോഗ്രാഫർമാർക്കും പ്രിയപ്പെട്ട ഇടമാണ് ഗ്രീക്ക്. പുരാതന അവശിഷ്ടങ്ങൾ, വെള്ള പൂശിയ കെട്ടിടങ്ങൾ, ചരിത്രപരമായ നിർമ്മിതികൾ, സൂര്യാസ്തമയ സമയത്തെ മനോഹരമായ വെളിച്ചം എന്നിവ മികച്ച ഫോട്ടോകൾക്ക് അവസരമൊരുക്കുന്നു. ഗ്രീസിന്റെ മനോഹരമായ കടൽത്തീരങ്ങളും തെളിഞ്ഞ വെള്ളവും കാടുകളും മലനിരകളും തികച്ചും വ്യത്യസ്തമായ അനുഭവം നൽകുന്നു.
ഇന്ത്യയെപ്പോലെ തന്നെ അതിഥിസത്കാരത്തിന് പേരുകേട്ട രാജ്യമാണ് ഗ്രീക്ക്. അപരിചിതരോടുപോലും സ്നേഹത്തോടെ പെരുമാറുന്ന ‘ഫിലോക്സെനിയ’ (Philoxenia) എന്ന സംസ്കാരം ഇവിടുത്തുകാർ കാത്തുസൂക്ഷിക്കുന്നു. പ്രാദേശിക വിഭവങ്ങൾ, കടൽവിഭവങ്ങൾ, വെജിറ്റേറിയൻ വിഭവങ്ങൾ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന ഭക്ഷണരീതിയും അപൂർവ്വ ഇനം വൈനുകളും പാനീയങ്ങളും ഗ്രീക്ക് വിവാഹങ്ങളുടെ പ്രധാന ആകർഷണമാണ്. മനോഹരമായ പ്രകൃതിദൃശ്യങ്ങളും സാംസ്കാരിക സമ്പന്നതയും ഗ്രീസിനെ ഏറ്റവും മികച്ച വിവാഹ കേന്ദ്രമാക്കി മാറ്റുന്നു.




