Travel

നിങ്ങള്‍ സിംഗിളാണോ? പണം ചെലവാക്കാതെ ഫിൻലാൻഡിൽ പോയി പ്രണയിക്കാം; ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്തിന്റെ അപൂർവ ഓഫർ!

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായ ഫിൻലാൻഡ്, ലോകമെമ്പാടുമുള്ള സിംഗിൾസ് ആയ ആളുകൾക്കായി തികച്ചും സവിശേഷമായ ഒരു ‘ബ്ലൈൻഡ് ഡേറ്റ്’ അനുഭവം ഒരുക്കുന്നു. ഫിൻലാൻഡിന്റെ ഭക്ഷണ സംസ്കാരം പരിചയപ്പെടുത്താനും ഒരുപക്ഷേ പുതിയ പ്രണയം കണ്ടെത്താനുമായി രാജ്യത്തിന്റെ ടൂറിസം ബോർഡായ ‘വിസിറ്റ് ഫിൻലാൻഡ്’ ആണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

ഈ ക്യാമ്പയിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന 16 പേർക്ക് ഫിൻലാൻഡിലേക്ക് പൂർണ്ണമായും സൗജന്യമായ യാത്രയാണ് ലഭിക്കുക. “ഫിന്നിഷ് ഡിന്നർ ഡേറ്റ്” എന്ന് പേരിട്ടിരിക്കുന്ന ഈ യാത്ര 2027 ഫെബ്രുവരി 9 മുതൽ 19 വരെയാണ് നടക്കുക. പ്രമുഖ ഷെഫുമാർ തയ്യാറാക്കുന്ന കാട്ടു മീനുകൾ, ബെറികൾ, കൂണുകൾ എന്നിവ അടങ്ങിയ പരമ്പരാഗത വിഭവങ്ങൾ രുചിച്ചറിയാൻ പങ്കാളികൾക്ക് അവസരം ലഭിക്കും. ഹെൽസിങ്കി, തമ്പെരെ എന്നീ നഗരങ്ങളിൽ വെച്ച് ഫിൻലാൻഡിലെ സിംഗിൾസുമായി ഗ്രൂപ്പ് ഡിന്നർ ഡേറ്റുകളിൽ പങ്കെടുക്കുക എന്നതാണ് ഈ യാത്രയുടെ പ്രധാന ആകർഷണം.

ഫിൻലാൻഡിലെ സൂപ്പർമാർക്കറ്റുകളിൽ പ്രചാരത്തിലുള്ള ‘സിങ്ക്യുകോറി’ (sinkkukോറി) അല്ലെങ്കിൽ ‘സിംഗിൾ ബാസ്കറ്റ്’ എന്ന ഡേറ്റിംഗ് രീതിയിൽ നിന്നാണ് ഈ ആശയത്തിന്റെ തുടക്കം. പിങ്ക് നിറത്തിലുള്ള ഷോപ്പിംഗ് ബാസ്കറ്റുകൾ ഉപയോഗിച്ച് തങ്ങൾ സിംഗിൾ ആണെന്ന് വ്യക്തമാക്കുന്ന ര രീതിയാണിത്. ഫിന്നിഷ് ഭക്ഷണരീതി യൂറോപ്പിൽ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒന്നാണെന്നും, ഈ യാത്രയിലൂടെ ആളുകൾക്ക് ഫിന്നിഷ് ഭക്ഷണത്തോടൊ അല്ലെങ്കിൽ ഫിൻലാൻഡ് എന്ന രാജ്യത്തോടൊ പ്രണയം തോന്നാമെന്നും സംഘാടകർ പറയുന്നു.

അപേക്ഷിക്കേണ്ട വിധം: ഫിൻലാൻഡിൽ സ്ഥിരതാമസക്കാരല്ലാത്ത 18 വയസ്സിന് മുകളിലുള്ള സിംഗിൾസ് ആയ ആർക്കും ഇതിലേക്ക് അപേക്ഷിക്കാം. 2026 നവംബർ 10-നകം വ്യക്തിഗതമായി വേണം അപേക്ഷിക്കാൻ. “ഒരു ഡിന്നർ ഡേറ്റിൽ നിങ്ങൾ എന്താണ് വിളമ്പുക, എന്തുകൊണ്ട്?” എന്ന ചോദ്യത്തിന് മറുപടിയായി ഇംഗ്ലീഷിൽ ഒരു ചെറിയ വീഡിയോ ചിത്രീകരിക്കണം. ഈ വീഡിയോ #FinnishDinnerDate എന്ന ഹാഷ്‌ടാഗോടെ വിസിറ്റ് ഫിൻലാൻഡിനെ ടാഗ് ചെയ്ത് ഇൻസ്റ്റാഗ്രാം, ടിക് ടോക് അല്ലെങ്കിൽ യൂട്യൂബ് തുടങ്ങിയ പൊതു സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യുകയാണ് വേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്നവരുടെ വിവരങ്ങൾ 2026 ഡിസംബർ 1-ന് പ്രഖ്യാപിക്കും. പങ്കാളികളുടെ യാത്രാച്ചെലവ്, താമസം, ഭക്ഷണം എന്നിവയെല്ലാം ടൂറിസം ബോർഡ് സൗജന്യമായി നൽകും.